റിയാദ് - രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറു മാസം പിന്നിട്ടവര്‍ എത്രയും വേഗം ബൂസ്റ്ററായി മൂന്നാം ഡോസ് സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
സാമൂഹിക പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നത്.
അതിനിടെ, മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമല്ലാതാക്കിയ തുറസ്സായ സ്ഥലങ്ങളെ കുറിച്ച് മന്ത്രാലയം കൂടുതല്‍ വിശദീകരണം നല്‍കി.
ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തു നിന്നുള്ള പ്രവേശന നിയന്ത്രണങ്ങളും ക്രമീകരണങ്ങളുമില്ലാതെ, എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന പാര്‍ക്കുകളും ഫുട്പാത്തുകളും പോലെ അതിര്‍ത്തികളാല്‍ വലയം ചെയ്യപ്പെടാത്തതും മുകള്‍ ഭാഗം അടക്കാത്തതുമായ സ്ഥലങ്ങളാണ് തുറസ്സായ സ്ഥലങ്ങള്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങളും ഒരേസമയം അഞ്ഞൂറും അതില്‍ കൂടുതലും പേര്‍ക്ക് പ്രവേശനം നല്‍കുന്ന, വലിയ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളും തുറസ്സായ സ്ഥലങ്ങളില്‍ പെടില്ല. ഇവിടങ്ങളിലും പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്.
പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ ഇവിടങ്ങളില്‍ എത്തുന്നവരുടെ ആരോഗ്യ നില തവക്കല്‍നാ ആപ്പ് വഴി പരിശോധിച്ച് ഉറപ്പുവരുത്തല്‍ അനിവാര്യവുമാണ്.
മസ്ജിദുകള്‍, സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റുകള്‍, കന്നുകാലി ചന്തകള്‍, മത്സ്യമാര്‍ക്കറ്റുകള്‍, കശാപ്പുശാലകള്‍ പോലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്താത്ത സ്ഥലങ്ങളില്‍ തുടര്‍ന്നും മാസ്‌കുകള്‍ ധരിക്കുകയും സാമൂഹിക അകലവും മറ്റു മുന്‍കരുതല്‍ നടപടികളും പാലിക്കുകയും വേണം.
കാര്‍ വര്‍ക്ക്‌ഷോപ്പുകള്‍, ഇലക്ട്രിക് കടകള്‍, പ്ലംബിംഗ് കടകള്‍, മരഉരുപ്പടികള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ പോലുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍, വാണിജ്യ കേന്ദ്രങ്ങളിലെ തുറസ്സായ നടവഴികള്‍, മുറ്റങ്ങള്‍ പോലെയുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും അടക്കം ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്താത്ത സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും തുടര്‍ന്നും മാസ്‌കുകള്‍ ധരിക്കലും സാമൂഹിക അകലം പാലിക്കലും മറ്റു മുന്‍കരുതല്‍ നടപടികള്‍ പാലിക്കലും നിര്‍ബന്ധമാണെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
മാസ്‌കുകള്‍ ധരിക്കല്‍ നിര്‍ബന്ധമല്ലാത്ത പൊതുസ്ഥലങ്ങളും ഇവിടങ്ങളില്‍ പാലിക്കേണ്ട ആരോഗ്യ വ്യവസ്ഥകളും നിര്‍വചിക്കണമെന്ന് ആരോഗ്യ വകുപ്പുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നതെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.