Sorry, you need to enable JavaScript to visit this website.

നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ്

കൊച്ചി-മദ്യലഹരിയിലാണ് നടന്‍ ജോജു ജോര്‍ജ് സമരക്കാര്‍ക്കെതിരേ തിരിഞ്ഞതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം പൊളിഞ്ഞു. ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു.
ജോജു വനിതാ പ്രവര്‍ത്തകരെ കയറിപിടിക്കാന്‍ ശ്രമിച്ചെന്നും ഇക്കാര്യത്തില്‍ പരാതി എഴുതിനല്‍കിയിട്ടുണ്ടെന്നും ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സഭ്യമായരീതിയിലല്ല ജോജു ജോര്‍ജ് പ്രതികരിച്ചത്. മുണ്ട് മടക്കിക്കുത്തി അടിവസ്ത്രം കാണിച്ച് സിനിമാസ്‌റ്റൈല്‍ ഷോയാണ് നടത്തിയത്. വനിതാപ്രവര്‍ത്തകരെ അസഭ്യം പറയുകയും കടന്നുപിടിക്കാനും ശ്രമിച്ചു. അദ്ദേഹം മദ്യപിച്ചിരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. വാഹനത്തില്‍ മദ്യക്കുപ്പിയുണ്ടായിരുന്നു. അദ്ദേഹത്തിന് മാന്യമായി പ്രതികരിക്കാമെന്നും എന്നാല്‍ സിനിമാസ്‌റ്റൈല്‍ ഷോ കോണ്‍ഗ്രസിനോട് വേണ്ടെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ജോജുവിന്റെ പ്രകടനം ജനം വിലയിരുത്തട്ടെയെന്നും മാന്യമായി നടത്തിയ സമരത്തില്‍ 1500ലേറെ പേരാണ് വാഹനങ്ങളുമായി പങ്കെടുത്തതെന്നും ആര്‍ക്കെങ്കിലും അസൗകര്യമുണ്ടായെങ്കില്‍ മാപ്പ് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ധനവില വര്‍ധനവിനെതിരേ തിങ്കളാഴ്ച രാവിലെ വൈറ്റിലയിലായിരുന്നു വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് കോണ്‍ഗ്രസുകാര്‍ സമരം നടത്തിയത്. ഇതിനിടെയാണ് നടന്‍ ജോജു ജോര്‍ജ് അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഗതാഗതക്കുരുക്കില്‍പ്പെട്ട ജോജു വാഹനത്തില്‍നിന്നിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രോഷാകുലനായി പ്രതിഷേധിക്കുകയായിരുന്നു.

 

Latest News