തിരുവനന്തപുരം - അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിന് സാക്ഷിയായ മകനെയും കൊന്ന കേസില്‍ ആറു വര്‍ഷത്തിന് ശേഷം നാലു പ്രതികള്‍ പിടിയിലായി. വെഞ്ഞാറമൂട് കീഴായിക്കോണം വണ്ടിപുരയിലെ 2015ല്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഈയടുത്താണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.
ഗൃഹനാഥയെ കൊലപ്പെടുത്തിയ കേസില്‍നിന്നു രക്ഷപ്പെടാന്‍ കേസിലെ ഒന്നാം സാക്ഷിയായ കൊല്ലപ്പെട്ട സ്ത്രീയുടെ മകനെക്കൂടി കൊലപ്പെടുത്തിയ സംഭവത്തിലാണ് നാല് പേര്‍ ആറു വര്‍ഷങ്ങള്‍ക്കുശേഷം പിടിയിലായത്.
2015 മാര്‍ച്ചിലാണ് കേസിസ്പദമായ സംഭവം. കീഴായിക്കോണം വണ്ടിപ്പുര മുക്ക് കൈതറക്കുഴി വീട്ടില്‍ പുഷ്പാംഗദന്‍, ഇയാളുടെ ഭാര്യാ സഹോദരന്‍ വിനേഷ്, വണ്ടിപ്പുരമുക്ക് സ്വദേശികളായ അഭിലാഷ്, സുരേഷ് എന്നിവരാണ് സംഭവം നടന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റിലായിട്ടുള്ളത്.
അതേസമയം രണ്ടു പ്രതികള്‍ കേസില്‍ നിരപരാധികളാണെന്നും തങ്ങളെ കുടുക്കിയതാണെന്നും നാട്ടുകാരോടു തൊഴുതു കരഞ്ഞു പറയുന്നുണ്ടായിരുന്നു.
കീഴായിക്കോണം സ്വദേശി 32 വയസുള്ള പ്രദീപാണ് 2015 ല്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മാതാവ് കൊല്ലപ്പെട്ട കേസില്‍ ഒന്നാം സാക്ഷിയായിരുന്നു പ്രദീപ്. പ്രസ്തുത കേസില്‍ സാക്ഷി വിസ്താരം തുടങ്ങുന്നതിന് ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രദീപ് കൊല്ലപ്പെടുന്നത്. കഴുത്തില്‍ കൈലി മുണ്ട് മുറുക്കിയായിരുന്നു കൊലപാതകം.