Sorry, you need to enable JavaScript to visit this website.

പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം തരുന്നതു പോലെ  കേന്ദ്രത്തിന്റെ നിലപാട് -ധനമന്ത്രി 

തിരുവനന്തപുരം- പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിന് സമാനമായി സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തള്ളി കേരളം. സംസ്ഥാനനികുതി കേരളം കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതിന് ആനുപാതികമായി കേരളത്തില്‍ ഇന്ധനവില കുറഞ്ഞു. പെട്രോളിന് ഒന്നര രൂപയും ഡീസലിന് രണ്ടര രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന് സംസ്ഥാനത്ത് ആറര രൂപയും ഡീസലിന് 12.30 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രത്യേക സര്‍ചാര്‍ജ് എന്ന പേരില്‍ പെട്രോളിന് 30 രൂപയിലധികമാണ് വര്‍ധിപ്പിച്ചത്. ഭരണഘടനാ പ്രകാരം ചില അടിയന്തര ഘട്ടങ്ങളില്‍ പ്രത്യേക സര്‍ചാര്‍ജ് എന്ന പേരില്‍ നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. അതാണ് അവര്‍ ഉപയോഗിച്ചത്. ഇതില്‍ നിന്ന് ഒരു രൂപ പോലും സംസ്ഥാനത്തിന് കിട്ടുന്നില്ല. ഇതിലാണ് കേന്ദ്രം കുറവ് വരുത്തിയതെന്നും മന്ത്രി പറഞ്ഞു. പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം തരുന്നതുപോലെയാണ് കേന്ദ്രത്തിന്റെ നിലപാട്. 15ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയിലെ പുതിയ ഫോര്‍മുല അനുസരിച്ച് സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതിയില്‍ 6400 കോടി രൂപയുടെ കുറവുണ്ടാകും. ഈ പ്രതിസന്ധിയില്‍ സംസ്ഥാന നികുതി എങ്ങനെ കുറയ്ക്കുമെന്നും ധനമന്ത്രി ചോദിച്ചു.
 

Latest News