Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനിടെ നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്തു

കൊച്ചി- ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തില്‍ റോഡില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത് ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജിന്റെ വാഹനം അക്രമികള്‍ തകര്‍ത്തു. പിന്‍വശത്തെ ചില്ലാണ് അടിച്ചുപൊട്ടിച്ചത്. ആക്രമണത്തിനിടെ ജോജുവിന് പരിക്കേറ്റു. ജോജുവിന്റെ വാഹനം കടത്തിവിടില്ലെന്ന് സമരക്കാര്‍ നിലപാടെടുത്തതോടെ സിഐ വാഹനത്തില്‍ കയറി ഡ്രൈവ് ചെയ്ത് ജോജുവിനെ പനങ്ങാട് സ്റ്റേഷനില്‍ എത്തിച്ചു. വനിതാ പ്രവര്‍ത്തകയോട് ജോജു അപമര്യാദയായി പെരുമാറി എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.

ഗതാഗതക്കുരുക്കിലായതിനെ തുടര്‍ന്നാണ് ജോജു കാറില്‍ പുറത്തിറങ്ങിയത്. റോഡ് തടസപ്പെടുത്തിയത് ചോദ്യം ചെയ്ത ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. കോണ്‍ഗ്രസിനെ നാണംകെടുത്താനുള്ള സമരമുറയാണിതെന്നും സാധാരണക്കാരാണ് റോഡില്‍ കുടുങ്ങിക്കിടക്കുന്നതെന്നും ജോജു പറഞ്ഞു. വഴിതടയലിനെതിരെ നിരവധി പേര്‍ ജോജുവിനെ പിന്തുണച്ചും രംഗത്തെത്തി.

ഇടപ്പള്ളി വൈറ്റില ദേശീയ പാതയില്‍ കോണ്‍ഗ്രസ് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് വഴിതടയല്‍ സമരം സംഘടിപ്പിച്ചത്. നൂറുകണക്കിന് വാഹനങ്ങള്‍ ഗതാഗതക്കുരുക്കിലായി.
 

Latest News