കല്‍പറ്റ-പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വത്തിക്കാന്‍ സന്ദര്‍ശനത്തെയും മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചതിനെയും കോണ്‍ഗ്രസ് കാണുന്നതു സംശയത്തോടെ.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി നടത്തിയ പ്രസംഗത്തിലാണ് മോഡിയുടെ വത്തിക്കാന്‍ സന്ദര്‍ശനത്തില്‍ ദുഷ്‌ലാക്കുണ്ടെന്ന് ആരോപിച്ചത്.
ഗോവ, മണിപ്പൂര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഏതാനും മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ളതാകാതിരിക്കട്ടെ മോഡിയുടെ മാര്‍പാപ്പ സന്ദര്‍ശനമെന്നു വേണുഗോപാല്‍ പറഞ്ഞു. അതേസമയം, മോഡിയുടെ വത്തിക്കാന്‍ സന്ദര്‍ശനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നതായും പാര്‍ട്ടി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ അദ്ദേഹം വ്യക്തമാക്കി.
നെഹ്റുവും ഇന്ദിരാഗാന്ധിയും ഐ.കെ.ഗുജറാളുമടക്കം ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ മുമ്പ് മാര്‍പാപ്പയെ സന്ദര്‍ശിച്ചിട്ടുണ്ട്. നാളുകളുടെ കാത്തിരിപ്പിനൊടുവിലെങ്കിലും മാര്‍പാപ്പയെ സന്ദര്‍ശിക്കാനും ഇന്ത്യന്‍ മണ്ണിലേക്ക് ക്ഷണിക്കാനുമുള്ള മോഡിയുടെ തീരുമാനം സന്തോഷകരമാണ്.
പാവപ്പെട്ടവര്‍ക്കായി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ ഫാ.സ്റ്റാന്‍ സ്വാമിയെ യു.എ.പി.എ ചുമത്തി ജയിലിലടച്ചു. ജാമ്യം നിഷേധിക്കപ്പെട്ടു തടവില്‍ കഴിയവെ അദ്ദേഹം മരിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും ഒരേപോലെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താനും മാര്‍പാപ്പയുമായുള്ള മോഡിയുടെ കൂടിക്കാഴ്ച ഉതകണം. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉന്നയിക്കുന്ന ഗൗരവകരമായ പ്രശ്നങ്ങള്‍ പരിഹൃതമാകണം.
ഇന്ദിരാഗാന്ധി വെറുമൊരു വ്യക്തിയല്ല, വിപ്ലവഗാഥയായിരുന്നുവെന്ന് വേണുഗോപാല്‍ അനുസ്മരിച്ചു. ഇന്ദിരാഗാന്ധി പാവങ്ങള്‍ക്കു വേണ്ടി പണക്കാരുടെ ബാങ്കുകള്‍ ദേശസാത്കരിച്ചപ്പോള്‍ മോഡി ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുകയാണെന്നു അദ്ദേഹം വിമര്‍ശിച്ചു. കോര്‍പറേറ്റുകളുടെ 12 ലക്ഷം കോടി രൂപ ബാധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളിയത്. ഇന്ദിരാഗാന്ധി പാവപ്പെട്ടവന്റെ പോക്കറ്റില്‍ പണമെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ മോഡി കൈയിട്ടുവാരാനാണ് ശ്രമിക്കുന്നതെന്നു വേണുഗോപാല്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു.