കോൺഗ്രസ് അംഗങ്ങൾക്ക് ഇന്നലെ നിയമസഭയിൽ ആഹ്‌ളാദിക്കാൻ കാരണങ്ങൾ പലതുണ്ടായിരുന്നു. ഏറ്റവും പ്രധാനം രണ്ട് പതിറ്റാണ്ട് സി.പി.എമ്മിനൊപ്പം നിന്ന് കോൺഗ്രസിനെതിരെ പട നയിച്ച ചെറിയാൻ ഫിലിപ്പിന്റെ തിരിച്ചുവരവ് തന്നെ. ബില്ലുകളുടെ പരിഗണനാഘട്ടത്തിൽ സംസാരിച്ച തൃപ്പൂണിത്തുറ അംഗം കെ.ബാബു ഒരു കാര്യം ഉറപ്പിച്ചു പറയുന്നു - നോക്കിക്കൊ, ചെറിയാൻ ഫിലിപ്പ് വന്നു, ഇനിയും പലരും കോൺഗ്രസിലേക്ക് വരാനിരിക്കുന്നു. അലൻ -താഹ വിഷയത്തിൽ പിണറായി സർക്കാരിനെതിരാകും വിധം കോടതിയിൽ നിന്ന് വന്ന നിലപാടും, മുല്ലപ്പെരിയാർ അനുഭവങ്ങളുമെല്ലാം ബാബു വിജയമായി വിലയിരുത്തി. എത്രയോ തലമുറകളെ കടക്കെണിയിലാക്കുന്ന വിധമാണ് സർക്കാരിന്റെ കടമെടുപ്പെന്ന കാര്യത്തിൽ എൻ.ഷംസുദ്ദീൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാത്യു കുഴൽ നാടൻ എന്നിവരെല്ലാം ഒറ്റക്കെട്ടായി. കേരളത്തിൽ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും ഒരു ലക്ഷത്തിലധികം രൂപ കടത്തിലാണെന്ന് എൻ.ഷംസുദ്ദീൻ സാമ്പത്തിക ശാസ്ത്രം പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിയെ പ്രശംസയുടെ കൊടുമുടിയിൽ നിർത്തിയായിരുന്നു മുല്ലപ്പെരിയാർ വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഇടപെടൽ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പി.വി.അൻവർ ഉന്നയിച്ച 'അടിസ്ഥാനരഹിതമായ' ആരോപണങ്ങൾ നിയമസഭാ രേഖകളിൽ നിന്നും നീക്കം ചെയ്തതായി സ്പീക്കർ എം.ബി രാജേഷിന്റെ റൂളിങ് ഞെട്ടലോടെയാകും ഭരണകക്ഷിയിലെ അൻവർ അനുകൂലികൾ കേട്ടിട്ടുണ്ടാവുക. സഭാ ചട്ടങ്ങളിലും കീഴ്‌വഴക്കങ്ങളിലും അംഗങ്ങൾക്കായുള്ള പെരുമാറ്റച്ചട്ടങ്ങളിലും വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകൾ പാലിക്കാതെയും മുൻകൂട്ടി എഴുതി നൽകാതെയും ആരോപണം ഉന്നയിച്ചതുകൊണ്ടാണ് പ്രസംഗ ഭാഗം നീക്കം ചെയ്യുന്നതെന്ന് സ്പീക്കർ വ്യക്തതയോടെ പറഞ്ഞപ്പോൾ പി.വിഅൻവറിന് അത് വലിയ തിരിച്ചടിയായി.
സഭയുടെ നടപടി ക്രമങ്ങൾ പരിശോധിച്ചാൽ ന്യൂനപക്ഷം അംഗങ്ങൾ ഇത്തരം മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച സ്പീക്കർ പറയാതെ പറഞ്ഞതിന്റെ പൊരുൾ അൻവറിന്റെ നടപടി ആ ഗണത്തിൽ വരുമെന്നാണ്. 133 വർഷം പിന്നിട്ട സഭയുടെ അന്തസ്സും പൈതൃകവും കാത്തുസൂക്ഷിക്കേണ്ട ചുമതല അംഗങ്ങൾക്കാണെന്ന സ്പീക്കറുടെ റൂളിങിലെ വാക്കുകൾ കേട്ടവരുടെ മനസ്സിൽ സഭയിലെ കൈയാങ്കളിയുടെ ഓർമ ഓടിയെത്തിയിരിക്കും. നിയമസഭയുടെ ഗൗരവവും പാർലമെന്ററി മര്യാദകളും ഉൾക്കൊണ്ടുകൊണ്ട് സഭയ്ക്കകത്തും പുറത്തും പെരുമാറുവാൻ അംഗങ്ങൾ ബാധ്യസ്ഥരാണെന്ന് സ്പീക്കർ ഓർമിപ്പിച്ചു.
2021ലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവീസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന പ്രമേയത്തിൽ ഭേദഗതി അവതരിപ്പിച്ചുകൊണ്ടായിരുന്നു അൻവർ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തിലായിരുന്നു അൻവറിന്റെ ആരോപണം.
ആരോപണങ്ങൾക്ക് പ്രതിപക്ഷ നേതാവ് വ്യാഴാഴ്ച നിയമസഭയിൽ വ്യക്തിപരമായ വിശദീകരണം നൽകിയിരുന്നു. സഭാരേഖകളിൽ നിന്നും അൻവറിന്റെ പ്രസംഗം നീക്കം ചെയ്യണമെന്നത് വി.ഡി സതീശന്റെ ആവശ്യമായിരുന്നു. വിശദമായ പരിശോധനകൾക്കു ശേഷമാണ് അൻവറിന്റെ ആരോപണങ്ങൾ ചട്ടവിരുദ്ധവും കീഴ്‌വഴക്കളുടെ ലംഘനവുമാണെന്ന് സ്പീക്കർ നിരീക്ഷിച്ചത്. ഇതേത്തുടർന്ന് അൻവറിന്റെ പ്രസംഗ ഭാഗം സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തതായി ഇന്നലെ റൂളിങ് നൽകുകയായിരുന്നു. വാമൊഴിയിലും വരമൊഴിയിലും തന്റെ മാതൃപാർട്ടിയോട് പോരാടി ജയിച്ചു നിന്ന തനിക്കുണ്ടായ ഈ തോൽവിയെ എങ്ങനെയായിരിക്കും ആ മുൻ കോൺഗ്രസുകാരൻ മറികടക്കുക? എന്തായാലെന്താ, വി.ഡി സതീശനെതിരെ പറയേണ്ടത് പറഞ്ഞില്ലേ എന്നായിരിക്കാം അൻവറിന്റെ പോരാട്ട മനസ്സ് പറയുന്നത്. അൻവറിന്റെ പ്രസംഗം നീക്കിയ സാഹചര്യത്തിൽ വി.ഡി സതീശൻ ബുധനാഴ്ച ഇതു സംബന്ധിച്ചു നടത്തിയ പരാമർശങ്ങളും രേഖയിൽ നിന്ന് നീക്കിയിട്ടുണ്ട്. സഭാ രേഖകളിൽ നിന്ന് നീക്കുക എന്നാലെന്താണെന്നറിയാൻ പരേതനായ ലോനപ്പൻ നമ്പാടന്റെ നിയമസഭാ പ്രസംഗവുമായി ബന്ധപ്പെട്ടു വന്ന പരാമർശം സഹായിക്കും. നമ്പാടന്റെ പല പ്രസംഗങ്ങളും എതിരാളികളുടെ എതിർപ്പിനെ തുടർന്ന് സഭാ രേഖകളിൽ നീക്കിയിരുന്നു. അതു കാരണം ആ പ്രസംഗം തുടക്കത്തിൽ ഒരു സർ വിളിയിലും തുടർന്ന് സ്പീക്കറുടെ ഓർഡർ, ഓർഡറിലും കുറെയധികം ഡോട്ടുകളിലും ഒതുങ്ങി. കാരണം ബാക്കിയൊക്കെ രേഖയിൽ നിന്ന് നീക്കിപ്പോയിരുന്നു. പരാമർശ ദിനത്തിൽ പി.വി. അൻവർ എന്ന പേരിന് നേരെയും ഇതൊക്കെയാകും ഉണ്ടാവുക. അടുത്ത ദിവസം നടന്ന വി.ഡി സതീശന്റെ വിശദീകരണത്തിന് നേരെയും ഇതു പോലെ ഡോട്ടുകൾ മാത്രം.