Sorry, you need to enable JavaScript to visit this website.

കൗമാരക്കാരെ ചേർത്തു നിർത്താൻ ചങ്ക് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

കോഴിക്കോട്- കൗമാരക്കാരെ ചേർത്തു നിർത്താൻ ചങ്ക് പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് രംഗത്ത്. ശിശുദിനം മുതൽ പദ്ധതിക്ക് തുടക്കമാകും. ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി ക്ലാസുകളിലെ കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും കൗമാര പ്രശ്‌നങ്ങൾ, ആരോഗ്യ വിദ്യാഭ്യാസം, സൈബർ സുരക്ഷ എന്നിവയെപ്പറ്റി ബോധവൽക്കരിക്കാനും ഇതുവഴി കൗമാരക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡ്യൂ കെയർ പദ്ധതിയുടെ ഭാഗമായാണ് ചങ്ക് (CHANK - campaign for Healthy Adolescence Nurturing,Kozhikode) എന്ന പേരിൽ വിപുലമായ മുഖാമുഖ പരിശീലന പരിപാടിയൊരുക്കുന്നത്. നവംബർ 14 ന് ശിശുദിനത്തോടനുബന്ധിച്ച് പദ്ധതിക്ക് ഔപചാരിക തുടക്കമിടും. എയ്ഡഡ് സ്ഥാപനങ്ങൾ ഉൾപ്പെടെ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 114 സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഡോക്ടർമാർ, കൗൺസിലർമാർ, മനശ്ശാസ്ത്ര വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ ഒരോ വിദ്യാലയത്തിലും നവംബർ 14 മുതൽ ജനുവരി 31 വരെ നീണ്ടുനിൽക്കുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. കൗമാര പ്രായക്കാരായ കുട്ടികളുടെ പെരുമാറ്റ പ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിനും പരിഹാര മാർഗങ്ങൾ നടപ്പിലാക്കുന്നതിനും രക്ഷിതാക്കളെയും കുട്ടികളെയും പ്രാപ്തരാക്കുക, സുരക്ഷിത കൗമാരത്തിനാവശ്യമായ നൈപുണികൾ സ്വായത്തമാക്കുന്നതിന് സഹായിക്കുക, കൗമാര ആരോഗ്യം, ഭക്ഷണ ശീലങ്ങൾ, ദിനചര്യ, വ്യായാമം തുടങ്ങിയ ആരോഗ്യ ശീലങ്ങൾ പ്രയോഗികമായി പ്രയോജനപ്പെടുത്തുന്നതിനു സാധ്യമാക്കുക, ഓൺലൈൻ വിദ്യാഭ്യാസം ഓഫ്ലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ കുട്ടികളെയും രക്ഷിതാക്കളെയും പ്രാപ്തരാക്കുക, കുട്ടികളുടെ പരീക്ഷയും പഠനവും അത് സംബന്ധിച്ച ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഹരിക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി പിന്തുണയ്ക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ. അധ്യയനവും അധ്യാപനവും ഓൺലൈനിൽ മാത്രമായപ്പോൾ സൗഹൃദവും സ്വാതന്ത്ര്യവും വീടുകളിലേക്ക് ഒതുക്കേണ്ടി വന്ന കൗമാര പ്രായക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും ഇത്തരം പിരിമുറുക്കങ്ങൾ സൃഷ്ടിച്ച മുറിവുകളും പ്രത്യേക കരുതലോടെ പരിഗണിക്കുകയാണ് ലക്ഷ്യം. കൗമാര വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ തയാറാക്കിയ നാല് മൊഡ്യൂളുകളാണ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും പങ്കുവെക്കുക. പരിശീലനത്തിന് നേതൃത്വം നൽകുന്നതിനായി റിസോഴ്‌സ് പേഴ്‌സൺമാരെ തെരഞ്ഞെടുത്തു കഴിഞ്ഞു. നവംബർ 10, 11 തീയതികളിൽ ഇവർക്ക് പ്രത്യേക പരിശീലനം നൽകും. ക്ലാസുകൾക്ക് പുറമെ കുട്ടികൾക്ക് അവരുടെ പ്രശ്‌നങ്ങൾ മെന്റർമാരുമായി പങ്കുവെക്കുന്നതിനായി ഓൺലൈൻ, സാമൂഹ്യ മാധ്യമ സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ട്. പരിശീലന മൊഡ്യൂൾ തയാറാക്കുന്നതിനുള്ള ആദ്യ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൻ എൻ.എം.വിമല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. എഡ്യു കെയർ കോർഡിനേറ്റർ അബ്ദുന്നാസർ യു.കെ, ഡോ.രാഹുൽ, ഡോ.സുജീറ, ചൈൽഡ് ലൈൻ കോർഡിനേറ്റർ അഫ്‌സൽ എന്നിവർ നേതൃത്വം നൽകി. വിവിധ സ്‌കൂളുകളിലെ കൗൺസിലർമാർ പരിപാടിയിൽ പങ്കെടുത്തു.

Latest News