അബുദാബി- യു.എ.ഇ തലസ്ഥാനത്ത് നിര്‍മിക്കുന്ന ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് സാക്ഷ്യം വഹിക്കും. ക്ഷേത്രത്തിന്റെ മാതൃക പ്രധാനമന്ത്രി മോഡിക്കും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍ കൈമാറി. ദുബായ്-അബുദാബി ഹൈവേയില്‍ അബു മുറൈഖയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന് പൂര്‍ണമായും ശിലകളാണ് ഉപയോഗിക്കുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. മധ്യപൗരസ്ത്യ ദേശത്ത് പരമ്പരാഗത രീതിയിലുള്ള ആദ്യത്തെ ക്ഷേത്രമായിരിക്കും ഇത്.
ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ പ്രതീകമായിരിക്കും ക്ഷേത്രമെന്നു ബോചസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ഥയിലെ (ബാപ്‌സ്) സ്വാമി ബ്രഹ്മവിഹാരി പറഞ്ഞു.
അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മഹാമനസ്‌കതയാണ് ക്ഷേത്രം യാഥാര്‍ഥ്യമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് തുടര്‍നടപടികള്‍ വേഗത്തിലാക്കിയത്. സന്യാസി പ്രമുഖരെ ക്ഷണിച്ചുവരുത്തുകയും ചുമതലയേല്‍പിക്കുകയും ചെയ്തു. പൂര്‍ണമായും ശിലകള്‍കൊണ്ടു നിര്‍മിക്കുന്ന ക്ഷേത്രം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. സ്‌നേഹവും സഹിഷ്ണുതയും മതസൗഹാര്‍ദവും ഊട്ടിയുറപ്പിക്കാന്‍ കഴിയുന്ന കേന്ദ്രമായി ഇതുമാറും. ക്ഷേത്രസമുച്ചയം എന്നതിലുപരി സാംസ്‌കാരിക പഠനകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇവിടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി - ദുബായ് ഹൈവേയില്‍ അബു മുറൈഖയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് ദുബായ് ഓപ്പറ ഹൗസില്‍ ടെലി കോണ്‍ഫറന്‍സിലൂടെയാണ് മോഡി സാക്ഷ്യം വഹിക്കുക. തുടര്‍ന്നു ക്ഷേത്രത്തിന്റെ മാതൃക പ്രകാശനം ചെയ്യും. ക്ഷേത്രത്തിന് അനുവദിച്ച സ്ഥലത്ത് സ്വാമിമാരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ശിലാന്യാസ പൂജകള്‍ തല്‍സമയം ഓപ്പറ ഹൗസില്‍ സംപ്രേഷണം ചെയ്യും.