കണ്ണൂർ- പനി ബാധിച്ച വിദ്യാർഥിനി മന്ത്രവാദ ചികിത്സയെ തുടർന്ന് മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കണ്ണൂർ സിറ്റി നാലുവയലിലെ ദാറുൽ ഹിദായത്തിൽ എം.എ. ഫാത്തിമ (11) യാണ് മരിച്ചത്. മന്ത്രവാദ ചികിത്സ നടത്തിയതിലൂടെ ഈ കുടുംബത്തിൽ നടക്കുന്ന ഏഴാമത്തെ മരണമാണിത്.
സിറ്റി ഹയർ സെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. മൂന്നു ദിവസം മുമ്പാണ് കുട്ടിക്ക് പനി വന്നത്. ചികിത്സയൊന്നും നൽകിയിരുന്നില്ല. ജപിച്ച് ഊതൽ ആണ് നടത്തിയത്. ഉറങ്ങാൻ കിടന്ന കുട്ടിക്ക് അനക്കം കാണാത്തതിനാലാണ് ആശുപത്രിയിൽ കൊണ്ടുപോയത്. എന്നാൽ മരിച്ച നിലയിലാണ് കുട്ടിയെ താണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
പോലീസെത്തി ജില്ലാ ആശു പത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പരിയാരത്ത കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശു പത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.
കുട്ടിയുടെ അമ്മാവന്റെ പരാതിയിലാണ് സിറ്റി പോലീസ്അ സ്വാഭാവിക മരണത്തിന് കേസെടുത്തത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണമെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായതെന്ന് സിറ്റി എസ്.ഐ. സുമേഷ് അറിയിച്ചു. ബാലാവകാശ കമ്മീഷനും വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്.
പുതിയ തെരുവിൽ ചെറിയ കച്ചവടം നടത്തുന്ന സത്താറിന്റെയും സാബിറയുടെയും ഇളയ മകളാണ് ഫാത്തിമ. മുഹമ്മദ് സാബിക്ക്, മുഹമ്മദ് സാഹിർ, മുഹമ്മദ് സഹൽ എന്നിവർ സഹോദരങ്ങളാണ്.
കണ്ണൂർ സിറ്റിയിലെ ഉവൈസ് എന്നയാളുടെ മന്ത്രവാദ ചികിത്സക്കാണ് കുട്ടിയെ വിധേയമാക്കിയതെന്നാണ് വിവരം. മരിച്ച ഫാത്തിമയുടെ മാതാവ് സാബിറയുടെ ജേഷ്ഠത്തിയുടെ ഭർത്താവ് ഇഞ്ചിക്കൽ അൻവർ, സിറ്റിയിലെ പടിക്കൽ നബീസു, ജ്യേഷ്ഠത്തി സഫിയ, സഫിയയുടെ മകൻ അഷറഫ് എന്നിവരാണ് അടുത്ത കാലത്ത് സമാന രീതിയിൽ ചികിത്സക്കിടെ മരിച്ചത്. ഇഞ്ചിക്കൽ അഷറഫ് 2018 ൽ ഗൾഫിൽ നിന്ന് അവധിയിലെത്തി പനി ബാധിച്ചപ്പോൾ ആശുപത്രിയിൽ പോകാതെ മന്ത്രവാദ ചികിത്സക്ക് വിധേയനാവുകയായിരുന്നു. സിദ്ധന്റെ ചികിത്സക്കിടെ സഫിയ മരിച്ചതോടെ മകൻ സിറാജ് വ്യാജ ചികിത്സക്കെതിരെ രംഗത്തു വന്നിരുന്നു. എന്നാൽ സിറാജിനെ മറ്റു ബന്ധുക്കൾ ഒറ്റപ്പെടുത്തി. രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സ നടത്തിയാൽ നരകത്തിൽ പോകുമെന്നു ഭയപ്പെടുത്തിയാണ് മന്ത്രവാദ ചികിത്സ നടത്തിയിരുന്നത്.