റിയാദ്- ഭീകര വിരുദ്ധ പോരാട്ടത്തിനും മിതവാദം പ്രോത്സാഹിപ്പിക്കുന്നതിനും സൗദി-ഇന്ത്യ പങ്കാളിത്തം ശക്തിയാർജിച്ചുവരുന്നതായി ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സൗദ് അൽസാത്തി പറഞ്ഞു. ഉക്കാദ് ദിനപ്പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അംബാസഡർ. ജനാദ്രിയ ഫെസ്റ്റിവലിൽ വിശിഷ്ടാതിഥി രാജ്യമെന്നോണമുള്ള ഇന്ത്യയുടെ പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ദീർഘകാല ചരിത്രമുണ്ട്. കുടിയേറ്റങ്ങളും വാണിജ്യവുമാണ് ഉഭയകക്ഷിബന്ധത്തിന് നാന്ദി കുറിച്ചത്.
ഇരു രാജ്യങ്ങളും ഇവിടുത്തെ ജനങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദ ബന്ധവും പൊതുതാൽപര്യങ്ങളുമാണ് സൗദി-ഇന്ത്യ ബന്ധത്തിന്റെ അടിത്തറ. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന് ആയിരക്കണക്കിന് വർഷത്തെ പഴക്കമുണ്ട്. വാണിജ്യവും കുടിയേറ്റവും ഉഭയകക്ഷിബന്ധത്തിന് വിത്തുപാകി. ഇത് സമാധാനത്തിലും ജനതാൽപര്യത്തിലും ഊന്നിയ സാംസ്‌കാരിക, മാനുഷിക ബന്ധങ്ങൾ സൃഷ്ടിച്ചു. ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ തന്നെ ദക്ഷിണേന്ത്യയിൽ ഇസ്‌ലാം എത്തി.
ആധുനിക യുഗത്തിൽ ഏഴു ദശകമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അഭിവൃദ്ധിപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാന പങ്കാളിത്തം രൂപപ്പെട്ടു. 2006 ൽ അബ്ദുല്ല രാജാവ് നടത്തിയ ഇന്ത്യ സന്ദർശനം ഉഭയകക്ഷിബന്ധത്തിൽ വഴിത്തിരിവായിരുന്നു. അബ്ദുല്ല രാജാവിന്റെ സന്ദർശനത്തിനിടെ ഒപ്പുവെച്ച ന്യൂദൽഹി പ്രഖ്യാപനം പങ്കാളിത്തത്തിന്റെയും പരസ്പര സഹകരണത്തിന്റെയും അടിസ്ഥാനത്തിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ തുടക്കമായി. 2010 ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നടത്തിയ റിയാദ് സന്ദർശനം തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും നിശ്ചയദാർഢ്യത്തിന്റെ പ്രഖ്യാപനമായി. സർവ മേഖലകളിലും പങ്കാളിത്തം വിപുലമാക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും ആഗ്രഹം വ്യക്തമാക്കുന്നതായിരുന്നു 2014 ൽ കിരീടാവകാശിയായിരിക്കെ തിരുഗേങ്ങളുടെ സേവകൻ സൽമാൻ രാജാവ് നടത്തിയ ഇന്ത്യ സന്ദർശനം. വാണിജ്യ, ഊർജ, നിക്ഷേപ, ഭീകര-തീവ്രവാദ വിരുദ്ധ പോരാട്ട, സൈനിക, സാങ്കേതിക, സുരക്ഷാ മേഖലകളിൽ തന്ത്രപരമായ ബന്ധം കൂടുതൽ അരക്കിട്ടുറപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും നൽകുന്ന പ്രത്യേക താൽപര്യം ആവർത്തിച്ച് വ്യക്തമാക്കിയതിന് നിർദർശനമായിരുന്നു 2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റിയാദ് സന്ദർശനം.
രണ്ടു രാജ്യങ്ങൾക്കും മേഖലക്കും ആഗോള സമൂഹത്തിനും ഗുണകരമായി ഭവിക്കുന്ന നിലക്ക് ഉഭയകക്ഷിബന്ധം ഭാവിയിൽ കൂടുതൽ ശക്തമാകുമെന്ന കാര്യത്തിൽ സംശയമില്ല. സൗദി അറേബ്യയുടെ നാലാമത്തെ വാണിജ്യ പങ്കാളിയാണ് ഇന്ത്യ. ഊർജ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അനുദിനം വർധിച്ചുവരികയാണ്. പെട്രോൾ, പ്രകൃതി വാതക ആവശ്യം മുടങ്ങാതെ നിറവേറ്റുന്നതിന് ഇന്ത്യക്ക് അവലംബിക്കാവുന്ന വിശ്വസിക്കാവുന്ന പങ്കാളിയാണ് സൗദി അറേബ്യ. ഭീകരവാദ, തീവ്രവാദ വിരുദ്ധ പോരാട്ട മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിൽ മികച്ച സഹകരണമുണ്ട്.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ച കൈവരിച്ചുവരികയാണ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് സൗദി അറേബ്യ. ലോകത്തെ ഏറ്റവും വലിയ 20 സമ്പദ്‌വ്യവസ്ഥകളിൽ ഇരു രാജ്യങ്ങളും ഉൾപ്പെടുന്നു. വിവിധ മേഖലകളിൽ സഹകരണവും പങ്കാളിത്തവും കൂടുതൽ ശക്തമാക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണിവയെന്നും സൗദി അംബാസഡർ പറഞ്ഞു.