ദുബായ്- ലോകകപ്പ് ട്വന്റി20യിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോൽവി. ആദ്യമത്സരത്തിൽ പാക്കിസ്ഥാനോട് പത്തുവിക്കറ്റിന് തോറ്റ ഇന്ത്യ ഇന്ന് നടന്ന മത്സരത്തിൽ ന്യൂസിലാന്റിനോട് എട്ടു വിക്കറ്റിന് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയ 110 റൺസ്(ഏഴുവിക്കറ്റ്) ന്യൂസിലാന്റ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 14.3 ഓവറിലായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ 26 റൺസ് നേടി. ഹാർദിക് പാണ്ഡ്യ 23, രാഹുൽ 18, രോഹിത് ശർമ 14, ഋഷഭ് പന്ത് പതിനാല് റൺസും നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലാന്റിന് വേണ്ടി മിച്ചൽ 35 പന്തിൽ 49 റൺസ് അടിച്ചു. വില്യംസൺ 33 ഉം ഗുപ്റ്റിൽ 20 ഉം റൺസ് നേടി. ഇന്ത്യക്ക് സെമി സാധ്യത നിലനിർത്താൻ ഇനി മറ്റു ടീമുകളുടെ വിജയവും പരാജയവും കൂടി ആശ്രയിക്കണം.