കൊച്ചി- ആര്‍.എസ്.എസ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തുവെന്നാരോപിച്ച് ജോണ്‍ ബ്രിട്ടാസ് എം.പിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശം. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ രചിച്ച 'കെ.ജി.മാരാര്‍ മനുഷ്യപ്പറ്റിന്റെ പര്യായം' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങായിരുന്നു വേദി.
ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ളയാണ് പുസ്തകം പ്രകാശനം ചെയ്തത്.
കണ്ണൂര്‍ ജയിലില്‍ കഴിയവെ ഒപ്പം ഉണ്ടായിരുന്ന മുസ്ലീം തടവുകാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പാ വിരിച്ച് നല്‍കിയ രാഷ്ട്രീയ സൗഹൃദത്തിനുടമയാണ് കെ.ജി.മാരാരെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് ജോണ്‍ബ്രിട്ടാസ് പറഞ്ഞു. ഇന്ന് ആ രാഷ്ട്രീയ അന്തരീക്ഷം മാറി. വ്യക്തിപരമായ ആക്ഷേപം ഉയര്‍ത്തിയും കുടുംബങ്ങളെ വലിച്ചിഴച്ചും രാഷ്ട്രീയത്തെ മലീമസമാക്കുകയാണ്. രാഷ്ട്രീയത്തിലെ സൗഹൃദ അന്തരീക്ഷം തിരിച്ചു പിടിക്കണമെന്നും ബ്രിട്ടാസ് പറഞ്ഞു.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ കെ.കെ. ബാലറാം അദ്ധ്യക്ഷനായി. മനുഷ്യത്വം പ്രായോഗികമായി തെളിയിച്ച വ്യക്തിത്വമാണ് കെ.ജി.മാരാരെന്നും അദ്ദേഹത്തിന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും ബാലറാം പറഞ്ഞു.
ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു പുസ്തകം പരിചയപ്പെടുത്തി. ബിജെപി ദേശീയ വൈസ്പ്രസിഡന്റ് എ.പി അബ്ദുള്ള ക്കുട്ടി, ഗ്രന്ഥകര്‍ത്താവ് കെ.കുഞ്ഞിക്കണ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി.ശ്രീ കുമാര്‍, ഇന്ത്യാ ബുക്ക്‌സ് എംഡി ടി പി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി നേതാക്കളായ ഒ.രാജ ഗോപാല്‍, കെ.രാമന്‍പിള, പി.കെ.കൃഷ്ണദാസ്, പ്രൊഫ വി.ടിരമ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇടതു രാഷ്ട്രീയ നിരീക്ഷകന്‍
ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ജോണ്‍ബ്രിട്ടാസ് എം പിയ്ക്ക് ദില്ലിയില്‍ നിര്‍വ്വഹിക്കുന്ന ലെയ്‌സന്‍ പ്രവര്‍ത്തനം അഥവാ രാഷ്ട്രീയദൗത്യം മറനീക്കി പുറത്തു വന്നിരിക്കുന്നു. ബി ജെ പി നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാനാണ് നിയോഗം. അതദ്ദേഹം ഭംഗിയായിത്തന്നെ ചെയ്യുന്നുവെന്നു വേണം വിചാരിക്കാന്‍.
ജനകീയ സമരങ്ങളില്‍ കണ്ടുമുട്ടുന്നതു പോലെയല്ല രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നത്. ആ ആശയം ശ്രീധരന്‍ പിള്ളയില്‍നിന്ന് ഏറ്റുവാങ്ങുന്ന വിനീത വിധേയത്വം കൗതുകകരമാണ്. സാക്ഷിയായി അബ്ദുള്ളക്കുട്ടികൂടിയുണ്ട് എന്നത് യാദൃച്ഛികമല്ലല്ലോ. ആത്മബന്ധത്തിന്റെ രാഷ്ട്രീയ സഞ്ചാരപഥം വിചിത്രമെന്നേ കരുതേണ്ടൂ.
പാര്‍ലമെണ്ടില്‍ പാര്‍ട്ടി നേതൃഘടകങ്ങളില്‍ നിന്നുള്ള പങ്കാളിത്തം കുറയുന്ന ഘട്ടത്തില്‍ രാജ്യസഭയിലേക്കു മത്സരിക്കുക കര്‍ഷക സംഘം നേതാക്കളോ ട്രേഡ് യൂണിയന്‍ നേതാക്കളോ പാര്‍ട്ടി ദേശീയ നേതാക്കളോ ആവുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ, കേരള ഘടകത്തിന്റെ താല്‍പ്പര്യം ബ്രിട്ടാസും ശിവദാസും എം പിമാരാവട്ടെ എന്നതായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെപ്പോലും അമ്പരപ്പിച്ചിരിക്കാവുന്ന ആ തീരുമാനത്തിന്റെ ഒളിയജണ്ടയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബി ജെ പി നേതാക്കള്‍ക്കും പിണറായിക്കും (പാര്‍ട്ടിക്കും) ഇടയിലെ ഇണക്കുകണ്ണിയാണ് ബ്രിട്ടാസ് എന്നു വ്യക്തം.
ബി ജെ പി അരങ്ങുകളില്‍ പ്രത്യക്ഷപ്പെട്ടതിന് പാര്‍ട്ടി നടപടിക്കു വിധേയരായ ജനപ്രതിനിധികളായ നേതാക്കളുണ്ട്. അതില്‍ പലതും നടക്കുമ്പോള്‍ ബി ജെ പി മോദി അമിത്ഷാ കൂട്ടുകെട്ടിന്റെ തീവ്ര ഫാഷിസ്റ്റ് നിലപാടിലേക്കു വളര്‍ന്നിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബി ജെ പിയുമായി സൗഹൃദാന്തരീക്ഷം ഉണ്ടാക്കണമെന്നു പറയാന്‍ ബ്രിട്ടാസിനുള്ള ധൈര്യം മുഖ്യമന്ത്രിതന്നെയാണ്.
മുമ്പു പല നേതാക്കള്‍ക്കും നേരിട്ട അച്ചടക്ക നടപടിയൊന്നും ബ്രിട്ടാസിനു മേല്‍ ഉണ്ടാവില്ല. സമ്മര്‍ദ്ദമുണ്ടായാല്‍ അല്‍പ്പംകൂടി ജാഗ്രത വേണമായിരുന്നു എന്ന ഉപദേശത്തിനു സാദ്ധ്യതയുണ്ട്. അത്രയേയുള്ളു. ഇതു പക്ഷേ, കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ ഒരപൂര്‍വ്വ ആത്മസൗഹൃദം തുറന്നുവെച്ചിരിക്കുന്നു. ബ്രിട്ടാസും ശ്രീധരന്‍പിള്ളയുമല്ല പിണറായിയും മോദിയുംതന്നെയാണ് അന്യോന്യം ആശ്ലേഷിച്ചു നില്‍ക്കുന്നത്. തിരുവനന്തപുരത്തുനിന്ന് നാഗ്പൂരിലേക്ക് ഗഡ്ഗരിയുടെ കാര്‍മ്മികത്വത്തില്‍ വെട്ടിയ അതിവേഗ അദൃശ്യ ഹൈവേയുടെ ജനല്‍ക്കാഴ്ച്ചകള്‍ ഇനിയും കാണാന്‍ ഇടവരുമെന്നു പ്രതീക്ഷിക്കാം.