റിയാദ് - സൗദി തീരത്ത് ചെങ്കടലിലെ ദ്വീപുകളുടെ മനോഹരമായ ആകാശ ദൃശ്യം പുറത്തുവിട്ട് അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി ഷെയ്ന്‍ കിംബ്രോ.
ഈ അത്ഭുത ദ്വീപുകള്‍ ബഹാമാസിലാണെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം, പക്ഷെ, ഞാന്‍ ഈ ദ്വീപുകളെ കണ്ടെത്തിയത് സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്ത് ചെങ്കടലിലാണ് എന്ന അടിക്കുറിപ്പോടെയാണ് അമേരിക്കന്‍ സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ ഷെയ്ന്‍ കിംബ്രോ ട്വിറ്ററിലെ തന്റെ പേജിലൂടെ ഫോട്ടോ പുറത്തുവിട്ടത്.
സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളുടെ ഫോട്ടോകള്‍ ബഹിരാകാശ യാത്രികര്‍ പകര്‍ത്തുന്നത് ഇതാദ്യമല്ല. ജപ്പാനീസ് ബഹിരാകാശ യാത്രികന്‍ സോയിച്ചി നൊഗുച്ചി നേരത്തെ മക്കയുടെയും വിശുദ്ധ ഹറമിന്റെയും ഫോട്ടോ ട്വിറ്ററിലെ തന്റെ പേജിലൂടെ പ്രചരിപ്പിച്ചിരുന്നു. ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി തോമസ് പെസ്‌ക്വറ്റ് റിയാദിന്റെ തിളങ്ങുന്ന രാത്രികാല ഫോട്ടോയും നേരത്തെ പ്രചരിപ്പിച്ചിരുന്നു.