കൊച്ചി- താനറിയാതെ അമ്മയും അച്ഛനും ദത്തു നൽകിയ കുഞ്ഞിനെ തിരികെ ലഭിക്കാൻ അമ്മ അനുപമ നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി സ്വീകരിച്ചില്ല. ഈ വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കുടുംബ കോടതിയിലുള്ള കേസിൽ ഹൈക്കോടതിയുടെ ഉടൻ ഇടപെടൽ ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് ഹരജി മടക്കിയത്. നിലവിൽ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ലെന്നും ഡി.എൻ.എ പരിശോധന നടത്താൻ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
താൻ അറിയാതെയാണ്, നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൈമാറിയതെന്നും കുഞ്ഞിനെ ഹാജരാക്കാൻ സിറ്റി പോലീസ് കമ്മിഷണർക്ക് നിർദേശം നൽകണമെന്നുമായിരുന്നു അനുപമയുടെ ആവശ്യം. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത എന്നിവരടക്കം ആറു പേരെ എതിർ കക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചത്. കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ നിയമ നടപടികൾ കീഴ്‌കോടതിയിൽ തുടരുന്നതിനിടെയാണ് ഹേബിയസ് കോർപസ് ഹർജിയുമായി അനുപമ ഹൈക്കോടതിയിൽ എത്തിയത്.