കൊല്ലം- ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ മരിച്ച കുടവട്ടൂര്‍ സ്വദേശി ജവാന്‍ വൈശാഖിന്റെ സഹോദരിക്ക് ജോലി നല്‍കാനും കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുക്കാനും സര്‍ക്കാര്‍ നടപടിയായി എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്‍ എന്ന പ്രത്യേക പരിഗണനയോടെയാണ് തീരുമാനങ്ങള്‍ എന്നും കുടുംബത്തെ വീട്ടില്‍ സന്ദര്‍ശിച്ച മന്ത്രി വ്യക്തമാക്കി.
സാധാരണയായി ഇത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കുന്ന നടപടികളില്‍നിന്ന് വ്യത്യസ്തമായി 27 ലക്ഷം രൂപയോളം കടബാധ്യത ഏറ്റെടുക്കാന്‍ കാബിനെറ്റ് തീരുമാനിക്കുകയായിരുന്നു. സഹോദരി ശില്‍പക്ക് ജോലി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. പഠനം പൂര്‍ത്തിയാക്കിയ നിലയ്ക്ക് പ്രൊവിഷനല്‍ സാക്ഷ്യപത്രം അടിസ്ഥാനമാക്കി ജോലിക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് വേഗത്തിലാക്കാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദേശം നല്‍കും. വിവിധ സംഘടനകളും പഞ്ചായത്തുമൊക്കെ കുടുംബത്തെ സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ സഹായങ്ങള്‍ക്കും സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വൈശാഖിന്റെ പിതാവ് ഹരിദാസന്‍, അമ്മ ബീനകുമാരി, സഹോദരി ശില്‍പ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിനും ധനകാര്യ വകുപ്പ് മന്ത്രിക്കും നന്ദിയും കടപ്പാടും അറിയിച്ചു.