നേരത്തെ സ്വദേശിവൽക്കരണം പ്രഖ്യാപിച്ചിരുന്ന മേഖലകളിൽനിന്ന് പ്രൊഫഷൻ മാറ്റി പലരും അഭയം കണ്ടെത്തിയിരുന്ന രംഗങ്ങളിലേക്കു കൂടിയാണ് ഇപ്പോൾ സ്വദേശിവൽക്കരണം കടന്നു വന്നിട്ടുള്ളത്. ഇവിടെ നിന്ന് ഏതു രംഗത്തേക്ക് മാറുമെന്ന ചിന്തയിലാണ് പലരും. ഇപ്പോഴാകാട്ടെ മാറ്റം എളുപ്പവുമല്ല.
പ്രവാസം പലർക്കും ആശ്വാസമായിരുന്നു. ജീവിത മാർഗം തേടി നാടും കടലും താണ്ടി മരുഭൂമിയുടെ തീരത്തണഞ്ഞ് ആശ്വാസം കണ്ടിരുന്നവർ ലക്ഷങ്ങളായിരുന്നു. വിദ്യാഭ്യാസമോ, ജോലി പരിചയമോ ഒന്നുമില്ലാതിരുന്നവർ പോലും കൈമുതലായി ഒരു പാസ്‌പോർട്ട് മാത്രം കൈയിൽ കരുതി മരുഭൂ നാടുകളിൽ എത്തിപ്പെട്ട് ജീവിതം കരുപ്പിടിപ്പിച്ചിരുന്നു. പാസ്‌പോർട്ട് പോലും കൈവശമില്ലാതെ ലോഞ്ചുകളിൽ കയറി അതിസാഹസികമായി വെറും കൈയോടെ എത്തിപ്പെട്ടവരും നിരവധി. അതെല്ലാം പഴങ്കഥ. അതിനു ശേഷം വിദ്യാഭ്യാസവും കർമശേഷിയുമൊക്കെയായി വരുന്നവരുടെ നിരയായിരുന്നു. ചെറിയ ജോലികളിൽ തുടങ്ങി ഉന്നത തസ്തികകളിലും വ്യാപാര, വാണിജ്യ രംഗത്തും എത്തിപ്പെട്ടവർ എണ്ണമറ്റതായിരുന്നു. ഇന്നിപ്പോൾ അവരുടെയെല്ലാം കൊഴിഞ്ഞുപോക്കിനാണ് ഗൾഫ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഗൾഫ് നാടുകളെല്ലാം സ്വദേശിവൽക്കരണം ശക്തിപ്പെടുത്തിയതോടെ ഇങ്ങോട്ടു വരുന്നവരേക്കാൾ അധികം തൊഴിൽ നഷ്ടപ്പെട്ട് നാടണയുന്നവരാണ് കൂടുതൽ. ഇങ്ങനെ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു തിരിക്കുന്നവരുടെ കണക്കെടുത്താൽ ഗൾഫ് നാടുകളിൽ കൂടുതൽ സൗദിയിൽ നിന്നായിരിക്കാം. കാരണം ഗൾഫ് നാടുകളിൽ കൂടുതൽ പേർ ജോലി ചെയ്യുന്ന പ്രദേശമെന്ന നിലയിലും സ്വദേശിവൽക്കരണം അതിശക്തമായി നടപ്പാക്കുന്ന രാജ്യമെന്ന നിലയിലും സൗദിയിൽനിന്ന് ജോലിയില്ലാതെ നാട്ടിലേക്കു മടങ്ങുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ഓരോ മേഖലയും സ്വദേശിവൽക്കരിക്കപ്പെട്ടപ്പോൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പ്രൊഫഷൻ മാറ്റിയും സ്‌പോൺസർഷിപ് മാറ്റിയും സ്വദേശികളുടെ സഹകരണത്തോടെ തന്നെ സ്വന്തമായി ഇടപാടുകൾ നടത്തിയുമെല്ലാമാണ് പലരും പിടിച്ചുനിന്നിരുന്നത്.
സ്വദേശിവൽക്കരണം ചില മേഖലകളിൽനിന്നു തുടങ്ങി ഇന്നിപ്പോൾ സർവ മേഖലകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. താഴെ തട്ടു മുതൽ മേൽതട്ടു വരെ ഇതിൽ പെടും. സ്വദേശികളുടെ കുറവുകൊണ്ട് നേരത്തെ പല മേഖലകളെയും സ്വദേശിവൽക്കരണത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇന്ന് ഏതു മേഖലകളിലും ഊർജസ്വലരായ സ്വദേശി യുവതീയുവാക്കൾ ലഭ്യമാണെന്നതിനാൽ സ്വദേശിവൽക്കരണ വ്യാപനം ശക്തമാണ്. ബിനാമി ഇടപാടുകൾക്ക് കൂച്ചു വിലങ്ങിടാൻ അതിശക്തമായ നടപടികളും ആരംഭിച്ചതോടെ സ്വന്തമായി സ്ഥാപനങ്ങൾ നടത്തി മുന്നോട്ടു പോയിരുന്നവർക്കും നിൽക്കക്കള്ളിയില്ലാതായി. ഏതു സ്ഥാപനമായാലും സ്വദേശി പ്രാതിനിധ്യം ഉറപ്പാക്കിയും സാമ്പത്തിക ഇടപാടുകൾ ബാങ്കുകൾ വഴി നടത്തിയും ഉടമസ്ഥാവകാശം നിയമാനുസൃതമാക്കിയും മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. ഇതോടൊപ്പം ലെവി അടക്കമുള്ള ചെലവുകളും മറ്റും വർധിച്ചതോടെ പലർക്കും സ്ഥാപന നടത്തിപ്പ് കയ്‌പേറിയ അനുഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തൊഴിൽ രംഗത്തെ സാധ്യതകളും അനുദിനം മങ്ങുകയാണ്. അവസാനമായി സ്വദേശിവൽക്കരണം പ്രഖ്യാപിച്ച 21 മേഖലകൾ പ്രവാസികളെ സംബന്ധിച്ചിടത്തോളം വൻ തിരിച്ചടിയാണ്. നിതാഖാത്തിന് തുടക്കമിട്ട് ആഭരണ, പച്ചക്കറി മേഖലകളും മൊബൈൽ ഫോൺ, ചെറുകിട വ്യാപാര സ്ഥാപനങ്ങളും മാളുകളും പിന്നിട്ട് ആരോഗ്യ രംഗവും കടന്ന് എൻജിനീയറിംഗ് ഉൾപ്പെടെ സാങ്കേതികവും മാർക്കറ്റിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് തലങ്ങളും വരെ ചെന്നെത്തി നിൽക്കുന്ന സ്വദേശിവൽക്കരണത്തിന്റെ പരിധിയിൽ വരാത്ത തൊഴിലുകൾ ഇനി വളരെ ചുരുക്കം മാത്രം. ഈ മേഖലകളിലെല്ലാം ഇപ്പോഴും വിദേശി സാന്നിധ്യം കാണാമെങ്കിലും പരിപൂർണമായും ഒഴിവാക്കപ്പെട്ട മേഖലകളും വിരളമല്ല.
ആറു മാസത്തെ കാലാവധി നൽകി അവസാനമായി പ്രഖ്യാപിച്ച മാർക്കറ്റിംഗ് അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളടക്കമുള്ള 21 പ്രൊഫഷണലുകളിൽ ചിലതിൽ നൂറു ശതമാനവും സ്വദേശികൾക്കായി നീക്കവെച്ചവയുമുണ്ട്. നേരത്തെ സ്വദേശിവൽക്കരണം പ്രഖ്യാപിച്ചിരുന്ന മേഖലകളിൽനിന്ന് പ്രൊഫഷൻ മാറ്റി പലരും അഭയം കണ്ടെത്തിയരുന്ന രംഗങ്ങളിലേക്കു കൂടിയാണ് ഇപ്പോൾ സ്വദേശിവൽക്കരണം കടന്നു വന്നിട്ടുള്ളത്. ഇവിടെ നിന്ന് ഏതു രംഗത്തേക്ക് മാറുമെന്ന ചിന്തയിലാണ് പലരും. ഇപ്പോഴാകാട്ടെ, മാറ്റം എളുപ്പവുമല്ല. തെരഞ്ഞെടുക്കുന്ന രംഗത്ത് തൊഴിൽ പ്രാവീണ്യം ഉണ്ടെന്ന് തെളിയിക്കുന്ന അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണമെന്നു മാത്രമല്ല, സൗദി മാനദണ്ഡങ്ങൾക്കനുസൃതമായ നൈപുണ്യ യോഗ്യതാ നിർണയ പരീക്ഷ പാസാവുകയും വേണം. എങ്കിൽ മാത്രമേ ഏതു രംഗത്തും തൊഴിലിൽ തുടരാൻ സാധിക്കുകയുള്ളൂ.
മാത്രമല്ല, ജോലി ചെയ്യുന്ന സ്ഥാപനം സ്വദേശിവൽക്കരണ തോത് പ്രാവർത്തികമാക്കിയവയുമായിരിക്കണം. എന്നാലാണ് തൊഴിൽ മാറ്റവും ജോലി ചെയ്യുന്നതിനുള്ള അനുമതി പത്രവുമെല്ലാം ലഭിക്കുക. വ്യാപാര, വാണിജ്യ രംഗത്തെ സ്വദേശിവൽക്കരണം വൻ വിജയമായി മാറിയതോടെ എൻജിനീയറിംഗ്, ടെക്‌നിഷ്യൻ, ഫാർമസി, അക്കൗണ്ടിംഗ് മേഖലകളിലേക്കും സൗദിവൽക്കരണം നടപ്പാക്കി വിജയിപ്പിച്ച ശേഷമാണ് മാർക്കറ്റിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളിലേക്കു കടന്നിട്ടുള്ളത്. 2022 മെയ് എട്ടിന് നിലവിൽ വരുന്ന പദ്ധതിയിലൂടെ 32,000 സ്വദേശികൾക്ക് തൊഴിലവസരമുണ്ടാക്കാനാണ് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. 5000-5500 ൽ കുറയാത്ത ശമ്പളവും തർജമ, സെക്രട്ടറി, സ്റ്റോർ കീപ്പർ, ഡാറ്റാ എൻട്രി തസ്തികകളിൽ നൂറ് ശതമാനവും സ്വദേശികളായിരിക്കണമെന്നും നിബന്ധനയുണ്ട്.
മാർക്കറ്റിംഗ് മേഖലകളിൽ നാലോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങളെ സ്വദേശിവൽക്കരണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നതു മാത്രമാണ് തെല്ല് ആശ്വാസം. പക്ഷേ, മാർക്കറ്റിംഗ് നിർവചന മേഖലകളിൽ വരുന്ന തസ്തികകൾ ഏറെയാണ്. ഇൻഫർമേഷൻ, ഫോട്ടോഗ്രഫി, പരസ്യം, മാർക്കറ്റിംഗ് റിസർച്ച്, പബ്ലിക് റിലേഷൻ തുടങ്ങി നിരവധിയുണ്ട്. ഈ രംഗങ്ങളിൽ വിദേശികൾ, പ്രത്യേകിച്ച് മലയാളി സാന്നിധ്യം വളരെ കൂടുതലാണ്. അതുകൊണ്ട് കേരളത്തിന് ഇതുകൊണ്ടുണ്ടാവുക ഭീമമായ നഷ്ടമാണ്. നിരവധി പേർ വീണ്ടും നാട്ടിലേക്കു മടങ്ങിയെത്തും. അടുത്തു വരാനിരിക്കുന്നത് വിദ്യാഭ്യാസരംഗമാണ്. സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ സമഗ്ര സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതി വിവിധ വകുപ്പുകൾ ചേർന്ന് തയാറാക്കി വരികയാണ്. ഇതും മലയാളികൾക്ക് ഏറെ ദുരനുഭവങ്ങളാവും സമ്മാനിക്കുക. കാരണം വിദ്യാഭ്യാസ മേഖലകളിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനം കാഴിചവെക്കുന്ന വിഭാഗമാണ് മലയാളികൾ. ഒന്നിനു പിറകെ ഒന്നൊന്നായി തൊഴിൽ മേഖലയിൽനിന്ന് പഴയ തലമുറ തിരസ്‌കരിക്കപ്പെടുമ്പോൾ പുതുതായി ഉണ്ടാകാനുള്ള സാധ്യതകൾ ചൂഷണം ചെയ്യാൻ പുതിയ തലമുറയെ അതിനനുസരിച്ച് വാർത്തെടുക്കുക മാത്രമാണ് പരിഹാരം.