തിരുവനന്തപുരം- മുന്‍ മിസ് കേരള അന്‍സി കബീര്‍ കൊച്ചിയില്‍ വാഹനപകടത്തില്‍ മരിച്ച വിവരമറിഞ്ഞ് മാതാവ് റസീന (48) കുഴഞ്ഞു വീണു. ഗുരുതരാവസ്ഥയില്‍ ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്‍സിയുടെ പിതാവ് കബീര്‍ വിദേശത്താണ്. അന്‍സിയും മാതാവും ആലങ്കോട് പാലാകോണം വീട്ടിലാണ് താമസിച്ചിരുന്നത്. കബീര്‍-റസീന ദമ്പതികളുടെ ഏക മകളാണ് അന്‍സി(25). ഇന്‍ഫോസിസ് ജീവനക്കാരിയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊച്ചിയില്‍ കാറപകടത്തില്‍ അന്‍സിയും സുഹൃത്ത് അഞ്ജന ഷാജനും കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന രണ്ടു പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.