ജിദ്ദ- നിലവിലെ ജേതാക്കളായ റിയൽ കേരളയുടെ ഹാട്രിക് മോഹങ്ങളെ തകർത്ത് ജിദ്ദ ഫ്രണ്ട്‌സ് സിഫ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഡിവിഷൻ സെമി ഫൈനലിൽ കടന്നു. ഗ്രൂപ്പിലെ രണ്ടു മത്സരങ്ങൾ തോറ്റ റിയൽ ടൂർണമെന്റിൽ നിന്ന് സെമി കാണാതെ പുറത്തായി.
തിങ്ങിനിറഞ്ഞ ഗാലറിയിൽ ആവേശത്തിന്റെ തിരയിളക്കി രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഫ്രണ്ട്‌സ് സെമി ബർത്ത് ഉറപ്പിച്ചത്.
റിയൽ കേരള നിരയിൽ സനൂജിന്റെയും റമീസിന്റെയും പിന്തുണയോടെ നിഷാദ് കൊളക്കാടനും ഷാനവാസും നിറഞ്ഞാടിയതോടെ ഫ്രണ്ട്‌സ് ഗോൾ മുഖത്തു നിരന്തരം ഗോൾ മണത്തു. മിന്നുന്ന വേഗവും ഡ്രിബ്ലിങ് പാടവവും പുറത്തെടുത്ത നിഷാദ് കൊളക്കാടൻ പന്ത് തൊടുമ്പോഴൊക്കെ ഗോൾ നേടുമെന്ന് തോന്നിച്ചു.
കളിയുടെ ഏഴാം മിനിറ്റിൽ സനൂജിന്റെ ക്രോസ് ഫ്രണ്ട്‌സിന്റെ ഗോൾമുഖത്തു ഉണ്ടാക്കിയ ആശയക്കുഴപ്പത്തിൽ നിഷാദ് കൊളക്കാടൻ ഗോൾകീപ്പർ ഫവാസിനെ കബളിപ്പിച്ചു പന്ത് വലയിലാക്കി. 22 ാം മിനിറ്റിൽ ഫ്രണ്ട്‌സിന്റെ പ്രത്യാക്രമണം തടയാൻ റിയൽ കേരളക്ക് പെനാൽറ്റി വഴങ്ങേണ്ടി വന്നു. ഈനാസ് സമർത്ഥമായി സ്‌പോട് കിക്ക് വലയിലാക്കി സമനില നേടി.
മത്സരതുടക്കത്തിൽ വ്യക്തമായ മുൻ തൂക്കമുണ്ടായിരുന്ന റിയൽ കേരള, മുൻ മത്സരത്തിലെ അബദ്ധം ആവർത്തിച്ച പരുക്കൻ കളിയിലേക്ക് നീങ്ങിയതോടെ നാല് തവണയാണ് റഫറി കാർഡുയർത്തിയത്. ഫ്രണ്ട്‌സിന്റെ ആക്രമണത്തിനെതിരെ അതുവരെ കോട്ട പോലെ ഉറച്ചു നിന്ന നായകൻ അഷ്‌റഫും സിറാജുമടങ്ങിയ പ്രതിരോധം തുടരെ രണ്ടു മഞ്ഞ കാർഡ് കണ്ടു സിറാജ് പുറത്തു പോയതോടെ ആടിയുലഞ്ഞു.
മറുഭാഗത്തു റിയാസും അനീസും മനാഫിനും ബുജൈറിനും നല്ല പിന്തുണ നൽകി. പിന്നിൽനിന്ന് കയറി വരുന്ന മുഹമ്മദ് ഇനാസ് പലപ്പോഴും റിയൽ പ്രതിരോധം കീറിമുറിച്ചു. ഇടക്ക് കീപ്പർ ഷൊയൈബിനെ മാത്രം മുന്നിൽ വെച്ചു കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരം ബുജൈർ പന്ത് പുറത്തേക്കടിച്ചു. തൊട്ടടുത്ത മിനുട്ടിൽ ഈനാസ് വീണ്ടും ഗോൾ നേടി. ബോക്‌സിനു പുറത്തു വെച്ചെടുത്ത മിന്നുന്ന ഷോട്ട് ബാറിൽ തട്ടി തെറിച്ചു ഗോൾ കീപ്പറുടെ ദേഹത്ത് തട്ടി വലയിൽ കയറി, 2-1. ആളെണ്ണം കുറഞ്ഞ റിയൽ പ്രതിരോധത്തെ അനായാസം കടന്നു കയറി ബുജൈർ ഫ്രണ്ട്‌സിന്റെ ലീഡുയർത്തി 3-1. സിനാസും റമീസും ഇരുഭാഗത്തും ഉറച്ച രണ്ടു ഗോൾ അവസരങ്ങൾ നഷ്ടപ്പെടുത്തി. മനാഫ് ഫ്രണ്ട്‌സിനു വേണ്ടിയും റമീസ് റിയൽ കേരളക്ക് വേണ്ടിയും ഗോളുകൾ നേടി പട്ടിക പർത്തിയാക്കി. 4-2.
മുഹമ്മദ് ഈനാസാണ് മാൻ ഓഫ് ദ മാച്ച്.
ഇ ഡിവിഷനിലെ ആദ്യ മത്സരത്തിൽ മഹ്ജർ എഫ്.സി അബൂബക്കർ തൽഹത് നേടിയ ഒരു ഗോളിന് യുണൈറ്റഡ് സ്‌പോർട്‌സ് ക്ലബ് ബിയെ തോൽപ്പിച്ച് സെമിയിൽ കടന്നു. ചുക്കാർ ആണ് മാൻ ഓഫ് ദ മാച്ച്.
രണ്ടാം മത്സരത്തിൽ ഫാൽക്കൺ എഫ്.സി തൂവൽ രണ്ടു ഗോളിന് ബ്ലൂ സ്റ്റാർ സീനിയേഴ്‌സിനെ പരാജയപ്പെടുത്തി. അനൂപ് അബ്ദുൽ ഹമീദ്, അജ്മൽ അലി എന്നിവർ ഫാൽക്കണ് വേണ്ടി സ്‌കോർ ചെയ്തു. അജ്മൽ അലിയാണ് കളിയിലെ കേമൻ.
ബി ഡിവിഷനിലെ ആദ്യ മത്സരത്തിൽ ന്യൂ കാസിൽ എഫ്.സിയും ബ്ലൂ സ്റ്റാർ എയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. മുഹമ്മദ് ആഷികും നൗഫൽ ചൊക്ലിയുമാണ് ഗോൾ നേടിയത്. മുഹമ്മദ് ആഷിഖ് പാറമ്മൽ ആണ് മാൻ ഓഫ് ദ മാച്ച്.
മറ്റൊരു മത്സരത്തിൽ മക്ക ബി.സി.സിയും എ.സി.സി ബിയും ഓരോ ഗോൾ അടിച്ചു സമനിലയിൽ പിരിഞ്ഞു. സയീദ് നാസർ ഷംല എ.സി.സിക്കു വേണ്ടിയും നിഷാദ് മക്ക ബി.സി.സിക്കു വേണ്ടിയും ഗോളുകൾ നേടി. നിഷാദ് വീരാൻ കുട്ടിയാണ് മാൻ ഓഫ് ദ മാച്ച്.