മദീന - മസ്ജിദുല്‍ ഹറാമിനു പിന്നാലെ മസ്ജിദുന്നബവിയിലും ശുചീകരണ ജോലികള്‍ക്ക് സ്മാര്‍ട്ട് റോബോട്ട് ഏര്‍പ്പെടുത്തി. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് റോബോട്ട് ഉദ്ഘാടനം ചെയ്തു.
മനുഷ്യ ഇടപെടല്‍ കൂടാതെ തുടര്‍ച്ചയായി നാലു മണിക്കൂര്‍ നിലം കഴുകാനും അണുവിമുക്തമാക്കാനും റോബോട്ടിന് സാധിക്കും. ആളുകളുമായും നിലത്തുള്ള തടസ്സങ്ങളുമായും കൂട്ടിയിടിക്കുന്നത് തടയാനും ചെറുതും വലുതമായ വസ്തുക്കള്‍ റീഡ് ചെയ്യാനുള്ള സംവിധാനവുമുണ്ട്.
300 കിലോ ഭാരമുള്ള സ്മാര്‍ട്ട് റോബോട്ടില്‍ ശുദ്ധജലം സൂക്ഷിക്കുന്നതിന് 68 ലിറ്റര്‍ ശേഷിയുള്ളതാണ് ടാങ്ക്. മണിക്കൂറില്‍ 2,045 ചതുരശ്രമീറ്റര്‍ സ്ഥലം ശുദ്ധീകരിക്കാനും അണുവിമുക്തമാക്കാനും സാധിക്കും. മണിക്കൂറില്‍ അഞ്ചു കിലോമീറ്റര്‍ വരെയാണ് ഇതിന്റെ വേഗം. വൈദ്യുതി ലാഭിക്കുന്ന അതിവേഗ ചാര്‍ജിംഗ് സംവിധാനം മറ്റൊരു പ്രത്യേകതയാണ്. സെന്‍സറുകളെ പോലെ പ്രവര്‍ത്തിക്കുന്ന എട്ടു ക്യാമറകളാണ് റോബോട്ടിലുള്ളത്.
ശുചീകരണ ജോലികള്‍ക്കുള്ള സ്മാര്‍ട്ട് റോബോട്ട് കഴിഞ്ഞയാഴ്ച വിശുദ്ധ ഹറമില്‍ ഉദ്ഘാടനം ചെയ്തിരുന്നു.