നവ-ഉദാരീകരണത്തിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളാകെ സ്വകാര്യവത്ക്കരണത്തിന്റെ കടലെടുത്തു പോകുമെന്ന് ഇപ്പോൾ നാം അനുഭവിച്ചറിയുന്നു. അതിന്റെ നേർക്കാഴ്ചയിലാണ് കേരളമിപ്പോൾ. അതുകൊണ്ടാണ് ഏറെ ഹൃദയഭാരത്തോടും വേദനയോടും ഈ വിഷയം വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുന്നത്.
കേരളത്തിലെ ജനജീവിതത്തിന്റെ ജീവനാഡിയായ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കേരള സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. അതിന്റെ വളർച്ചയിലും ഉയർച്ചയിലും പ്രതിസന്ധികളിലും കൂറോടെ നിന്നു പ്രവർത്തിച്ച് വിരമിച്ച ജീവനക്കാരിൽ 15 പേരാണ് തുടർച്ചയായി ഇതിനകം ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച സുൽത്താൻ ബത്തേരിയിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കെ.എസ്.ആർ.ടി.സി മുൻ ഓഫീസ് സൂപ്രണ്ട് 'ജീവിതം മതിയായി' എന്നാണ് ആത്മഹത്യാകുറിപ്പിൽ എഴുതിവെച്ചത്.
കൃഷിക്കാരുടെ ഇടയിലായിരുന്നു ഇത്തരം ആത്മഹത്യകൾ മുമ്പു കണ്ടത്. കൃഷിനഷ്ടവും വിലയിടിവും കാർഷികമേഖലയെ തകർത്തപ്പോൾ പിടിച്ചുനിൽക്കാനാവാതെ കൃഷിക്കാരുടെ ആത്മഹത്യ ദേശീയ ദുരന്തമായി തുടർന്നു. അപ്പോഴും ദൈവത്തെപ്പോലെ സർക്കാർ ഒരു സ്ഥിര പ്രതിഭാസമാണെന്നതുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ സുരക്ഷിതമാണെന്നു ആളുകൾ കരുതി. അവരുടെ തലയിലാണ് ഇപ്പോൾ ഇടിത്തീ വീണിരിക്കുന്നത്.
ആഗോളീകരണത്തെ തുടർന്ന് നവ-ഉദാരവത്ക്കരണ നയങ്ങൾ നടപ്പാക്കുന്നതിന്റെ കെടുതിയാണ് രാജ്യത്തെ കാർഷിക മേഖലയെ ബാധിച്ചിരിക്കുന്നതെന്ന് ആദ്യം ചൂണ്ടിക്കാണിച്ചത് ഇടതുപാർട്ടികളായിരുന്നു. അവയ്‌ക്കെതിരായ കൃഷിക്കാരുടെ സമരങ്ങൾക്ക് നേതൃത്വം കൊടുത്തതും തങ്ങൾക്കധികാരമുള്ള സംസ്ഥാന ഗവണ്മെന്റുകളെ പുതിയ നയത്തിന്റെ കടന്നാക്രമണത്തിൽനിന്ന് പ്രതിരോധിക്കുന്ന കാവൽ പുരകളാക്കിയതും ഇടതുപാർട്ടികളായിരുന്നു.
സി.പി.എമ്മിനു നേതൃത്വമുള്ള ഇടത്- ജനാധിപത്യമുന്നണി ഗവണ്മെന്റ് അധികാരത്തിലിരിക്കുന്ന കേരളത്തിൽ ജീവിതത്തിന്റെ സായംസന്ധ്യയിൽ വിശ്രമജീവിതം നയിക്കേണ്ട ട്രാൻസ്‌പോർട്ട് തൊഴിലാളികൾ ആത്മഹത്യാ മുനമ്പിലാണ്. നിസ്സഹായരും നിരാശരുമായി വിഷംകുടിച്ചും കെട്ടിത്തൂങ്ങിയും അവർ ജീവിതം അവസാനിപ്പിക്കുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് 584 കോടി രൂപ പെൻഷൻ കുടിശിക വരുത്തിയ ഭരണ കെടുകാര്യസ്ഥതയാണ് അവിശ്വസനീയമായ ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചിട്ടുള്ളത്. കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന ചെലവ് കടം തിരിച്ചടവടക്കം 7.47കോടി രൂപയാണ്. 7 കോടിയിൽ താഴെയാണ് പക്ഷെ പ്രതിദിന വരുമാനം.
പെൻഷൻ ബാധ്യത കെ.എസ്.ആർ. ടി.സി നിർവ്വഹിക്കണമെന്ന് സംസ്ഥാന സർക്കാർ. കുടിശികയോ തുടർന്നുള്ള പ്രതിമാസ പെൻഷനോ കൊടുക്കാനുള്ള വരുമാനമില്ലെന്ന് കെ.എസ്.ആർ.ടി.സി. മാസങ്ങളായി തുടർന്ന ഈ വിരുദ്ധ നിലപാടുകളും കോടതികേസുകളും വകുപ്പിന് നാഥനില്ലാതായതും ഗതികെട്ട് പെൻഷൻകാർ സെക്രട്ടേറിയറ്റിനുമുമ്പിൽ നടത്തിയ സമരവും സൃഷ്ടിച്ച അനിശ്ചിതത്വമാണ് പെൻഷൻകാരായ പതിനഞ്ചുപേർ ആത്മഹത്യയിൽ അഭയം പ്രാപിക്കാൻ ഇടയാക്കിയത്.
ആത്മഹത്യചെയ്ത പതിനഞ്ചു പേരിലോ അവരുടെ കുടുംബങ്ങളിലോ മാത്രം ഒതുങ്ങിനിൽക്കുന്ന വിഷയമല്ല കെ.എസ്.ആർ.ടി.സി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി. പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകേണ്ടത് അതിന്റെമാത്രം ബാധ്യതയാണെന്നത് നവ-ഉദാരീകരണ നയമാണ്. അതിന്റെ ഓഹരി വിൽക്കുകയോ പൊളിച്ചടുക്കുകയോ ചെയ്ത് സ്വകാര്യ മേഖലയ്ക്ക് ലാഭംകൊയ്യാനുള്ള വഴി തുറന്നുകൊടുക്കുക എന്നതാണ് ആ നയം. മൻമോഹൻസിങും നരേന്ദ്രമോഡിയും നടപ്പാക്കിയ സാമ്പത്തികനയം പൊതുമേഖലയുടെ തുരുത്തുകൾ സ്വകാര്യമേഖലയുടെ കടലിൽ മുക്കിത്താഴ്ത്തുകയാണ്. അതാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സിയുടെ കാര്യത്തിൽ കാണുന്നത്.
സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്നുള്ള കടമെടുപ്പ്, അതിന് സർക്കാറിന്റെ ജാമ്യം, അടുത്തവർഷത്തേക്ക് ആയിരംകോടിയുടെ പുനരുദ്ധാരണ പാക്കേജ്, നിശ്ചിത ഉൽപാദനക്ഷമത ഉറപ്പാക്കിക്കൊള്ളണമെന്ന ഉപാധികൾ- കെ.എസ്.ആർ.ടി.സിയെ മേഖലകളായി വിഭജിച്ച് പൊളിച്ചടുക്കാനുള്ള പദ്ധതി. അർഹതയുള്ളവർ മാത്രം പൊരുതി ജീവിച്ചാൽ മതിയെന്ന നവ-ഉദാരീകരണ കാലത്തിന്റെ കുറിപ്പടിയാണ് കെ.എസ്.ആർ.ടി.സിയുടെ മുമ്പിൽ.
അങ്ങനെ കൈകാര്യം ചെയ്യേണ്ട ഒരു സ്ഥാപനമാണോ കേരളത്തിന് കെ.എസ്.ആർ.ടി.സി? ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള ഒരു ഗവണ്മെന്റ് ഈ നയസമീപനമാണോ കെ.എസ്.ആർ.ടി.സിയോട് സ്വീകരിക്കേണ്ടത്? അതിന്റെ ഉത്തരത്തിൽ നിന്നേ ജനങ്ങളുടെ മുമ്പിൽ തലകീഴായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള കെ.എസ്.ആർ.ടി.സി പ്രതിസന്ധി എന്താണെന്നു മനസ്സിലാകൂ. അതിന് കാരണക്കാർ ആരാണെന്നും.
കേവലം ഒരു പൊതുമേഖലാ സ്ഥാപനമല്ല കെ.എസ്.ആർ.ടി.സി. ഐക്യ കേരളത്തിന്റെ ഏകോപനത്തിന്റെ പശ്ചാത്തലശക്തിയും ജനജീവിതത്തിന്റെ അടിസ്ഥാന ആശ്രയവുമായിട്ടാണ് അത് നിലകൊള്ളുന്നത്. കെ.എസ്.ആർ.ടി.സി ദൈനംദിനം നിർവ്വഹിച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് അതിന്റെ നഷ്ടത്തിന്റെ കണക്കുകൾ പെരുകിയത്. വിദ്യാർത്ഥികളുടെ യാത്രാസൗജന്യം തൊട്ട് വനാന്തരങ്ങളിലും ഗ്രാമാന്തരങ്ങളിലും വരുമാനമോ ലാഭമോ നോക്കാതെ കെ.എസ്.ആർ.ടി.സി നിർവ്വഹിച്ചു പോരുന്ന സേവനത്തിന്റെ മൂല്യം സി.എ.ജിയുടെ കണക്കെടുപ്പിൽപോലും അളക്കാൻ കഴിയാത്തതാണ്.
വേതനം പറ്റാതെ ബസ്സുകൾ നിർമ്മിച്ച് മുതൽകൂട്ടിയും സ്ഥാപനത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും പരമാവധി അധ്വാനിച്ചും മാതൃക കാട്ടിയ ജീവനക്കാരാണ് കെ.എസ്.ആർ.ടി.സിയുടേത്.
കേരളത്തിൽ തൊഴിലാളി വർഗബോധം സമൂഹത്തിൽ വളർത്തിയെടുക്കുന്നതിലും സി.പി.എമ്മിന്റെ രാഷ്ട്രീയ വളർച്ചയിൽ കാര്യമായ സംഭാവന നൽകുന്നതിലും കെ.എസ്.ആർ.ടി.സി ജീവനക്കാർ വഹിച്ച പങ്ക് മറക്കാനാവാത്തതാണ്.
കാലാകാലങ്ങളിൽ രാഷ്ട്രീയ - ഭരണ നേതൃത്വങ്ങൾ അവരുടെ കറവപ്പശുവും തേവരുടെ ആനയുമായി കെ.എസ്.ആർ.ടി.സിയെ കൈകാര്യം ചെയ്തത് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മറ്റൊരു വശമാണ്. അത് ഇത്രയും രൂക്ഷമാക്കിയത് ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഗവണ്മെന്റ് ഭരണത്തിൽ വന്നതോടെയാണ്. ഇഷ്ടപ്പെടാത്ത ബ്യൂറോക്രാറ്റുകളെ നാടുകടത്താനുള്ള ഇടങ്ങളിലൊന്നായി കെ.എസ്.ആർ.ടി.സിയെ മാറ്റിയത് ഈ ഗവണ്മെന്റാണ്. എന്നിട്ടും അതിന്റെ തലപ്പത്തിരുന്ന് കാര്യങ്ങൾ ആത്മാർത്ഥമായി കൈകാര്യം ചെയ്തുതുടങ്ങിയ ഋഷിരാജ് സിങ്, ടി.പി സെൻകുമാർ, രാജമാണിക്യം തുടങ്ങിയവരെ അവിടെ നിന്നോടിച്ചതും ഈ കാലയളവിൽ കണ്ടു.
കെടുകാര്യസ്ഥതയ്ക്കു പുറമെ ധനമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ചുള്ള സാമ്പത്തിക തീരുമാനങ്ങൾ കൂടിയായപ്പോൾ കാര്യങ്ങൾ പിടിവിട്ടുപോയി. ആദ്യംവന്ന വകുപ്പുമന്ത്രി ഫോൺ കെണിയിലും പകരക്കാരനായി വന്ന കോടീശ്വരൻ കോടതി കയറിയും രാജിവെച്ചപ്പോൾ ഇതൊരു നാഥനില്ലാ കളരിയായി.
മൂന്നുമാസമായി ഭരണപടു എന്ന് അറിയപ്പെടുന്ന മുഖ്യമന്ത്രി തന്നെയാണ് വകുപ്പുഭരിച്ചത്. ഇതിനിടയിലാണ് പെൻഷൻപോലും കിട്ടാത്ത സ്ഥിതിയും പെൻഷൻകാരുടെ സംഘടനകളുടെ സമരവും ഉണ്ടായത്. സ്വയം ജീവനെടുത്തുകൊണ്ടുള്ള അവസാനത്തെ പ്രതിഷേധരൂപവും.
ഈ പതിനഞ്ച് ആത്മഹത്യകളിൽ പെടുത്തേണ്ട ഒരു ദാരുണ മരണം കഴിഞ്ഞദിവസം മഹാനഗരത്തിലുണ്ടായി. മൂന്നു വർഷം മുമ്പ് വിരമിച്ച ഡിപ്പോ മാനേജർക്ക് വിരമിക്കൽ ആനുകൂല്യമോ പെൻഷനോ കിട്ടിയില്ല. രണ്ടുവർഷമായി ഹൃദ്രോഹബാധിതനായ ആളുടെ ചികിത്സയ്ക്കും മകളുടെ വിദ്യാഭ്യാസത്തിനും അദ്ദേഹത്തിന്റെ ഭാര്യക്ക് നഗരത്തിലെ ഫഌറ്റുകളിൽ ജോലിക്കു പോകേണ്ടിവന്നു. അടിയന്തര ഹൃദയ ശസ്ത്രക്രിയ നടത്താൻ ആശുപത്രിയിൽ പണം കെട്ടിവെക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട ആ കുടുംബനാഥനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആത്മഹത്യയ്ക്ക് പ്രേരണയാകുന്നവരേയും മനപ്പൂർവ്വമല്ലാത്ത മരണത്തിനു ഉത്തരവാദികളാകുന്നവരേയും കേസെടുത്ത് ശിക്ഷിക്കാൻ നിയമമുള്ള രാജ്യത്താണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജീവിതം സമർപ്പിച്ചവർ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാകുന്നത്. വ്യാഴാഴ്ച രണ്ടുപേർകൂടി ആത്മഹത്യ ചെയ്ത വാർത്തയ്ക്കു പിറകെയാണ് മുഖ്യമന്ത്രി സമരക്കാരുടെ പ്രതിനിധികളുമായി ചർച്ചചെയ്ത് സമരം പിൻവലിപ്പിച്ചത്. ചർച്ചയുടെ തീരുമാനം മാധ്യമ പ്രവർത്തകരെ അറിയിച്ച ഗതാഗതവകുപ്പു മന്ത്രി ജീവനക്കാരുടെ കാര്യത്തിൽ ഇത്രയേറെ താൽപര്യമെടുത്ത മറ്റൊരു മുഖ്യമന്ത്രി ഉണ്ടാകില്ലെന്നാണ് പറഞ്ഞത്. ആത്മഹത്യചെയ്തവരുടെ വീടുകളിൽ കൂട്ടക്കരച്ചിൽ നടക്കുമ്പോഴും തനിക്ക് വീണ്ടും വകുപ്പ് ഏൽപിച്ചതിനുള്ള സ്തുതിപാടൽ.
കെ.എസ്.ആർ.ടി.സിക്കു പിറകെ വൈദ്യുതി വകുപ്പും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വിവരം വെള്ളിയാഴ്ച പുറത്തുവന്നു. കെ.എസ്.ഇ.ബിയുടെ ചെയർമാൻ എൻ.എസ് പിള്ളയാണ് ജീവനക്കാർക്ക് നേരിട്ടയച്ച കത്തിൽ ഈ കാര്യം വെളിപ്പെടുത്തുന്നത്. ധനവകുപ്പിൽ മെമ്പർ സെക്രട്ടറിയായിരുന്ന പിള്ള കഴിഞ്ഞ വാരമാണ് കെ.എസ്.ഇ.ബിയുടെ ചെയർമാനായി ചുമതലയേറ്റത്.
ബോർഡും ജീവനക്കാരും സർക്കാറുമുൾപ്പെട്ട ത്രികക്ഷി കരാർപ്രകാരം 2013ൽ രൂപീകരിച്ച ജീവനക്കാരുടെ പെൻഷൻ ട്രസ്റ്റ് ശൂന്യമാണെന്ന് പുതിയ ചെയർമാൻ വെളിപ്പെടുത്തുന്നു. ഉപഭോക്താക്കളിൽനിന്ന് ദൈനംദിനം ലഭിക്കുന്ന പണമാണ് റഗുലേറ്ററി കമ്മീഷന്റെ നിർദ്ദേശം മറികടന്ന് പെൻഷന് വിതരണം ചെയ്യുന്നത്. 16,150 കോടി രൂപ പെൻഷൻ ബാധ്യത നിലനിൽക്കുകയാണെന്നും സാമ്പത്തിക പ്രതിസന്ധികൾ വേറെയുമുണ്ടെന്നും കത്തിൽ പറയുന്നു.
മാധ്യമപ്രവർത്തകരുടെ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് ഏറെ ലാഘവത്തോടെയാണ് വൈദ്യുതിമന്ത്രി എം.എം മണി പ്രതികരിച്ചത്: 'വൈദ്യുതി ബോർഡിന് വേണ്ടത്ര സ്വത്തുണ്ട്. പെൻഷൻ കിട്ടാതെ വരുന്ന സ്ഥിതിയോ അതിനു വേണ്ടി സമരം നടത്തേണ്ട അവസ്ഥയോ ഉണ്ടാവില്ല' - വിത്ത് കുത്തി തിന്നാൻ വകയുണ്ടെന്ന് മന്ത്രി ആശ്വസിപ്പിക്കുന്നു.
ജനങ്ങളുമായി നിത്യേന ബന്ധപ്പെടുന്ന മറ്റ് രണ്ട് വകുപ്പുകളായ ആരോഗ്യവും വിദ്യാഭ്യാസവും ഭരണപരമായ കെടുകാര്യസ്ഥത കൊണ്ടും അരാജകത്വംകൊണ്ടും പ്രതിസന്ധിയിലാണ്. ചുരുക്കത്തിൽ മുമ്പൊരിക്കലുമില്ലാത്ത വിധം സർക്കാറിനെ ഫലപ്രദമായി ലക്ഷ്യത്തിലേക്ക് നയിക്കാനാവാത്ത സ്ഥിതിയിലാണ് എൽ.ഡി.എഫ് ഗവണ്മെന്റ് കേരളത്തിലെത്തി നിൽക്കുന്നത്. വിഷയങ്ങൾ പഠിക്കാനോ പരിഹാരനയങ്ങൾ പ്രായോഗികമായി നിർദ്ദേശിക്കാനോ കഴിയാത്ത സ്ഥിതിയിൽ ദിശ നഷ്ടപ്പെട്ട് നീങ്ങുകയാണ് ഭരണം. വരും ദിവസങ്ങളിൽ വിവിധ വകുപ്പുകളിലെ ധനപ്രതിസന്ധി കൂടുതൽ പുറത്തുവരുന്ന സാഹചര്യമാണ് ഉള്ളത്.