ദീപാവലി ആഘോഷം ഗംഭീരമാക്കാന്‍ ദുബായ്

ദുബായ്- വെടിക്കെട്ടുകളും വിനോദ പരിപാടികളുമായി വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലി ആഘോഷം ഗംഭീരമാക്കാന്‍ ദുബായ്. കോവിഡ് കവര്‍ന്ന ഒരു വര്‍ഷത്തിനു ശേഷം ഇത്തവണ ദുബായ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ദീപാവലിയുടെ ഭാഗമായി ദീപാലങ്കാരങ്ങളും വെടിക്കെട്ടുകളും കലാ സംഗീത പരിപാടികളും സംഘടിപ്പിക്കുമെന്ന് ദുബായ് ഫെസ്റ്റിവല്‍ ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു.
ഇതിന്റെ തുടക്കമെന്നോണം ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗം കാണാന്‍ സ്വദേശികളും വിദേശികളും അടക്കം നിരവധി പേരാണ് ജുമൈറ ബീച്ചില്‍ എത്തിയത്. സണ്‍സെറ്റ് മാള്‍, ഡിപി വേള്‍ഡ് ഫിറ്റ്നസ് വില്ലേജ്, കൈറ്റ് ബീച്ച് എന്നിവയുടെ പിറകിലായി കടലിനോട് ചേര്‍ന്ന് നടന്ന വെടിക്കെട്ടുകള്‍ ദുബായിയുടെ ആകാശത്ത് ദൃശ്യവിസ്മയങ്ങള്‍ തീര്‍ത്തു.
ഇത്തവണ ദീപാവലിയുടെ ഭാഗമായി ദുബായ് എക്സ്പോ വേദിയില്‍ മണ്‍ചിരാതുകളില്‍ ദീപം തെളിയിക്കും. നവംബര്‍ നാലു വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് എക്സ്പോയില്‍ ഒരുക്കിയിരിക്കുന്നത്. എക്സ്പോയുടെ പ്രധാന വേദിയായ അല്‍ വസല്‍ പ്ലാസയില്‍ എല്ലാ വൈകുന്നേരങ്ങളിലും ദീപാവലിയുടെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ നടക്കും.  എക്സ്പോയിലെ ഇന്ത്യന്‍ പവലിയനില്‍ എല്‍.ഇ.ഡി രംഗോലി ഉള്‍പ്പെടെയുള്ളവയും അരങ്ങേറും.

 

Latest News