റിയാദ് - കിഴക്കന്‍ റിയാദില്‍ മൊബൈല്‍ ഫോണ്‍ കടകള്‍ പ്രവര്‍ത്തിക്കുന്ന സൂഖില്‍ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖ നടത്തിയ പരിശോധനയില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകരായ 28 വിദേശികള്‍ പിടിയിലായി.
തൊഴില്‍ നിയമങ്ങളും സൗദിവല്‍ക്കരണ തീരുമാനങ്ങളും മറ്റും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി നടത്തിയ പരിശോധനയില്‍ റിയാദ് ഗവര്‍ണറേറ്റിനു കീഴില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സൗദിവല്‍ക്കരണ കമ്മിറ്റിയും പങ്കെടുത്തു.
സൗദിവല്‍ക്കരിച്ച തൊഴിലുകളില്‍ സ്‌പോണ്‍സര്‍മാര്‍ക്കു കീഴിലല്ലാതെ സ്വന്തം നിലക്ക് ജോലി ചെയ്യല്‍, വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്യല്‍, വിസിറ്റ് വിസയില്‍ രാജ്യത്ത് പ്രവേശിച്ച് ജോലി ചെയ്യല്‍, സ്‌പോണ്‍സര്‍ മാറി ജോലി ചെയ്യല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്കാണ് വിദേശികള്‍ പിടിയിലായത്.
ശിക്ഷാ നടപടികള്‍ സ്വീകരിച്ച് സൗദിയില്‍ നിന്ന് നാടുകടത്തുന്നതിന് ഇവരെ പിന്നീട് സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറി. സൗദിവല്‍ക്കരണ തീരുമാനങ്ങളും തൊഴില്‍ നിയമവും പാലിക്കാത്തതുമായി ബന്ധപ്പെട്ട പത്തു നിയമ ലംഘനങ്ങള്‍ മൊബൈല്‍ ഫോണ്‍ കടകളുടെ ഭാഗത്തും കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായും റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖ പറഞ്ഞു.