കൊച്ചി- നടൻ ജോജു ജോർജ് നിയമം പാലിക്കാതെയാണു രണ്ടു കാറുകൾ ഉപയോഗിക്കുന്നതെന്ന് ആരോപിച്ചു കളമശേരി സ്വദേശി മനാഫ് പുതുവായിൽ എറണാകുളം ആർ.ടി.ഒയ്ക്കു പരാതി നൽകി. അതിസുരക്ഷാ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി ഫാൻസി നമ്പർ പ്ലേറ്റ് ജോജുവിന്റെ കാറിൽ ഘടിപ്പിച്ചു എന്നാണ് പരാതി.
ഹരിയാന രജിസ്‌ട്രേഷനിലുള്ള കാർ കേരളത്തിൽ സ്ഥിരമായി ഉപയോഗിക്കുന്നത് നിയമലംഘനമാണ് എന്നാണ് മറ്റൊരു പരാതി. മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കാർ കേരളത്തിൽ സ്ഥിരമായി ഉപയോഗിക്കാൻ പ്രത്യേക അനുമതി വേണം. ആദ്യത്തെ പരാതി അന്വേഷിക്കാൻ അസി.മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടറെ ചുമതലപ്പെടുത്തിയതായി ആർടിഒ പി.എം.ഷെബീർ പറഞ്ഞു. രണ്ടാമത്തെ പരാതി ചാലക്കുടി ആർ.ടി.ഒയ്ക്കു കൈമാറി.
അതേസമയം, ജോജു ജോർജിന്റെ വാഹനം തകർത്തത് അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ ജോസഫ് തന്നെയെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. ജോസഫ് കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. അക്രമത്തിന് നേതൃത്വം നൽകിയ മുൻ മേയർ ടോണി ചമ്മിണിയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇന്നലെ ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. ടോണി ചമ്മിണി ഒളിവിൽ പോയതായി പോലീസ് പറയുന്നു.
ജോജുവിന്റെ കാറിൽ ഉണ്ടായിരുന്ന രക്തക്കറ അറസ്റ്റിലായ ജോസഫിന്റെതാണെന്ന് ഫോറൻസിക് പരിശോധനയിലാണ് വ്യക്തമായത്. വാഹനത്തിന്റെ ഗ്ലാസ് തകർത്തത് കോൺഗ്രസ് പ്രവർത്തകനല്ല എന്നായിരുന്നു കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നത്. എന്നാൽ വാഹനത്തിന്റെ പിൻഭാഗത്തെ ചില്ല് കല്ലുകൊണ്ട് ഇടിച്ചു പൊട്ടിക്കുകയായിരുന്നുവെന്ന് ജോസഫ് പോലീസിനോട് പറഞ്ഞു. ഗ്ലാസ് കൊണ്ട് ജോസഫിന്റെ കൈയ്ക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു. ജോസഫിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കേസിലെ മറ്റ് പ്രതികളുടെ വീട്ടിൽ ഇന്നലെ പോലീസ് പരിശോധന നടത്തിയിരുന്നു. ഒരാളെ മാത്രമേ അറസ്റ്റ് ചെയ്യാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടുള്ളൂ. കലൂരിലെ ടോണി ചമ്മിണിയുടെ വീട്ടിലെത്തിയ പോലീസിന് അവിടെ കുടുംബാംഗങ്ങളെ പോലും കാണാനായില്ല. ടോണി ചമ്മിണിയും കുടുംബവും ഒളിവിൽ പോയെന്നാണ് പോലീസ് പറയുന്നത്. ടോണിയുടെ മൊബൈൽ ഫോണും ഓഫാണ്. ടോണി അടക്കം എല്ലാ പ്രതികളും അറസ്റ്റ് ഭയന്ന് മുങ്ങിയതായാണ് വിവരം. മറ്റ് പ്രതികളുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണെന്നും പോലീസ് പറയുന്നു. ജോജുവിന്റെ വാഹനം തകർത്ത സംഭവത്തിൽ എട്ട് പേരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് പ്രതി ചേർത്തിരുന്നത്. ഒരാളെ മാത്രമേ അറസ്റ്റ് ചെയ്യാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടുള്ളൂ.
ജോജു അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി മഹിളാ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ തെളിവു ലഭിച്ചിട്ടില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അതേസമയം റോഡ് ഗതാഗതം തടഞ്ഞ് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിനെതിരെ പുതിയ പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്തുവന്നു. സംഘർഷസമയത്ത് ജോജു മാസ്‌ക് ധരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർക്ക് പരാതി നൽകി. സംഘർഷസമയത്ത് വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ മാസ്‌ക് ധരിച്ചിരുന്നില്ലെന്നാണ് പരാതി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജോജു ആളുകളുമായി ഇടപഴകി, സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. പരസ്യമായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടും പോലീസ് ജോജുവിനെതിരെ കേസെടുത്തിട്ടില്ലെന്നും ഷാജഹാൻ പരാതിയിൽ പറയുന്നു.