പുതിയ നൂറ്റാണ്ട് പിറക്കുന്നതിന് മൂന്ന് വർഷം മുമ്പ് മലയാളത്തിലെ ഒരു പ്രമുഖ വാരികയിൽ ഗോവയിലെ സെക്‌സ് ടൂറിസത്തെ കുറിച്ച് ലേഖനം വായിച്ചതോർക്കുന്നു. ഗോവയിലെ ബൈക്കുകൾ ഇടപാടുകാരെ പീഡന കേന്ദ്രങ്ങളിലെത്തിക്കുന്നതായിരുന്നു വിഷയം. മഡ്ഗാവിലോ പനാജിയിലോ കാത്തു നിൽക്കുന്ന റ്റു വീലറുകളിൽ കയറിയിരുന്നാൽ കാര്യം നിറവേറ്റി സെയ്ഫായി അതേ സ്‌പോട്ടിലിറക്കും. പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ സംവിധാനം. എന്നാലും അങ്ങനെയൊക്കെ ഒരു ഇന്ത്യൻ സംസ്ഥാനത്ത് നടക്കുമോയെന്ന് സംശയമുണ്ടായിരുന്നു. എല്ലാ സംസ്ഥാനങ്ങളേയും പിന്നിലാക്കി നമ്പർ വൺ കേരളം മാറി. തിരുവനന്തപുരത്തെ കേസ് ടെലിവിഷൻ സംവാദത്തിൽ ഇടംപിടിക്കുമ്പോൾ കാണാൻ ഒട്ടും താൽപര്യമില്ല. ഇന്ത്യക്ക് വേണ്ടി ലോക കായിക മേളയിൽ പങ്കെടുത്ത് സ്വർണ മെഡൽ നേടിയെത്തിയവരൊന്നുമല്ലല്ലോ ചർച്ചയിൽ പങ്കെടുക്കുന്നത്. ആകെ ശ്രദ്ധേയമായി തോന്നിയത് മാതൃഭൂമി റിപ്പോർട്ടർ കുട്ടിയെ വളർത്തുന്ന ആന്ധ്ര പ്രദേശിലെ ദമ്പതികളെ കണ്ടു വന്ന് റിപ്പോർട്ട് ചെയ്തത് മാത്രം. ഈ വിവാദത്തിൽ മന്ത്രി സജി ചെറിയാനെ പോലെ മനസ്സു കൊണ്ട് ആരും പിന്തുണയ്ക്കുക അച്ഛനെയാണ്. ആകെ കൺഫ്യൂഷനിലായത് ജനപ്രിയ പരമ്പരകളുടെ തിരക്കഥാ രചയിതാക്കളാണ്. സമൂഹത്തിലെ അപഥ സഞ്ചാരങ്ങളെ ഒന്നു കൂടി പൊലിപ്പിച്ചു വേണമല്ലോ മിനി സ്‌ക്രീനിലായാലും ബിഗ് സ്‌ക്രീനിലായാലും കഥ എഴുതാൻ. അമ്പത് കൊല്ലം മുമ്പ് ശിവാജി ഗണേശൻ കാലത്തെ പോലെ ചിന്ന വീടും കഥയുമെഴുതി മേനി നടച്ചിട്ടൊന്നും കാര്യമില്ല. സൂപ്പർ ഹിറ്റ് പരമ്പരയിൽ ഭാര്യക്ക് സൗന്ദര്യം പോരെന്ന് കണ്ട് സ്മാർട്ടായ സെക്രട്ടറിയെ വെക്കുന്നതാണ് മെഗാ സീരിയലിലെ കഥാതന്തു.
*** *** ***
ആര്യൻ ഖാന്റെ സഹതടവുകാരാണ് ഭാഗ്യവാന്മാർ. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനൊപ്പം ജയിലിൽ കഴിഞ്ഞവർക്ക് വൻ വാഗ്ദാനം. വ്യാഴാഴ്ച വൈകിട്ട് ജാമ്യം കിട്ടിയെന്ന വാർത്ത അറിഞ്ഞപ്പോഴാണ് ആര്യൻ ഖാൻ സഹതടവുകാർക്ക് വേണ്ട സഹായം പുറത്തിറങ്ങിയാൽ ചെയ്യുമെന്ന് ഉറപ്പ് നൽകിയതെന്ന് ഹിന്ദി എന്റർടെയിൻമെന്റ് ചാനലുകൾ റിപ്പോർട്ട് ചെയ്തു. കൂടെ സെല്ലിൽ കഴിഞ്ഞവർക്ക് സഹായം വാഗ്ദാനം ചെയ്തു. കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാമെന്നും നിത്യവൃത്തിക്ക് വേണ്ട കാര്യങ്ങൾ ചെയ്യാമെന്നും ആര്യൻ ഖാൻ പറഞ്ഞു. കൈവശം 4500 കോടിയുണ്ടായിട്ടും ജയിലിലെ നിയമങ്ങൾ അനുവദിക്കാത്തതിനാൽ ഷാരൂഖും ഭാര്യ ഗൗരിയും മകന് ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കഴിക്കാൻ 4500 രൂപ മാത്രമാണ് മണി ഓർഡർ അയച്ചതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തിരുന്നു.
ഒക്ടോബർ രണ്ടിന് രാത്രിയാണ് ആഡംബര കപ്പലിൽ നിന്ന് പിടികൂടിയത്. ആര്യന്റെ ജാമ്യ വാർത്ത വന്നതിന് പിന്നാലെ നിരവധി താരങ്ങൾ ഷാരൂഖ് ഖാന് പിന്തുണയുമായി രംഗത്തു വന്നു. എന്നാൽ ഇത്രയും ദിവസത്തിനിടെ കാജോൾ ഷാരൂഖിനെ പിന്തുണയ്ക്കാതിരുന്നത് ചർച്ചയായിരുന്നു. കാജോൾ ഷാരൂഖ് ജോഡികൾ ബോളിവുഡിൽ വൻ ഹിറ്റുകൾ തീർത്തവരാണ്. നിങ്ങളുടെ സുഹൃത്തിന് ഒരു പ്രതിസന്ധി വരുമ്പോൾ മൗനം പാലിക്കുകയാണോ എന്നാണ് ഷാരൂഖ് ഫാൻസ് കാജോളിനോട് ചോദിച്ചത്. ആര്യൻ ഖാന് ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗളയാണ്. ഒരു ലക്ഷം രൂപയുടെ ആൾജാമ്യത്തിൽ ജൂഹി ചൗളയാണ് ഒപ്പുവെച്ചത്. ഇതിനായി ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ വെള്ളിയാഴ്ച വൈകിട്ടോടെ ജൂഹി ചൗള എത്തിയിരുന്നു.
*** *** ***
കന്നഡ സിനിമാ മേഖലയിലെ സൂപ്പർതാരം പുനീത് രാജ്കുമാർ വെള്ളിയാഴ്ച വിട പറഞ്ഞു. തൊട്ടടുത്ത മണിക്കൂറിൽ മലയാളികളുടെ വാട്ട്‌സാപ് ഗ്രൂപ്പിൽ കണ്ട സന്ദേശം ഇങ്ങനെയായിരുന്നു. അടുത്ത രണ്ടു ദിവസത്തേക്ക് കഴിവതും ബംഗളൂരു യാത്ര ഒഴിവാക്കുക.
ശരിയാണ്, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മഹത്തായ മാതൃക സൃഷ്ടിച്ച പുനീതിന്റെ വേർപാട് അവർക്ക് താങ്ങാനാവില്ല. പ്രതികരണം എങ്ങനെയായിരിക്കുമെന്ന് പറയാനും വയ്യ. മരിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണ് ദാനം ചെയ്താണ് ലോകത്തോട് വിട പറഞ്ഞത്. പുനീതിന്റെ അച്ഛൻ രാജ്കുമാറും അമ്മ പാർവതമ്മയും ചെയ്ത പാതയിൽ തന്നെയാണ് അദ്ദേഹവും കണ്ണ് ദാനം ചെയ്തത്. കന്നഡ ആരാധകരുടെ ഉള്ളുലച്ചാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. വൻ സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാന സർക്കാർ അദ്ദേഹത്തിന്റെ വിയോഗത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. മരണ വാർത്തക്കു പിന്നാലെ സംസ്ഥാനത്തെ തിയേറ്ററുകൾ അടച്ചിടാനും നിർദേശം കൊടുത്തിട്ടുണ്ട്
പവർ സ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന പുനീതിന് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.
*** *** ***
പ്രിയദർശൻ - മോഹൻലാൽ കൂട്ടുക്കെട്ടിലെത്തുന്ന പുതിയ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. ഒരു ചിത്രത്തിന്റെ ശരിയായ ആസ്വാദനത്തിന് തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
തിയേറ്ററുകൾ തുറക്കാനാകാത്ത സമയത്ത് മാത്രമാണ് ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ച് ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂർ തിയേറ്ററിൽ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. മരക്കാരിന്റെ റിലീസിനെ കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കേരള സർക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോം ഉടൻ തന്നെ തയാറാകുമെന്നും അറിയിച്ചു. മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടിയും സംവിധായകൻ പ്രിയദർശന്റെ മകളുമായ കല്യാണി പ്രിയദർശൻ. മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് ലഭിച്ച ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ഇത്തരമൊരു ആവശ്യം കല്യാണി ഉന്നയിച്ചത്. അഭിനന്ദനങ്ങൾ, ഇനി എല്ലാവരുടേയും ആവശ്യം പോലെ മരയ്ക്കാർ തിയേറ്ററിൽ തന്നെ എത്രയും പെട്ടെന്ന് റിലീസ് ചെയ്യൂ എന്നായിരുന്നു കല്യാണി കുറിച്ചത്.
*** *** ***
നടി റീമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ടിനു നേരേ സൈബർ ആക്രമണം. ദുഃഖത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ എന്ന ടാഗ് ലൈനിൽ പങ്കുവെച്ച ചിത്രങ്ങൾക്കു നേരേയാണ് വിദ്വേഷം നിറഞ്ഞ കമന്റുകളുമായി ആളുകൾ എത്തിയത്. നടി പുകവലിക്കുന്ന ചിത്രങ്ങൾ കുട്ടികൾ ഉൾപ്പെടെയുള്ളവരെ വഴിതെറ്റിക്കുമെന്നാണ് വിമർശനം. പുക വലിക്കുന്നതും വലിക്കാത്തതും വ്യക്തിപരമായ കാര്യമാണെന്നും പക്ഷേ സമൂഹം ഉറ്റുനോക്കുന്ന സെലിബ്രിറ്റികൾ ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ അത് മറ്റുള്ളവർക്ക് അനുകരിക്കാൻ പ്രചോദനമാകുമെന്നുമാണ് വിമർശനം. സമൂഹം ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളായ മുല്ലപ്പെരിയാർ വിഷയത്തിലോ കുഞ്ഞിന് വേണ്ടി സമരം ചെയ്യുന്ന അമ്മയുടെ വിഷയത്തിലോ റിമ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും വിമർശകർ പറയുന്നു.
ഇക്കാര്യങ്ങളിൽ പിന്തുണ അറിയിക്കുകയോ അതുമല്ലെങ്കിൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി എന്തെങ്കിലും സഹായം ചെയ്യുകയോ അല്ലാതെ ഈ പുക ഫോട്ടോ കൊണ്ട് നാടിനു എന്തു ഗുണം എന്നാണ് ആരാധകർ ചോദിക്കുന്നത്.
അതേസമയം റിമയെ അനുകൂലിച്ചെത്തുന്നവരും ഉണ്ട്. സിനിമയിലെ പുരുഷ താരങ്ങൾ പുക വലിക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകൾ ചെയ്യുമ്പോൾ അതെങ്ങനെ മോശമാകുന്നുവെന്നും ഇവർ ചോദിക്കുന്നു. വൈൽഡ് ജസ്റ്റിസ് എന്ന ഹാഷ്ടാഗോടെയാണ് ദുഃഖത്തിന്റെ വിവിധ ഭാവങ്ങൾ എന്ന ടൈറ്റിലിൽ ഒൻപതു മനോഹര ചിത്രങ്ങൾ റിമ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചത്. ദുഃഖത്തിന് അഞ്ച് ഭാവങ്ങളുണ്ടെന്നും അവ തിരസ്‌കരണവും ദേഷ്യവും വിലപേശലും വിഷാദവും അംഗീകരിക്കലും ആണെന്നും അടിക്കുറിപ്പായി പറയുന്നു.