കോട്ടയം- രാജ്യസഭയിലേക്ക് ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്ന പൊതുവികാരത്തിലേക്ക് കേരള കോൺഗ്രസ് എം നീങ്ങുന്നു. ഈ മാസം 29 ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇക്കാര്യത്തിലുള്ള പാർട്ടിയിലെ ആശയവിനിമയം സജീവമായത്. ജോസ് കെ. മാണിയോ സ്റ്റീഫൻ ജോർജോ എന്നതായിരുന്നു ആദ്യ നാളുകളിലെ ഫോർമുല. പക്ഷേ പാർട്ടി ചെയർമാൻ എന്ന വിലാസം മാത്രം പോര സർക്കാരിലെ പദവികൂടി വേണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തിപ്പെട്ടുവരികയാണ്. പാർട്ടി ചെയർമാൻ എന്ന പദവി മതി തൽക്കാലം എന്ന നിലപാടിലാണ് ജോസ് കെ. മാണിയെങ്കിലും നേതാക്കൾക്കിടിയിൽ ജോമോൻ എം.പിയാകണമെന്ന വാദത്തിന് കരുത്താർജിക്കുന്നു.
കേരള കോൺഗ്രസിലെ ലീഡറെ നിശ്ചയിക്കുന്നത് പലപ്പോഴും അധികാരസ്ഥാനത്തിന്റെ ഔന്നിത്യം കൂടി നോക്കിയാണ്. കെ.എം. മാണി പാർട്ടിയിലും സർക്കാരിലും ഏറ്റവും ഉയർന്ന പദവികൾ വഹിച്ചു. ആർ. ബാലകൃഷ്ണപിള്ളയും, ടി.എം. ജേക്കബും, പി.ജെ. ജോസഫും എല്ലാം പാർട്ടിയിലും ഭരണത്തിലും മുൻനിരയിലുണ്ടായിരുന്നു. കേരള കോൺഗ്രസ് പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊ
ണ്ടുപോകുന്നതിൽ അധികാരം വലിയ ഘടകമാണെന്നാണു ചരിത്രം. ഇടതു സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജോസ് കെ. മാണി സുപ്രധാന പദവിയിലുണ്ടാകുമെന്നാണ് കരുതിയതെങ്കിലും പാലായിലെ പരാജയത്തോടെ സാധ്യത ഇല്ലാതായി.
കാബിനറ്റ് റാങ്കുള്ള പദവി ജോസ് കെ. മാണിക്ക് നൽകുമെന്ന് സി.പി.എം കേന്ദ്രങ്ങൾ തുടക്കത്തിൽ അടക്കം പറഞ്ഞുവെങ്കിലും ഭരണ ചക്രം തിരിഞ്ഞതോടെ അത് തൽക്കാലത്തേക്ക് മരവിപ്പിച്ചു. പക്ഷേ പാർട്ടി ഘടന പരിഷ്‌കരിക്കുന്നതിനും സജീവമാക്കുന്നതിനുമുള്ള പദ്ധതികളിലേക്ക് ജോസ് കെ. മാണി പൂർണമായും മാറി. ഇതിൽ വിജയിക്കുകയും ചെയ്തു. കാബിനറ്റ് അധികാരമില്ലാതിരുന്നിട്ടും അപസ്വരമില്ലാതെ പാർട്ടി സംവിധാനത്തെ നിയന്ത്രിച്ചു കൊണ്ടുപോകുന്നതിനും കഴിഞ്ഞു.
അതിനിടയിലാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് കടന്നുവന്നത്. ജോസ് കെ. മാണി രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. തൽക്കാലം ജോസ് ഈ പദവി സ്വീകരിക്കട്ടെ എന്ന നിലപാടിലാണ് സി.പി.എം എന്നാണ് അറിയുന്നത്. പാർലമെന്ററി രംഗത്തുള്ള ജോസിന്റെ അനുഭവം മുന്നണിക്ക് ഗുണകരമാകുമെന്ന അഭിപ്രായമാണ് പൊതുവേ ഉള്ളത്.
കേരള കോൺഗ്രസിൽ മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് എൻ. ജയരാജും മറ്റ് എം.എൽ.എമാരും ജോസ് കെ. മാണി ഭരണഘടനപരമായ പദവിയിലെത്തണമെന്ന് വാദിക്കുന്നവരാണ്.
ഔദ്യോഗിക ചടങ്ങുകളിൽ പ്രോട്ടോക്കോൾ അനുസരിച്ചുള്ള സ്ഥാനം ലഭിക്കുന്നതിനും കൂടുതൽ പങ്കാളിത്തം ലഭിക്കുന്നതിനും ഇത് കൂടിയേ കഴിയൂ എന്നാണ് ഇവരുടെ അഭിപ്രായം. പാലായിൽ മാണി സി. കാപ്പനെ നേരിടുന്നതിനും ജനകീയ അടിത്തറ വിപുലമാക്കുന്നതിനും എം.പി എന്ന രീതിയുള്ള പദവി അനിവാര്യമാണെന്നാണ് ഇവരുടെ പക്ഷം. രണ്ടര വർഷം മാത്രമേ കാലാവധിയുള്ളൂ എന്നതിനാൽ അതിനുശേഷം വീണ്ടും നിയമസഭയിലേക്കു ജനവിധി തേടാനാവും എന്നും ചൂണ്ടികാട്ടുന്നു.
പാർട്ടിയുടെ ഉന്നതാധികാര സമിതിയിലാണ് തീരുമാനം എടുക്കുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇടതുമുന്നണിയുമായുള്ള ചർച്ചയ്ക്കു ശേഷമേ ഉണ്ടാകൂ എന്നാണ് അറിയുന്നത്.