ന്യൂദല്‍ഹി- പവന്‍ കപൂറിനെ റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചു. നിലവില്‍ യു.എ.ഇയിലെ അംബാസഡറായ പവന്‍ കപൂര്‍ ഇന്ത്യന്‍ ഫോറിന് സര്‍വീസിലെ 1990 ബാച്ച് ഉദ്യോഗസ്ഥനാണ്. പവന്‍ കപൂറിന്റെ ചുമതലയേല്‍ക്കല്‍ വൈകാതെയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവിലെ സ്ഥാനപതി ഡി. ബാലവെങ്കിടേഷ് വര്‍മക്ക് പകരമായാണ് പവന്‍ കപൂറിന്റെ നിയമനം. യു.എ.ഇ, ജനീവ, മോസ്‌കോ, ലണ്ടന്‍, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1966 ഡിസംബര്‍ 24നാണ് പവന്‍ കപൂര്‍ ജനിച്ചത്. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്ന് എം.ബി.എയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഇന്റര്‍നാഷണല്‍ പൊളിറ്റിക്കല്‍ ഇക്കണോമിയില്‍ ബിരുദാനന്തര ബിരുദവും നേടി.