തിരുവനന്തപുരം- ദത്ത് വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പരാമർശം. കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികളുണ്ടാകുക, എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും കുട്ടിയുണ്ടാക്കി കൊടുക്കുക. ചോദ്യം ചെയ്ത അച്ഛൻ അച്ഛൻ ജയിലിലേക്ക് പോവുക, ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷെ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തനിക്കും മൂന്നു പെൺകുട്ടികളുള്ളതുകൊണ്ടാണ് ഇങ്ങിനെ പറയേണ്ടി വരുന്നതെന്ന് മന്ത്രി പറഞ്ഞു. പഠിപ്പിച്ച് വളർത്തി ഒരു സ്ഥാനത്തെത്തിയപ്പോൾ മാതാപിതാക്കൾ എന്തൊക്കെ സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഇരട്ടിപ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പമാണ് പോയത്. നാട്ടിൽ ഇതൊക്കെയാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.