ദുബായ്- ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തക മേളയായ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് നവംബര്‍ മൂന്നിന് തുടക്കമാകും. 13 വരെ നടക്കുന്ന പുസ്തകോത്സവത്തില്‍ ഒന്നരക്കോടിയിലധികം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഇന്ത്യയില്‍നിന്നടക്കം 83 രാജ്യങ്ങളില്‍നിന്ന് 1576 പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എഴുത്തുകാരും കലാകാരന്മാരുമെത്തും. പുസ്തക പ്രകാശനം, സംവാദം, അഭിമുഖങ്ങള്‍ തുടങ്ങിയവയും നടക്കും. ജ്ഞാനപീഠ പുരസ്‌കാര ജേതാവ് അമിതാവ് ഘോഷ് ഏറ്റവും പുതിയ കൃതി 'ഒരു ജാതിക്ക ശാപം:- പ്രതിസന്ധിയിലായ ഒരു ഗ്രഹത്തിന്റെ ദൃഷ്ടാന്തങ്ങള്‍' നോവല്‍ അവതരിപ്പിക്കും.
'ഇന്‍ഡിക - ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ആഴത്തിലുള്ള സ്വാഭാവിക ജൈവിക ചരിത്രം' എന്ന കൃതിയുമായി യുവ എഴുത്തുകാരന്‍ പ്രണയ് ലാലും പങ്കെടുക്കും. 12ന് വൈകിട്ട് രണ്ടുപേരും ആസ്വാദകരുമായി സംവദിക്കും. ചേതന്‍ ഭഗത്, മാധ്യമ പ്രവര്‍ത്തകന്‍ വീര്‍ സംഘ്വി, മുന്‍നിര ഇന്ത്യന്‍ സംരംഭകന്‍ ഹര്‍ഷ് മരിവാല, യുവ നോവലിസ്റ്റ് രവീന്ദര്‍ സിങ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. മലയാളത്തില്‍നിന്ന് നോവലിസ്റ്റ് പി.എഫ് മാത്യൂസ്, കവി മനോജ് കൂറൂര്‍, സഞ്ചാര സാഹിത്യകാരന്‍ സന്തോഷ് ജോര്‍ജ് കുളങ്ങര, എഴുത്തുകാരി ദീപ നിശാന്ത് എന്നിവരെത്തും.
നൊബേല്‍ പുരസ്‌കാരം നേടിയ ടാന്‍സാനിയന്‍ സാഹിത്യകാരന്‍ അബ്ദുറസാഖ് ഗുര്‍ന, മുന്‍ വര്‍ഷത്തെ ജേതാവ് ലൂയിസ് ഗ്ലക്ക് എന്നിവരും എത്തുന്നുണ്ട്.