ജിദ്ദ -കഴിഞ്ഞ ദിവസങ്ങളായി ത്രിപുരയിലെ വിവിധ മുസ്ലിം മേഖലകളിൽ വി.എച്ച്.പി ഹിന്ദുത്വ ഭീകരവാദികളുടെ നേതൃത്വത്തിൽ നടന്നുവരുന്ന ആക്രമണങ്ങൾ ഭരണകൂടത്തിന്റെ ഒത്താശയോടെയാണെന്ന് പ്രവാസി വെസ്റ്റേൺ പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന് നേരെ നടന്ന ആക്രമണത്തിന്റെ പേരിൽ ത്രിപുരയിലെ മുസ്ലിം സമൂഹത്തെ ഉന്മൂലനം ചെയ്യുക എന്ന ആസൂത്രിതമായ ശ്രമങ്ങൾക്ക് ഭരണകൂടം തന്നെ സൗകര്യമൊരുക്കുകയാണ്. പ്രതിഷേധത്തിന്റെ പേരിൽ സംഘ്പരിവാറിന്റെ നേതൃത്വത്തിൽ 15 ലധികം മുസ്ലിം പള്ളികൾ തകർക്കുകയും കടകൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാൽസംഗത്തിന് ഇരയാക്കുകയും ചെയ്യുമ്പോഴും ത്രിപുരയിലെ ബി.ജെ.പി ഭരണകൂടവും കേന്ദ്രസർക്കാറും നിശബ്ദമായി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
ബംഗ്ലാദേശിലെ ഹിന്ദു ആക്രമണത്തിനെതിരെ വിവിധ സമുദായ രാഷ്ട്രീയ സംഘടനകൾ രംഗത്തുവരികയും അപലപിക്കുകയും ചെയ്തിരുന്നെങ്കിലും ഇന്ത്യയിൽ ഗുജറാത്ത് മോഡൽ മുസ്ലിം വംശീയ ഉന്മൂലനം ആക്രമണങ്ങളും കൊലപാതകങ്ങളും തുടർക്കഥയായി മാറിയിട്ടും ഭരണകൂടവും ഉത്തരവാദപ്പെട്ട സാമൂഹികപ്രവർത്തകരും തുടരുന്ന നിശബ്ദത തികച്ചും ഞെട്ടിപ്പിക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു.
അസമിലും മറ്റ് പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷം സമാധാനാന്തരീക്ഷം പൂർണമായി തകർന്നിരിക്കുകയാണ്. ഭൂമി കുടിയൊഴിപ്പിക്കലിന്റെ പേരിൽ മുസ്ലിം കർഷകരെ വെടിവെച്ചു കൊന്നും മൃതദേഹത്തോട് പോലും ക്രൂരത കാട്ടിയും രാജ്യത്ത് ഇസ്ലാംഭീതി സജീവമാക്കി നിലനിർത്താനാണ് സംഘ്പരിവാർ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 30ൽ പരം ചർച്ചുകൾക്ക് നേരെയും രാജ്യത്ത് വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ നടന്നിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹത്തിനു നേരെ നടക്കുന്ന ആക്രമണങ്ങളിലെ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങൾ രാജ്യത്ത് ഉയർന്നുവരണമെന്നും പ്രവാസി സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.