നെടുമ്പാശേരി- കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് യൂണിറ്റിന്റെ ലഹരി മരുന്ന് വേട്ടക്ക് അഭിമാനകരമായ പങ്കുവഹിച്ച കെ9 ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ അലക്‌സും സെംനയും വിരമിച്ചു. കൊച്ചി വിമാനത്താവളത്തില്‍ കമ്മീഷണര്‍ മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തില്‍ പ്രത്യേകമായി സംഘടിപ്പിച്ച ചടങ്ങിലാണ് ഇരുവര്‍ക്കും യാത്രയയപ്പ് നല്‍കിയത്.
ഇരുവര്‍ക്കും ഒമ്പത് വയസ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് സേവനത്തില്‍നിന്നു വിരമിച്ചത്. ഇരുവരുടെയും സേവന കാലയളവില്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്നും എയര്‍ കസ്റ്റംസിന് 108.5 കോടി രൂപയുടെ നിരോധിത മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്. 46.50 കോടി വിലമതിക്കുന്ന അഞ്ച് കിലോ ഹെറോയിന്റെ കടത്ത് തടയാനും 10 കോടി രൂപ വിലവരുന്ന ഹാഷിഷിന്റെ കടത്ത് തടയാനും സെംന കസ്റ്റംസിനെ സഹായിച്ചു. 3.12 കിലോ ഹാഷിഷ് ഓയില്‍ കടത്ത് തടയാന്‍ അലക്സ് കസ്റ്റംസിനെ സഹായിച്ചിട്ടുണ്ട്. ഗ്വാളിയാര്‍ ഡോഗ് സെന്റര്‍, കേരള പൊലീസ് അക്കാദമി എന്നിവിടങ്ങളിലെ പരിശീലനത്തിന് ശേഷമാണ് അലക്‌സും സെംനയും കൊച്ചി കസ്റ്റംസിന്റെ ഭാഗമായത്.
ടി.പി. ഹരീഷ്, റോഷന്‍ വര്‍ഗീസ്, പി.എസ്. വിനു എന്നിവരാണ് കസ്റ്റംസില്‍ ഇവരെ പരിശീലിപ്പിച്ചിരുന്നത്. രാഷ്ട്രത്തോടുള്ള ഇവരുടെ സേവനത്തിനുള്ള അംഗീകാരമായിട്ടാണ് ആദരവോടെ യാത്രയയപ്പ് നല്‍കിയത്. കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫ് സംസാരിച്ചു. സിയാല്‍ അധികൃതരും സംബന്ധിച്ചു.