കൊച്ചി- വൈറ്റിലയില്‍ ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരം നടന്‍ ജോജുവിന്റെ ഇടപെടലിനെ തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി രമ്യ ഹരിദാസ്.
ആര്‍ഭാടത്തിലെ തിളപ്പിനിടയില്‍ പാവപ്പെട്ടവനെ കാണാതെ പോകരുത്...കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കൂ.. നിങ്ങള്‍ ഒരു മലയാളി അല്ലേ..? തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് എംപിയുടെ ഫേസ് ബുക്ക് പോസ്റ്റ്.
ഇടപ്പള്ളി വൈറ്റില ദേശീയ പാതയില്‍ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലിത്തകര്‍ത്തതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനം തകര്‍ത്തതിനും ദേശീയപാത ഉപരോധിച്ചതിനുമാണ് കണ്ടാലറിയാവുന്ന പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കേസ് റജിസ്റ്റര്‍ ചെയ്തത്. ജോജു മദ്യപിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നുവെങ്കിലും വൈദ്യപരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കിയിരുന്നു.
രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
മിസ്റ്റര്‍ സിനിമാതാരം
താങ്കള്‍ക്ക് തെറ്റി...ഇത് കേരളമാണ്. അനീതിക്കെതിരെ പ്രതികരണവും പ്രതിഷേധവും രക്തത്തിലലിഞ്ഞവരാണ് മലയാളികള്‍..കോണ്‍ഗ്രസുകാര്‍.......... അത് മറക്കേണ്ട..
അവിടെയുള്ള ഒരു കോണ്‍ഗ്രസുകാരനും പ്രതിഷേധിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ല..സമൂഹത്തിനു വേണ്ടി ആണെന്ന് നിങ്ങള്‍ മറക്കാന്‍ പാടില്ലായിരുന്നു
ഒരു സിനിമയ്ക്ക് നിങ്ങള്‍ കോടികളോ ലക്ഷങ്ങളോ പ്രതിഫലം വാങ്ങിക്കുന്നുണ്ടാകും..
തെരുവില്‍ ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും കഷ്ടപ്പെടുന്നവന്റെ വിയര്‍പ്പ് തുള്ളിയാണ് നിങ്ങള്‍ പടുത്തുയര്‍ത്തിയ വീടും ഉണ്ണുന്ന ചോറും എന്ന് മറക്കണ്ട. രായ്ക്കുരാമാനം വില കൂട്ടുന്ന ഇന്ധനവില നിങ്ങള്‍ക്ക് പ്രശ്‌നമല്ലായിരിക്കാം.അന്നന്നത്തെ അന്നത്തിന് വേണ്ടി അധ്വാനിക്കുന്ന
പാവപ്പെട്ടവന് അത് തീവ്ര പ്രശ്‌നമാണ്.ടാക്‌സി,ബസ് തൊഴിലാളികള്‍ പട്ടിണിയിലാണ്.. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുന്നു ..അത് മറക്കരുത്...ആര്‍ഭാടത്തിലെ തിളപ്പിനിടയില്‍ പാവപ്പെട്ടവനെ കാണാതെ പോകരുത്...കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കൂ..
നിങ്ങള്‍ ഒരു മലയാളി അല്ലേ..?