- കേരളത്തിൽ 35,000 ലധികം വഖഫ് സ്ഥാപനങ്ങൾ
കാസർകോട്- സംസ്ഥാനത്ത് കോടിക്കണക്കിന് ആസ്തി വരുന്ന വഖഫ് വസ്തു വകകൾ ഉണ്ടെന്നും ഇവയിൽ രേഖകളിൽപെടാതെ അന്യാധീപ്പെട്ടവ തിരിച്ചു പിടിക്കുമെന്നും കായിക, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. കാസർകോട് വഖഫ് ബോർഡ് രജിസ്‌ട്രേഷൻ അദാലത്തും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.അന്യാധീനപ്പെട്ടു പോയ വഖഫ് ആസ്തികൾ തിരിച്ചു പിടിക്കാൻ വഖഫ് ബോർഡ് ഇഛാശക്തിയോടെ മുന്നോട്ട് പോകും. പല ജില്ലകളിലും വഖഫ് സ്വത്തുക്കൾ കൈവശപ്പെടുത്തി വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവക്കായി ഉപയോഗിക്കുന്നുണ്ട്. ഇത് ശരിയല്ല. വഖഫ് വക വസ്തുവകകൾ പല രീതിയിൽ കൈയേറ്റം ചെയ്യപ്പെടുകയാണ്. രേഖകളിൽ കാണാത്ത വഖഫ് സ്വത്തുക്കളെക്കുറിച്ചറിഞ്ഞാൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉത്തരവാദപ്പെട്ടവരെ അറിയിച്ചാൽ രേഖകൾ തിരിച്ചെടുക്കാൻ സാധിക്കും. വഖഫ് സ്വത്തുക്കളായി മുൻതലമുറ കൈമാറിയ വസ്തുവകകൾ പോലും അവരുടെ കുടുംബത്തിൽ തന്നെ നിലനിൽക്കുന്നുണ്ട്. ഇങ്ങനെയുള്ളവ അന്യാധീനപ്പെട്ടു പോകാനിടവരരുതെന്നും മന്ത്രി പറഞ്ഞു. സർക്കാർ പദ്ധതികൾക്കായി വസ്തു വകകൾ വിട്ടുകൊടുക്കേണ്ടി വന്നാൽ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യപ്പെട്ടവക്ക് മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. അതിനാൽ വഖഫിൽ രജിസ്റ്റർ ചെയ്യുന്നതിന് ബന്ധപ്പെട്ടവർ മടികാണിക്കേണ്ടതില്ല. കേരളത്തിൽ 35,000ലധികം വഖഫ് സ്ഥാപനങ്ങൾ ഉണ്ടെങ്കിലും 11000 രജിസ്‌ട്രേഷൻ മാത്രമേ നടന്നിട്ടുള്ളൂ. ബാക്കിയുള്ളവയെ കൂടി രജിസ്റ്റർ ചെയ്യിക്കാനാണ് അദാലത്ത് നടത്തുന്നത്. നേരത്തെ രജിസ്റ്റർ ചെയ്യപ്പെട്ടവയുടെ വിവരങ്ങൾ സംബന്ധിച്ചു പരിശോധനകൾ നടക്കുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും സർക്കാർ വഖഫ് ബോർഡിനായി തുക നീക്കിവെക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റിൽ 3.32 കോടി രൂപ നീക്കി വെച്ചു. എല്ലാ കാലത്തും സർക്കാരിനെ ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയണമെന്നില്ല. അതിനാൽ വഖഫ് ബോർഡിന്റെ തനതു വരുമാനം വർധിപ്പിക്കേണ്ടതുണ്ട്. എല്ലാ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ എല്ലാ ചെലവുകളും സ്വന്തമായി വഹിക്കാൻ വഖഫ് ബോർഡിന് കഴിയുമെന്നും അതിന്റെ തുടക്കമാണ് അദാലത്ത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. വഖഫ് ബോർഡ് ചെയർമാൻ അഡ്വ.ടി.കെ.ഹംസ അധ്യക്ഷത വഹിച്ചു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഗവ.പ്രിൻസിപ്പൽ സെക്രട്ടറി, എ.പി.എം.മുഹമ്മദ് ഹനീഷ്, വഖഫ് ബോർഡ് അംഗങ്ങളായ അഡ്വ.എം.ഷറഫുദ്ദീൻ, എം.സി.മായിൻ ഹാജി, പ്രൊഫ.കെ.എം.അബ്ദുൽ റഹീം, റസിയ ഇബ്രാഹിം, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി.എം.ജമാൽ എന്നിവർ സംസാരിച്ചു. ബോർഡ് അംഗം അഡ്വ.പി.വി.സൈനുദ്ദീൻ സ്വാഗതവും ഓഫീസർ ഇൻ ചാർജ് എൻ.റഹീം നന്ദിയും പറഞ്ഞു. വഖഫ് വസ്തുക്കളുടെ വികസനം എന്ന വിഷയത്തിൽ ഹാമിദ് ഹുസൈൻ കെ.പി ക്ലാസെടുത്തു.
വഖഫ് ബോർഡ് നടത്തിയ അദാലത്തിൽ രജിസ്ട്രേഷൻ സംബന്ധിച്ച പരാതികൾ കേട്ട് മന്ത്രി അബ്ദുറഹ്മാൻ നിർദേശങ്ങൾ നൽകി .അദാലത്തിൽ 15 കേസുകൾ പരിഗണിച്ചു. ലഭിച്ച പരാതികളിൽ പ്രാദേശിക തലത്തിലുള്ള അന്വേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം വഖഫ് നിയമങ്ങൾക്ക് അനുസൃതമായി വളരെ പെട്ടെന്ന് തന്നെ തീർപ്പു കൽപിക്കാൻ മന്ത്രി നിർദേശം നൽകി.അദാലത്തിൽ ലഭിച്ച രജിസ്ട്രേഷൻ നടപടികൾ ഏറ്റവും പെട്ടെന്ന് തന്നെ പൂർത്തീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പുതിയതായി രജിസ്റ്റർ ചെയ്ത 40 വഖ്് സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.