തൃശൂര്‍- ശ്രീ കേരളവര്‍മ്മ കോളേജില്‍ വീണ്ടും എസ്.എഫ്.ഐ ബോര്‍ഡ് വിവാദത്തിലായി. കോളേജ് തുറക്കുന്നതിന്റെ ഭാഗമായി നവാഗതര്‍ക്ക് സ്വാഗതമാശംസിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ വിവാദമായതോടെ നീക്കി.
ഇഴുകിച്ചേര്‍ന്ന വിധത്തിലുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയുടേയും കാരിക്കേച്ചറുകളില്‍ 'തുറിച്ചു നോക്കേണ്ട, ഒന്ന് ചിന്തിച്ചു നോക്കൂ ഞാനും നിങ്ങളുമെല്ലാം എങ്ങനെയുണ്ടായി', അവരുടെ മീനുകള്‍ പാരമ്പര്യത്തിന്റെ അക്വേറിയങ്ങള്‍ ഭേദിച്ച് പ്രണയത്തിന്റെ കടലിലേക്ക് യാത്ര ചെയ്യുന്നു...കണ്ണുകളില്‍ അതിജീവനങ്ങുടെ പോരാട്ടങ്ങളുടെ മഴവില്‍ത്തുണ്ട്..., ഫക്ക് യുആര്‍ നേഷണലിസം വി ആര്‍ ആള്‍ എര്‍ത്ത്ലിങ്സ് തുടങ്ങി നിരവധി ക്യാപ്ഷനുകളോടെയുള്ളതാണ് ബോര്‍ഡുകള്‍. ബോര്‍ഡില്‍ വെറും എസ്.എഫ്.ഐ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലിംഗസമത്വ ആശയമാണ് പങ്കുവെക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. അതേസമയം ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ കെ.എസ്.യുവും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവും പൊതുമര്യാദകളുടെ ലംഘനവുമാണ് ബോര്‍ഡുകളെന്ന വിമര്‍ശം ഉയര്‍ന്നു കഴിഞ്ഞു. നേരത്തെ ശബരിമലയിലെ യുവതീ പ്രവേശന വിവാദകാലത്ത് അയ്യപ്പനെ അപമാനിച്ചുവെന്ന വിധത്തിലും സരസ്വതിയെ അപമാനിച്ചുവെന്ന വിധത്തിലും ബോര്‍ഡുകള്‍ സ്ഥാപിച്ചുവെന്നത് വിവാദമായിരുന്നു. കോളേജില്‍ കാവുണ്ടെന്നും ബീഫ് ഉപയോഗിക്കാന്‍ പാടില്ലെന്ന സംഘപരിവാര്‍ നിബന്ധനക്കെതിരെ ബീഫ് ഫെസ്റ്റ് നടത്തിയതും കോളേജിനെ ഏറെ ശ്രദ്ധയിലെത്തിച്ചിരുന്നു.