Sorry, you need to enable JavaScript to visit this website.

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ നടി പ്രിയങ്കയെ വെറുതെ വിട്ടു

തിരുവല്ല- നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ നടി പ്രിയങ്കയെ കോടതി വെറുതെവിട്ടു. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രേഷ്മ ശശിധരനാണ് പ്രിയങ്കയെ വെറുതെവിട്ട് ഉത്തരവിട്ടത്. 2004 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഭീഷണിപ്പെടുത്തിയും ആള്‍മാറാട്ടം നടത്തിയും കാവേരിയില്‍നിന്ന് പണം തട്ടിയെടുക്കാന്‍ പ്രിയങ്ക ശ്രമിച്ചെന്ന പരിതായില്‍ തിരുവല്ല പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഒരു വാരികയില്‍ കാവേരിക്ക് എതിരെ വാര്‍ത്ത നല്‍കാതിരിക്കുന്നതിന് പണം ആവശ്യപ്പെട്ടതായാണ് പരാതി ഉയര്‍ന്നത്. പ്രിയങ്ക ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു ആരോപണം. തുടര്‍ന്ന് കാവേരിയുടെ കുടുംബം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പണം നല്‍കാമെന്ന് പ്രിയങ്കയെ അറിയിക്കുകയും അതിനായി ആലപ്പുഴയിലെ ഒരു ഹോട്ടല്‍ പരിസരത്തേക്ക് എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇത് പ്രകാരം പ്രിയങ്ക സ്ഥലത്ത് എത്തി. അന്ന് കോടതിയുടെ ഉത്തരവിന് പിന്നാലെ പ്രിയങ്ക കുഴഞ്ഞ് വീണിരുന്നു. പ്രിയങ്കയ്ക്ക് എതിരെ കാര്യമായ തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പരാതിക്കാര്‍ വീണ്ടും പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. 2008ല്‍ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു.

പ്രോസിക്യൂഷന് പ്രിയങ്കയ്ക്ക് എതിരെ കൃത്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നടിയെ കോടതി നിരുപാധികം വെറുതെ വിട്ടിരിക്കുന്നത്. അഡ്വക്കേറ്റ് അനന്തഗോപന്‍ ആണ് പ്രിയങ്കയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കോടതി വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്ന് പ്രിയങ്ക പ്രതികരിച്ചു. തന്റെ നിരപരാധിത്വം എല്ലാവര്‍ക്കും മനസ്സിലാകും എന്നാണ് പ്രതീക്ഷയെന്നും കേസ് വന്നതോടെ സിനിമാ രംഗത്ത് നിന്നും മാറ്റി നിര്‍ത്തപ്പെട്ടുവെന്നും പ്രിയങ്ക പറഞ്ഞു.

 

Latest News