ഒട്ടകങ്ങള്‍ വരിവരിയായി നീങ്ങുന്ന, ഇടയ്ക്ക് ഈന്തപ്പനയുടെ നിഴലുകള്‍ വീഴുന്ന, കാറ്റിന്റെ കാരുണ്യം സദാ മേനിയെപ്പുണരുന്ന അറേബ്യന്‍ മണലാരണ്യം. കേരളീയ സംസ്‌കൃതിയുടെ നവനിര്‍മിതിയില്‍ ഇത് കൊത്തിവെച്ചത് കാല്‍പനികതയുടെ കൊളാഷ് മാത്രമല്ല, അന്നം തേടിയുള്ള മലയാളിയുടെ അനന്തസഞ്ചാരത്തിനിടെ, അവന് ജീവിതം നല്‍കാന്‍ ഭൂമിയില്‍ നിന്നുയര്‍ന്നു വന്ന അപാരസമൃദ്ധിയുടെ ഇതള്‍ വിടര്‍ത്തിയ ഇതിഹാസപ്പെരുമ കൂടിയാണ്.
കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളിലെ അടുപ്പില്‍ തീ പുകയുന്നതിനു വേണ്ടി മലയാളി അറേബ്യന്‍ മണ്ണില്‍ ചുരത്തിയ വിയര്‍പ്പ് നാട്ടുചരിത്രത്തിന്റെ ചത്വരങ്ങളില്‍ ഉപ്പ്‌രസം ചൊരിഞ്ഞിരിക്കുന്നു. എല്ല് മുറിയെ പണിയെടുക്കുമ്പോഴും, ലേബര്‍ ക്യാമ്പുകളിലെ പോര്‍ട്ടോ ക്യാബിനുകളില്‍ വീണുടയുന്ന മിഴിനീര്‍ത്തുള്ളികളില്‍ പ്രതിഫലിക്കുന്നത് പ്രത്യാശയുടെ മിനുക്കം. ഉഷ്ണത്തിലും ശൈത്യത്തിലും ഉള്ളുലയാത്ത മനസ്സുമായി ജീവിക്കുന്ന പ്രവാസി.
ലോകത്തിന്റെ ഏത് മൂലയില്‍ ചെന്നാലും മലയാളി അവന്റെ സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നു. ചെറുതും വലുതുമായ ചങ്ങാത്തക്കൂട്ടായ്മകളിലൂടെ കേരളത്തനിമയുടെ കൊടി പാറിക്കാന്‍ അവന്‍ എന്നും ആവേശം കാണിക്കുന്നു.
ഗള്‍ഫ് നാടുകളിലെ സാമൂഹിക രംഗങ്ങളില്‍ മലയാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രസക്തിയും പ്രാധാന്യവുമാണുള്ളത്. ഗള്‍ഫിലെ വിവിധ വിഭാഗങ്ങളുടെ അമരത്തിരിക്കുന്ന അധികൃതരില്‍പ്പോലും മലയാളികളുടെ ഐക്യബോധം പ്രശംസയുളവാക്കുന്നു. സ്‌നേഹസൗഹൃദങ്ങളില്‍ ചാലിച്ചെടുത്തതാണ് ആ ഐക്യം. മരുഭൂരാജ്യങ്ങളിലെ മലയാളി സംഘക്കരുത്ത് കേവലം കലാ സാംസ്‌കാരിക പരിപാടികളില്‍ മാത്രമൊതുങ്ങി നില്‍ക്കുന്നില്ല. തൊഴിലുടമകളുടെ പല തരത്തിലുള്ള ചൂഷണത്തിന് വിധേയരാകുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് മലയാളി സംഘടനകള്‍ എല്ലാ അര്‍ഥത്തിലും കൈത്താങ്ങാകുന്നു. ക്ലേശമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ അതാത് സമയങ്ങളില്‍ ഗള്‍ഫ് നാടുകളിലെ അധികൃതരുടേയും ഇന്ത്യന്‍ എംബസി/ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടേയും മുമ്പില്‍ അവതരിപ്പിക്കുന്നതിനും പരിഹാരം കാണുന്നതിനും മലയാളി സംഘടനകള്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നു. സാമ്പത്തികമായി കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നതിനും നിസ്സാര കാരണങ്ങളാലും മറ്റും ജയിലിനകത്തായ പ്രവാസികളെ മോചിപ്പിക്കുന്നതിനും അതാത് ഗള്‍ഫ് നാടുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മലയാളി സാംസ്‌കാരിക സംഘടനകള്‍ ആത്മാര്‍ഥതയോടെ ഇടപെടുന്നു. ഈ സേവനമനസ്ഥിതി ഗള്‍ഫില്‍ ജോലി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പ്രവാസികളില്‍ മാത്രമല്ല, അന്യരാജ്യക്കാരില്‍പ്പോലും വലിയ മതിപ്പുളവാക്കുന്നു.