ദമാം - അല്‍കോബാര്‍ അല്‍സുവൈകിത് റോഡില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള യുവാവിന്റെ ശ്രമം വിദേശികളായ കാല്‍നടയാത്രക്കര്‍ ഓടിയെത്തി പരാജയപ്പെടുത്തി.
ആജാനുബാഹുവായ യുവാവാണ് പെണ്‍കുട്ടിയെ കാറില്‍ പിടിച്ചുവലിച്ച് കയറ്റിയത്. ഫുട്പാത്തില്‍ കാര്‍ പാര്‍ക്ക് ചെയ്ത് കാത്തുനിന്ന യുവാവ് പെണ്‍കുട്ടിയെ പിടിച്ചുവലിച്ച് കാറില്‍ കയറ്റി ഡോര്‍ അടച്ച് സ്ഥലംവിടാന്‍ ശ്രമിക്കുകയായിരുന്നു.
ബഹളംവെച്ചും ഉച്ചത്തില്‍ കരഞ്ഞും യുവാവിനെ പെണ്‍കുട്ടി ശക്തമായി ചെറുക്കുന്നതിനിടെയാണ് ബഹളം കേട്ട് വഴിപോക്കരും പരിസരവാസികളും ഓടിയെത്തിയത്. കാറിന്റെ ഡോര്‍ വലിച്ചുതുറന്ന ഇവര്‍ യുവാവുമായി ബലപ്രയോഗം നടത്തി പെണ്‍കുട്ടിയെ കാറില്‍ നിന്ന് പുറത്തിറക്കി. പ്രതിയെ നന്നായി കൈകാര്യം ചെയ്തു.
ഇതിനിടെ യുവാവ് അമിത വേഗതയില്‍ കാര്‍ മുന്നോട്ടെടുത്ത് സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രതിയായ സൗദി യുവാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി കിഴക്കന്‍ പ്രവിശ്യ പോലീസ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് അല്‍ശഹ്‌രി പിന്നീട് അറിയിച്ചു. മുമ്പ് നിരവധി കേസുകളില്‍ പ്രതിയായ യുവാവ് വിദേശി പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കിഴക്കന്‍ പ്രവിശ്യ പോലീസ് വക്താവ് പറഞ്ഞു. പ്രതിയെ എത്രയും വേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും പെണ്‍കുട്ടിയെ രക്ഷിച്ചവരെ ആദരിക്കണമെന്നും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നു.