തിരുവനന്തപുരം- വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെതിരേ അനുപമയും ഭര്‍ത്താവ് അജിത്തും പരാതി നല്‍കി. പേരൂര്‍ക്കട പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. കാര്യവട്ടത്ത് നടന്ന പരിപാടിയിലാണ് മന്ത്രി പരാമര്‍ശം നടത്തിയത് എന്നതിനാല്‍ ശ്രീകാര്യം പോലീസ് സ്‌റ്റേഷനിലേക്ക് പരാതി കൈമാറിയിട്ടുണ്ട്.
രണ്ടും മൂന്നും കുട്ടികള്‍ ഉണ്ട് എന്നതും സുഹൃത്തിന്റെ ഭാര്യയെ പ്രേമിച്ചു എന്നതും അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആരോടൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഹനിക്കുന്നതാണ് മന്ത്രിയുടെ പരാമര്‍ശമെന്നും പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തയിലെയും മന്ത്രിയുടെ പരാമര്‍ശത്തിലെയും യാഥാര്‍ഥ്യം പരിശോധിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം കാര്യവട്ടം കാമ്പസില്‍ നടന്ന പരിപാടിക്കിടെയായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശമുണ്ടായത്. സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം കാമ്പസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം- ഇതായിരുന്നു മന്ത്രിയുടെ പ്രസ്താവന.
തനിക്കും മൂന്ന് പെണ്‍കുട്ടികളുള്ളതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നതെന്ന് മന്ത്രി പറഞ്ഞു. പഠിപ്പിച്ച് വളര്‍ത്തി ഒരു സ്ഥാനത്തെത്തിയപ്പോള്‍ മാതാപിതാക്കള്‍ എന്തൊക്കെ സ്വപ്നം കണ്ടിട്ടുണ്ടാകാം. എന്നാല്‍ ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പമാണ് പോയത്. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.