ഉരുക്കു വനിതയെന്ന വിശേഷണത്തിന് തികച്ചും അർഹയായ ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടിട്ട് നാളെ 37 വർഷം. ഇന്ത്യയെ കരുത്തുറ്റ സാമ്പത്തിക ശക്തിയും സൈനിക ശക്തിയുമായി വളർത്തുന്നതിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഇന്ദിര 1984 ഒക്‌ടോബർ 31 നാണ് സ്വന്തം അംഗരക്ഷകരുടെ വെടിയുണ്ടകൾക്കിരയാകുന്നത്. 'എന്റെ ഓരോ തുള്ളി രക്തവും മഹത്തായ ഈ രാഷ്ട്രത്തിനു വേണ്ടി ചൊരിയുവാൻ ഞാൻ തയാറാണ്. നാളെ ഞാൻ മരിച്ചേക്കാം. എന്നാലും എന്റെ ഓരോ തുള്ളി രക്തവും രാഷ്ട്രത്തെ ശക്തിപ്പെടുത്താനുള്ളതാണ്...'മരണം മുഖാമുഖം എത്തും മുമ്പ് ഭുവനേശ്വറിൽ ഇന്ദിര പറഞ്ഞത് രാജ്യം ഇന്നും മറന്നിട്ടില്ല.
1966 ജനുവരിയിൽ ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇന്ദിരാ പ്രിയദർശിനി ഗാന്ധി 1977-1980 കാലയളവ് ഒഴിച്ചാൽ 1984 ഒക്ടോബറിൽ തന്റെ അന്ത്യം വരെ രാജ്യത്തെ നയിച്ചു. ഇന്ത്യയെ ലോക രാജ്യങ്ങൾക്കൊപ്പം എത്തിക്കുക എന്ന ദൃഢ നിശ്ചയത്തോടെ ഇന്ദിര വിപ്ലവകരമായ നിലപാടുകളും നയങ്ങളുമായി അതിവേഗം ബഹുദൂരം സഞ്ചരിച്ചു.
അതിനിടയിലാണ് 1976 ലെ അടിയന്തരാവസ്ഥയുടെ സാഹചര്യം ഉടലെടുക്കുന്നത്. അടിയന്തരാവസ്ഥയെ സംബന്ധിച്ച് വിമർശനങ്ങൾ മാത്രമാണ് പ്രചാരം നേടിയിട്ടുള്ളത്. അതിന്റെ മറുവശം ചർച്ച ആയതേയില്ല. 1966 ൽ ലാൽബഹദൂർ ശാസ്ത്രിയുടെ മരണത്തോടെ പ്രധാനമന്ത്രി പദത്തിനായി കോൺഗ്രസിൽ പലരും ശ്രമിച്ചു. മൊറാർജി ദേശായി, വൈ.ബി. ചവാൻ, എസ്.കെ. പാട്ടീൽ, സഞ്ജീവ റെഡ്ഡി, ഗുൽസരിലാൽ നന്ദ എന്നിവരായിരുന്നു പ്രമുഖർ. പക്ഷേ, കോൺഗ്രസ് പ്രസിഡന്റ് കാമരാജും ഭൂരിപക്ഷം കോൺഗ്രസ് മുഖ്യമന്ത്രിമാരും ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ 169 നെതിരെ 355 വോട്ടുകൾക്ക് ഇന്ദിര മൊറാർജിയെ തോൽപിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെയും കോൺഗ്രസ് രാഷ്ട്രീയത്തിലെയും നിർണായക വഴിത്തിരിവായി ഈ തെരഞ്ഞെടുപ്പ് മാറി. 1966 ജനുവരി 24 ന് ഇന്ദിരാ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
എന്നാൽ കോൺഗ്രസിലെ സിൻഡിക്കേറ്റ് ചേരി ഇന്ദിരയെ താഴെയിറക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോയി. 1967 ലെ തെരഞ്ഞെടുപ്പിൽ 520 ൽ 282 സീറ്റുകൾ നേടി തൽക്കാലം ഭരണം നിലനിർത്താനേ കോൺഗ്രസിന് കഴിഞ്ഞുള്ളൂ. പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധി മൊറാർജി ദേശായിയെ ഡെപ്യൂട്ടി പ്രധാനമന്ത്രിയാക്കി. സോഷ്യലിസത്തോടുള്ള കൂറു വ്യക്തമാക്കിക്കൊണ്ട് ബാങ്ക് ഇൻഷുറൻസ് ദേശസാത്കരണവും മുൻ രാജാക്കന്മാരുടെ പ്രിവിപേഴ്‌സ് നിർത്തലാക്കൽ നടപടിയും ഇന്ദിര പ്രഖ്യാപിച്ചു. കാർഷിക മേഖലയുടെ വികസനത്തിനായി സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്താൻ കർശന നിർദേശം നൽകി. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ആദ്യമായി ഇന്ത്യ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിച്ചു. ലോക രാഷ്ട്രങ്ങളെ അത്ഭുതപ്പെടുത്തി ഇന്ത്യ ഭക്ഷ്യോൽപന്നങ്ങൾ കയറ്റുമതി ചെയ്തു.
ഇന്ദിരാ ഗാന്ധിയുടെ മുതലാളിത്ത വിരുദ്ധ പോരാട്ടവും സോഷ്യലിസത്തോടുള്ള കൂറും കോൺഗ്രസിലെ സിൻഡിക്കേറ്റ് വിഭാഗത്തെ വിഷമിപ്പിച്ചു. എന്നാൽ രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും ഇന്ദിരാ ഗാന്ധി സർവശക്തമായി മാറിക്കഴിഞ്ഞിരുന്നു. ബാങ്ക് ദേശസാത്കരണത്തിന് അനുകൂലമല്ലാതിരുന്ന മൊറാർജി ദേശായിയെ ധനമന്ത്രി പദത്തിൽ നിന്നു മാറ്റിയതിനെ തുടർന്ന് അദ്ദേഹം ഡെപ്യൂട്ടി പ്രധാനമന്ത്രി പദവും ഉപേക്ഷിച്ചു.
പക്ഷേ വിഷയം കോൺഗ്രസിനെ ഒരു പിളർപ്പിലേക്ക് നയിച്ചു. 1969 നവംബറിൽ കോൺഗ്രസ് പ്രസിഡന്റ് നിജലിംഗപ്പ ഇന്ദിരയെ പാർട്ടിയിൽ നിന്നു പുറത്താക്കി. പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ദിരാ പക്ഷത്തിന് ഭൂരിപക്ഷം നഷ്ടമായി. പക്ഷേ സി.പി.ഐയും പ്രാദേശിക പാർട്ടികളും സ്വതന്ത്രന്മാരും ഇന്ദിരയെ പിന്തുണച്ചതോടെ ഭരണം നിലനിർത്താൻ സാധിച്ചു.
ബാങ്ക് ദേശസാത്കരണവും പ്രിവിപേഴ്‌സ് നിർത്തലാക്കിയ ഉത്തരവും സുപ്രീ കോടതി തടഞ്ഞു. പക്ഷേ ഇന്ദിര പതറിയില്ല. പൊതുതെരഞ്ഞെടുപ്പ് ഒരു വർഷം നേരത്തെ നടത്താൻ തീരുമാനിച്ചു.
അഞ്ചാമത്തെ പൊതുതെരഞ്ഞെടുപ്പ് 1971 മാർച്ചിൽ നടന്നു. ഇന്ദിരാ ഗാന്ധിക്കും കോൺഗ്രസിനും എതിരെ വിശാല പ്രതിപക്ഷ സഖ്യം രൂപമെടുത്തു. ആദർശങ്ങളെല്ലാം കാറ്റിൽ പറത്തി സംഘടനാ കോൺഗ്രസും സോഷ്യലിസ്റ്റ് പാർട്ടികളും ജനസംഘവുമായി കൈകോർത്തു. 'ഇന്ദിരാ ഹഠാവോ' എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഉയർത്തി ഇന്ദിര തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. രാജ്യം മുഴുവൻ സഞ്ചരിച്ച് പട്ടിണി തുടച്ചുനീക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ഇന്ദിര ജനങ്ങളുടെ വിധി അഭ്യർഥിച്ചു. അവർ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം സമ്മാനിച്ചു. 325 സീറ്റുകളുമായി ലോക്‌സഭയിൽ ഇന്ദിര മികച്ച ഭൂരിപക്ഷം നേടി. 1967 ൽ അവിഭക്ത കോൺഗ്രസിന് ലഭിച്ചതിനേക്കാൾ വമ്പിച്ച ഭൂരിപക്ഷം ഇന്ദിരാ ഗാന്ധിക്കും കോൺഗ്രസിനും കിട്ടി.
1971 ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാജിയോട് തോറ്റ രാജ്‌നാരായണൻ നൽകിയ തെരഞ്ഞെടുപ്പ് കേസിന്റെ കോടതി വിധി വന്നത് 1975 ജൂൺ 12 നാണ്. വിധി ഇന്ദിരക്ക് എതിരായിരുന്നു. ആറ് വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും സ്ഥാനം വഹിക്കുകയോ അതിന് മത്സരിക്കുകയോ ചെയ്യരുതെന്നായിരുന്നു വിധി. പ്രചാരണ സമയത്ത് സ്റ്റേജ് കെട്ടാനും മറ്റും ഉദ്യോഗസ്ഥർ സഹായിച്ചുവെന്നതായിരുന്നു കോടതി കണ്ടെത്തിയ കാര്യം. ഭരണഘടനാ വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷം ഇന്ദിര സുപ്രീം കോടതിൽ അപ്പീൽ ഫയൽ ചെയ്തു. വെക്കേഷൻ ജഡ്ജി ആയിരുന്ന വി.ആർ. കൃഷ്ണയ്യർ ഇന്ദിര കോടതിയുടെ അവധി കഴിയുന്നത് വരെ രാജിവെക്കേണ്ടതില്ലെന്നും പാർലമെന്റിൽ വോട്ട് ചെയ്യരുതെന്നും വിധിച്ചു.
എന്നാൽ കോൺഗ്രസിലെ മുൻ സിൻഡിക്കേറ്റ് വിഭാഗവും സോഷ്യലിസ്റ്റ് പാർട്ടിക്കാരും അവസരം പ്രയോജനപ്പെടുത്തി. 1975 ജൂൺ 25 ന് ജയപ്രകാശ് നാരായണനും മൊറാർജി ദേശായിയും ദൽഹിയിൽ ഒരു പൊതുയോഗത്തിൽ പോലീസിനോടും, പട്ടാളത്തോടും സർക്കാർ ഉത്തരവുകൾ അനുസരിക്കരുതെന്ന് ആഹ്വാനം ചെയ്തു. ഇതിനെ കോൺഗ്രസും സർക്കാരും ഇന്ദിരാ ഗാന്ധിയും വളരെ ഗൗരവത്തോടെയാണ് കണ്ടത്. പ്രതിപക്ഷ നേതാക്കളുടെ ആഹ്വാനം രാജ്യത്ത് ആഭ്യന്തര ലഹളക്കും അരാജകത്വത്തിനും ഭരണ സ്തംഭനത്തിനും ഇടയാക്കുമെന്ന് കണ്ട് ഭരണഘടനയുടെ 352 ാം വകുപ്പ് പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള സർക്കാരിന്റെ ശുപാർശ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് അംഗീകരിച്ചു. അന്നത്തെ സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക എന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയവും ധാർമികവുമായ ഒരു അനിവാര്യതയായിരുന്നു.
1975 ജൂൺ 26 ന് അടിയന്തരാവസ്ഥ നിലവിൽ വന്നു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യമുയർന്നത് അടിയന്തരാവസ്ഥക്കാലത്താണ്. ഉൽപാദനം വർധിക്കുകയും കയറ്റുമതി വർധിക്കുകയും ഇറക്കുമതി കുറയുകയും ചെയ്ത അവസ്ഥ രാജ്യത്ത് ഉണ്ടായി. രാജ്യം മെച്ചപ്പെട്ട സാമ്പത്തിക നിലയിലെത്തി. കള്ളക്കടത്ത്, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, മായംചേർക്കൽ തുടങ്ങിയവയെല്ലാം അപ്രത്യക്ഷമായി. വിദ്യാലയങ്ങളിലും തൊഴിൽശാലകളിലും സർക്കാർ ഓഫീസുകളിലും ഒരു പ്രവൃത്തി ദിവസം പോലും നഷ്ടപ്പെട്ടില്ല. വിലക്കയറ്റം പാടേ ഇല്ലാതായി. നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാരന് മിതമായ നിരക്കിൽ ലഭ്യമായി.
1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ നിലനിന്ന 21 മാസത്തെ അടിയന്തരാവസ്ഥയുടെ മറവിൽ പോലീസ് അതിക്രമങ്ങളും അധികാര ദുർവിനിയോഗവും ധാരാളമായുണ്ടായി എന്നത് സത്യമാണ്. പോലീസ്, സിവിൽ ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗം ജനങ്ങൾക്ക് ദുരിതങ്ങൾ സമ്മാനിച്ചു. ഇത് ഇന്ദിരാ ഗാന്ധി അറിഞ്ഞത് അടിയന്തരാവസ്ഥ പിൻവലിച്ചതിനു ശേഷമായിരുന്നു. ഈ ദുരിതങ്ങളിൽ ഇന്ദിര പിന്നീട് ഖേദപ്രകടനം നടത്തി. തടവിലാക്കപ്പെട്ടിരുന്ന രാഷ്ട്രീയ നേതാക്കളെ വിട്ടയച്ചതും അടിയന്തരാവസ്ഥ പിൻവലിച്ചതും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ഇന്ദിരാ ഗാന്ധി തന്നെയായിരുന്നു. രാജ്യം കൈവരിച്ച സാമ്പത്തിക നേട്ടങ്ങളും മറ്റും അടിയന്തരാവസ്ഥയിൽ പോലീസും ചില ഉദ്യോഗസ്ഥരും നടത്തിയ ചില ചെയ്തികൾക്ക് മുന്നിൽ നിഷ്പ്രഭമായിപ്പോവുകയാണുണ്ടായത്.
ഇന്ത്യൻ ഭരണഘടന നിലവിൽവന്ന് 26 വർഷങ്ങൾക്ക് ശേഷമാണ് മതേതരത്വം, സോഷ്യലിസം, അഖണ്ഡത എന്നീ വാക്കുകൾ ഭരണഘടനയിൽ വരുന്നത്. അതും അടിയന്തരാവസ്ഥാ കാലത്ത്. രാജ്യത്തിന്റെ നിലനിൽപിനെ ശക്തിപ്പെടുത്തിയ ഭരണഘടനാ ഭേദഗതികളാണ് 1976 ലെ 42 ാം ഭരണഘടനാ ഭേദഗതി. മതനിരപേക്ഷ കക്ഷികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പിടിവള്ളിയാണ് ഈ ഭേദഗതി. ഇന്ത്യ ഒരു മതാധിഷ്ഠിത രാഷ്ട്രമാകാതിരിക്കാനും മുതലാളിത്ത രാഷ്ട്രമാകാതിരിക്കാനും കാരണം 1976 ലെ ഭരണഘടനാ ഭേദഗതിയാണ്.
സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ മഹത്തായ പാരമ്പര്യവും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും കാലടിപ്പാടുകൾ പിന്തുടർന്ന് ഇന്ദിര ഇന്ത്യൻ ജനതയെ നയിച്ചു. രാജ്യത്തിന്റെ സമഗ്ര പരിവർത്തനത്തിനുള്ള സന്ധിയില്ലാ സമരമായിരുന്നു ഇന്ദിരയുടെ ജീവിതം. രാജ്യത്തെ സ്വയം പര്യാപ്തതയിലേക്കും ശക്തിയിലേക്കും ഔന്നത്യത്തിലേക്കും സുധീരം നയിക്കുകയെന്ന മഹാദൗത്യം ഇന്ദിര ഏറ്റെടുത്ത് വിജയിപ്പിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയുടെ പുരോഗതിക്ക് തുടക്കമിട്ടത് ജവാഹർലാൽ നെഹ്‌റു ആയിരുന്നെങ്കിലും ആ രംഗത്ത് അതിനൂതനമായ പല പദ്ധതികളും ഏറ്റെടുത്ത് നടത്തിയത് ഇന്ദിരാ ഗാന്ധിയായിരുന്നു. ബഹിരാകാശത്ത് ഇന്ത്യയെ ലോക രാഷ്ട്രങ്ങളുടെ മുന്നിലെത്തിക്കുകയും ഇന്ത്യക്കാരനെ ആദ്യമായി ബഹിരാകാശത്ത് അയക്കുകയും ചെയ്തത് അവരുടെ കാലത്താണ്.
1971 ലെ ഇന്തോ-പാക് യുദ്ധത്തിൽ മഹത്തായ വിജയം കൈവരിച്ച് വെറും 14 ദിവസം കൊണ്ട് ബംഗ്ലാദേശിനെ മോചിപ്പിച്ചപ്പോൾ ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ അഭിമാനമായി. രാഷ്ട്ര സേവനത്തിന് സമർപ്പിച്ച 67 വർഷത്തെ ജീവിതത്തിന്റെ അവസാനം സ്വന്തം ഹൃദയരക്തം കൊണ്ടു തന്നെ ഇന്ദിരാ ഗാന്ധി പൂർണ വിരാമമിട്ടു. ലോകം കണ്ട ഒരു ഉരുക്കു വനിതയായാണ് ചരിത്രം ഇന്ദിരയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും ഇന്ദിരയുടെ ശബ്ദം ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിൽ ലോകത്തെ പത്ത് ഭരണാധികാരികളുടെ പട്ടികയിൽ ജവാഹർലാൽ നെഹ്‌റുവിന് മുമ്പായി ഇന്ദിരാ ഗാന്ധിയുടെ പേരു വരാൻ കാരണവും മറ്റൊന്നല്ല. പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ, വെല്ലുവിളികളെ അതിജീവിച്ചും തിരിച്ചടികളെ അവഗണിച്ചുംകൊണ്ടുള്ള ശ്രീമതി ഗാന്ധിയുടെ നിശ്ചയ ദാർഢ്യത്തിന്റെ അംഗീകാരം മാത്രമായിരുന്നു അത്.