സ്ഥാനാർഥി സാറാമ്മ എന്ന ചിത്രത്തിനു വേണ്ടി വയലാർ എഴുതിയതൊന്നും പ്രിയങ്കാഗാന്ധി കേട്ടിരിക്കാൻ ഇടയില്ല. അവർ ആറു വർഷം കഴിഞ്ഞു ജനിച്ചതു മാത്രമല്ല കാരണം. അക്കാലത്ത് മലയാള ഗാനങ്ങൾ യു.പിയിൽ ആരും പാടി നടന്നിരുന്നതുമില്ല. എന്നാലും, ജീനിയസുകൾ ഒരേ 'തരംഗ ദൈർഘ്യ'ത്തിൽ പാലകാലത്തായി ചിന്തിച്ചെന്നുവരും? 'തോട്ടിൻകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കും' എന്നും 'കൃഷിക്കാർക്ക് കൃഷിഭൂമി, പണിക്കാർക്ക് മരുഭൂമിയെന്നും കവി എഴുതിവിട്ട 'ബഡായി' ഗാനത്തെ കടത്തിവെട്ടി പ്രിയങ്കജി. യു.പിയിൽ തെരഞ്ഞെടുപ്പു വരുന്നു. പെൺകുട്ടികൾക്കു പഠിക്കാൻ ലക്ഷങ്ങൾ, സൗജന്യ കംപ്യൂട്ടറും ബസ് യാത്രയും തുടങ്ങി അവരുടെ ദിനംപ്രതിയുളള എല്ലാ വാഗ്ദാനങ്ങളും അന്നാട്ടുകാർ സഹിക്കുന്നുണ്ട്. എത്ര കണ്ടതാണ്, കേട്ടതാണ്! പക്ഷേ, സംഘടനാ തലത്തിൽ നമ്മുടെ വനിതാ നേതാവ് കോൺഗ്രസുകാരുടെ വിരോധം സമ്പാദിച്ചു കീശയിലിട്ടേ അടങ്ങൂ എന്ന വാശിയിലാണെന്നു വ്യക്തമായി. ഹൈക്കമാന്റ് മുതൽ വാർഡുതലത്തിലെ 'ലോ കമാന്റു'കളെ വരെ അലട്ടാൻ ഒരു പ്രശ്‌നമെടുത്തു പുറത്തിട്ടിരിക്കുകയാണ്- ഈ തെരഞ്ഞെടുപ്പിൽ നാൽപതു ശതമാനം സീറ്റുകൾ വനിതകൾക്കായി നീക്കി വെയ്ക്കുമത്രേ! അഖിലേഷ് യാദവപാർട്ടിയുമായി തെറ്റി ഒറ്റയ്ക്കു മത്സരിക്കാനുള്ള നീക്കത്തിലാണ് ഈ കോടാലിയും കൂടി എടുത്തു കഴുത്തിൽ വെയ്ക്കുന്നത്! ഇത്രയും അവിവേകം ഈ യുവ പെമ്പ്രന്നോരു കാട്ടുമെന്ന് കടൽകിഴവന്മാരോ, ജി-23 വകുപ്പിൽപെട്ട നോട്ടപ്പുള്ളികളോ സ്വപ്നത്തിൽ പോലും നിരൂപിച്ചില്ല. യു.പിയിലെ വനിതാ സാക്ഷരത 59 ശതമാന ആണെങ്കിൽ പുരുഷന്മാരുടേത് 70 ശതമാനം കവിഞ്ഞുനിൽപാണ്. അതിനിടയ്ക്കാണ് നാൽപതു ശതമാനം വനിതാ സംവരണം. പ്രിയങ്കയെ കണക്ക് പഠിപ്പിച്ചതാരാണോ, ആവോ?
കോട്ടയത്തു കുമാരനെല്ലൂർ പ്രദേശത്തുനിന്നാണ് ആദ്യ പ്രതികരണം പൊട്ടിയത്. തല മൊട്ടയടിച്ചതും ഏറ്റുമാനൂരിൽ തോറ്റതുമായ മാന്യമഹിള ലതികാ സൂഭാഷിന് മേൽപടി പ്രസ്താവന കേട്ടു രോമാഞ്ചവും പിന്നാലെ സംശയവുമുണ്ടായി. മാഡത്തിന്റെ മകൾക്ക് ഇക്കാര്യം കേരളത്തിൽ വന്നു സംസാരിക്കാമോ എന്നാണ് ചോദ്യം. 'പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുകില്ല' എന്നതാണ് കെ.പി.സി.സി കാലാവസ്ഥ. സംശയമുണ്ടെങ്കിൽ രാഹുലിനും മദറിനും ഓരോ പ്രസ്താവന വീതം നടത്തി ഭാഗ്യം പരീക്ഷിക്കാം.
യു.പിയിലെ നാൽപതു വേണ്ട, നേർപകുതി, ഇരുപതു ശതമാനം മതി വനിതാ സംവരണം- കാണാം പുകില്!
കെ.പി.സി.സി നിർവാഹക സമിതിയിലെ അമ്പത്തിയാറിൽ, അഞ്ചു പേരിൽ ഒരു കാരണവശാലും കവിയാതെയാണ് വനിതാ സംവരണം സംഘടിപ്പിച്ചിരിക്കുന്നത്. അവർക്കു പോലും ഇരിക്കാൻ കേസര തികയുന്നില്ല. ഇനി, ഒരു പക്ഷേ, ലതികാസുഭാഷിന് എൻ.സി.പി ഓഫീസിനു മുന്നിലിരുന്നു തല മുണ്ഡനം ചെയ്യാൻ സമയമായെന്നു വരുമോ? പി.സി. ചാക്കോ ഭരണം നിമിത്തം അവിടെ ഒരു ഡസൻ പേരെങ്കിലും ശ്വാസം മുട്ടി കഴിയുന്നുവെന്നാണ് കിംവദന്തി.
**** **** ****
'കലൈമാമണി, സംഗീത കലാനിധി എന്നൊക്കെ കേട്ടാൽ നാവിൽ വെള്ളമൂറാത്ത ഒരു കലാവിദ്ധരും പാറശാലക്ക് അങ്ങപ്പുറത്തുണ്ടാവില്ല. ദില്ലി കേന്ദ്ര മന്ത്രി വിതരണം നടത്തിപ്പോരുന്ന 'പത്മ' അവാർഡുകളുടെ കാര്യം കേട്ടാലോ? വിദ്യാലയങ്ങളിൽ നടത്തിയിരുന്ന 'റൊട്ടി കടി' മത്സരം പോലെയാണത്. ഒരു 'പത്മ'ജയ്ക്കു വേണ്ടി മുൻ-പിൻ നോക്കാതെ ചാടിയിരുന്ന വിദ്വാന്മാർ അനവധി. ചില അത്യാഗ്രഹികൾ 'വാമഭാഗ'ങ്ങളെപ്പോലും രംഗത്തിറക്കി 'കാൻവാസ്' ചെയ്തിട്ടുണ്ടുപോലും! ഈയിടെയായി അതിന്റെ വ്യാകരണത്തിനൊരു മാറ്റം. ആർക്കു വേണമെങ്കിലും ആരെയും നിർദേശിക്കാം. പാൻകാർഡോ ആധാർ കാർഡോ ഉണ്ടായിരിക്കണമെന്നു മാത്രം. അവിടെയും മായം ചേർക്കാൻ വിദഗ്ധരുണ്ട്. സംബന്ധക്കാരെ കൊണ്ട് തറവാട്ടുപേരിൽ ശുപാർശ ചെയ്യാം. നൂറു ശതമാനം അഴിമതി മുക്തമാകണമെങ്കിൽ പത്മയെ വല്ല രാഷ്ട്രങ്ങളെയും ഏൽപിക്കണം. സ്വതന്ത്ര ഏജൻസിയും ആകാം. വില കൂടുന്നതല്ലാതെ ഇന്ധന വിതരണം ഇന്നുവരെ മുടങ്ങിയിട്ടില്ലല്ലോ.
അടുത്ത കാലത്തായി കേരള മുഖ്യമന്ത്രിക്കും പത്മ മോഡൽ പുരസ്‌കാരങ്ങൾ നടപ്പിലാക്കണമെന്നാണ് മോഹം. ഖജനാവ് ധൂർത്തടിച്ചു പേരുദോഷം വരുത്തരുതല്ലോ. അതിനാൽ 'കാഷ്' ഒഴിവാക്കാം. കേരള ജ്യോതി, കേരള പഭ, കേരളശ്രീ പുരസ്‌കാരങ്ങൾ നടപ്പിലാക്കി. ന്യൂജെൻ പിള്ളേർക്ക് അറിയില്ലെങ്കിലും ലേശം 'പുരാതന'ന്മാർ അവശേഷിക്കുന്നവർക്ക് ഇവയൊക്കെ പണ്ടു പ്രസിദ്ധീകരിച്ചിരുന്ന പത്ര മാസികകളല്ലേ എന്ന ശങ്ക തോന്നാം. ശങ്കിച്ചോട്ടെ, വിരോധമില്ല.
പണ്ടു ദാസേട്ടനെ ആസ്ഥാന ഗായകനാക്കണമെന്ന് വായനക്കാരുടെ കത്തുകളിലൂടെ ചിലർ പടക്കം പൊട്ടിച്ചിരുന്നു. പിന്നെ കുറച്ചുനാൾ പല വഴിക്കും ഭൂമി കുലുക്കമുണ്ടയി. ആന്ധ്ര, തെലുഗുദേശം- മധ്യപ്രദേശത്തുകാർക്ക് ആസ്ഥാന കവിയോ ഗായകനോ എന്തു വേണേൽ ആകാം. നമുക്കു മാത്രം ഒന്നും പാടില്ല.
അവാർഡ് ചിന്തകളിൽ കാടുകയറാതെ പ്രതിപക്ഷ നേതാവിന്റെ ദിനംപ്രതി മുടങ്ങാതെയുള്ള പ്രക്ഷേപണങ്ങൾ ശ്രവിച്ചാൽ മതി, സർക്കാരിന് പുതുപുത്തൻ ആശയങ്ങൾ പുഷ്പംപോലെ ലഭിക്കും. സീനിയർ വിജയൻ സഖാവ് നാട് വാണീടും കാലത്ത് ജൂനിയർ വിജയ (രാഘവ) ൻ സഖാവ് പാർട്ടിയുടെ താൽക്കാലിക നിയമനം കിട്ടിയ സെക്രട്ടറിയും ഇടതു കൺവീനറുമെന്ന രണ്ടു ഭാരങ്ങളാണ് ചുമക്കുന്നത്. തന്നിമിത്തം ചിലപ്പോൾ 'കൺട്രോളു' വിട്ടുപോകുന്നുമുണ്ട്. വി.ഡി. സതീശൻ ഈയിടെ സഖാവിന് 'ആസ്ഥാന വിദൂഷകന്റെ' പുരസ്‌കാരം ഏർപ്പെടുത്തിയാൽ എന്താണു തെറ്റ്?
പണ്ട് കൃഷ്ണദേവരായർ എന്ന രാജാവിന്റെ വിജയപുരം സാമ്രാജ്യത്തിൽ 'തെന്നാലിരാമൻ' എന്നൊരുആസ്ഥാന വിദൂഷകൻ സുഖമായി തമാശകൾ പൊട്ടിച്ച് ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്നില്ലോ?
ഇന്നു നമ്മുടെ സർക്കാർ ചെലവിൽ ആരെല്ലാം അങ്ങനെ കഴിഞ്ഞു പോരുന്നു? അവർക്കും പുരസ്‌കാരത്തിന് അർഹതയില്ലേ? വേണം. അതും വേണം. പണ്ട് മസിൽ പെരുപ്പിച്ചു ശരീര സൗന്ദര്യം കാട്ടി 'കേരളശ്രീ' പട്ടം വാങ്ങിയവരുണ്ട്. പിന്നെ ആംഗലവൽക്കരിച്ച് 'മിസ്റ്റർ കേരള'യായി. ഭരണ ഭാഷ മലയാളം, ശ്രേഷ്ഠ ഭാഷ മലയാളം, നമ്മുടെ മലയാളം എന്നാണ് പ്രമാണം. കേരളശ്രീ വല്ല 'നോട്ടക്കൂലി' പിരിവുകാരനോ എസ്.എഫ്.ഐ നേതാവോ അടിച്ചോണ്ടു പോകാതെ ശ്രദ്ധിച്ചാൽ മാത്രം മതി. ഒരു കാര്യം കൂടി- മാനദണ്ഡക്കാര്യത്തിൽ 'കല'യിൽ കാർട്ടൂണിസ്റ്റുകളെ തഴഞ്ഞതായി കാണുന്നു. അവർക്കെന്താ ലോകമെമ്പാടും കഷ്ടകാലമാണോ?