Sorry, you need to enable JavaScript to visit this website.

അറാംകൊ ആസ്തികളിൽ വൻ കുതിച്ചുചാട്ടം

 ഒമ്പതു മാസത്തിനിടെ കമ്പനി 39,320 കോടി റിയാൽ ഗവൺമെന്റിലേക്ക് അടച്ചു


റിയാദ് - ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ ആസ്തി മൂല്യത്തിൽ ഈ വർഷം വലിയ കുതിച്ചുചാട്ടമുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. കമ്പനിയുടെ ആസ്തികൾ ഒമ്പതു മാസത്തിനിടെ 10.4 ശതമാനം തോതിൽ വർധിച്ച് 2.11 ട്രില്യൺ റിയാലായി. കഴിഞ്ഞ വർഷാവസാനം കമ്പനിയുടെ ആസ്തികൾ 1.91 ട്രില്യൺ റിയാലായിരുന്നു. ഒമ്പതു മാസത്തിനിടെ കമ്പനിയുടെ ആസ്തി മൂല്യത്തിൽ 19,800 കോടി റിയാലിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. 
ഈ വർഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ വിവിധ ഇനങ്ങളിൽ സൗദി അറാംകൊ കമ്പനി ഗവൺമെന്റിലേക്ക് അടച്ച പണം 24.1 ശതമാനം തോതിൽ വർധിച്ചു. ഒമ്പതു മാസത്തിനിടെ 39,320 കോടി റിയാലാണ് സൗദി അറാംകൊ സർക്കാറിലേക്ക് അടച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി സർക്കാരിലേക്ക് 31,680 കോടി റിയാലാണ് അടച്ചിരുന്നത്. ഇതിനെ അപേക്ഷിച്ച് 7,640 കോടി റിയാൽ ഈ വർഷം കമ്പനി ഗവൺമെന്റിലേക്ക് അധികം അടച്ചു. ഈ വർഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ കമ്പനി സർക്കാരിലേക്ക് അടച്ച ആകെ പണത്തിൽ 24.5 ശതമാനം വരുമാന നികുതിയും 22.8 ശതമാനം വാടകയും 52.7 ശതമാനം ലാഭവിഹിതവുമാണ്. 
ഈ വർഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ വരുമാന നികുതി ഇനത്തിൽ കമ്പനി സർക്കാരിലേക്ക് അടച്ച പണം 49.8 ശതമാനം തോതിലും വർധിച്ചു. വരുമാന നികുതി ഇനത്തിൽ 9,650 കോടി റിയാലാണ് ഒമ്പതു മാസത്തിനിടെ അടച്ചത്. കഴിഞ്ഞ വർഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് വരുമാന നികുതി ഇനത്തിൽ സൗദി അറാംകൊ 6,440 കോടി റിയാലാണ് അടച്ചിരുന്നത്. ഈ വർഷം വരുമാന നികുതി ഇനത്തിൽ കമ്പനി 3,210 കോടി റിയാൽ അധികം അടച്ചു. 
വാടക ഇനത്തിൽ കമ്പനി സർക്കാരിലേക്ക് അടച്ച പണം ഈ വർഷം 39.3 ശതമാനം തോതിൽ വർധിച്ചു. ഈയിനത്തിൽ 9,650 കോടി റിയാലാണ് ഒമ്പതു മാസത്തിനിടെ കമ്പനി ഗവൺമെന്റിലേക്ക് അടച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വാടക ഇനത്തിൽ കമ്പനി ഗവൺമെന്റിലേക്ക് അടച്ചത് 6,440 കോടി റിയാലായിരുന്നു. വാടകയിനത്തിൽ ഈ വർഷം 2,230 കോടി റിയാൽ കമ്പനി അധികം അടച്ചു. 
ലാഭവിഹിതമായി സർക്കാരിലേക്ക് കമ്പനി അടച്ച തുക ഈ വർഷം 10.1 ശതമാനം തോതിൽ വർധിച്ച് 20,730 കോടി റിയാലിലെത്തി. കഴിഞ്ഞ വർഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ ലാഭവിഹിതമായി 18,820 കോടി റിയാലാണ് കമ്പനി സർക്കാരിലേക്ക് അടച്ചത്. ഈ വർഷം സർക്കാരിലേക്ക് കമ്പനി അടച്ച ലാഭവിഹിതത്തിൽ 1,910 കോടി റിയാലിന്റെ വർധന രേഖപ്പെടുത്തി. മൂന്നാം പാദത്തിലെ ലാഭവിഹിതമായി സൗദി അറാംകൊ ഓഹരിയുടമകൾക്ക് 7,030 കോടി റിയാൽ വിതരണം ചെയ്തിരുന്നു. ലോകത്തെ ഒരു കമ്പനി വിതരണം ചെയ്യുന്ന ഏറ്റവും ഉയർന്ന ലാഭവിഹിതമാണിത്. 
സൗദി അറാംകൊയുടെ ലാഭം ഈ വർഷം 121.6 ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. ഒമ്പതു മാസത്തിനിടെ കമ്പനി ആകെ 29,100 കോടി റിയാലാണ് ലാഭം നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം 13,130 കോടി റിയാലായിരുന്നു. മൂന്നാം പാദത്തിൽ കമ്പനിയുടെ ലാഭം 158.1 ശതമാനം തോതിലും വർധിച്ചു. മൂന്നാം പാദത്തിൽ കമ്പനി 11,410 കോടി റിയാൽ ലാഭം നേടി. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ സൗദി അറാംകൊ ലാഭം 4,420 കോടി റിയാലായിരുന്നു. ആഗോള വിപണിയിൽ എണ്ണ വില ഉയർന്നതും വിൽപന വർധിച്ചതുമാണ് ഉയർന്ന ലാഭം നേടാൻ കമ്പനിയെ സഹായിച്ചത്.

Latest News