തിരുവനന്തപുരം- മതപരമായ കാരണങ്ങളാല്‍ അധ്യാപകര്‍ വാക്‌സിനെടുക്കാതെ വിട്ടുനില്‍ക്കുന്നുണ്ടെന്ന മന്ത്രി വി.ശിവന്‍കുട്ടിയുടെ പരാമര്‍ശം ഏറ്റുപിടിച്ച് സംസ്ഥാന വനിത കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍.
സംസ്ഥാനത്ത് നാളെ സ്‌കൂള്‍ തുറക്കാനിരിക്കെയാണ് മതപരമായ കാരണങ്ങളാല്‍ അധ്യാപകര്‍ വാക്‌സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെന്ന കാര്യം വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഇതുവരെ 2609 അധ്യാപക, അനധ്യാപക ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലന്നാണ് മന്ത്രിയുടെ കണക്ക്.
അലര്‍ജി, ആരോഗ്യപ്രശ്‌നം എന്നീ കാരണങ്ങള്‍ക്കൊപ്പം മതപരമായ കാരണത്താല്‍ അധ്യാപകര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായാണ് മന്ത്രി അറിയിച്ചത്. ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നിര്‍ദേശിച്ചുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കുന്നില്ലെന്നും വ്യക്തമാക്കി.
മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വാക്‌സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അധ്യാപകര്‍ എന്ത് അറിവാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് ഷാഹിദ കമാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. അത്തരക്കാര്‍ അധ്യാപകരായിരിക്കാന്‍ യോഗ്യരല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.