Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മലയാളിയുടെ കൊല; പ്രതികളുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു

സമീര്‍

ദമാം- അഞ്ചു വര്‍ഷം മുമ്പ് ജുബൈലില്‍ മുന്‍സിപ്പാലിറ്റി മാലിന്യപ്പെട്ടിക്കു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി സമീറിന്റെ ഘാതകര്‍ക്ക് ജുബൈല്‍ ക്രിമിനല്‍ കോടതി വിധിച്ച വധ ശിക്ഷ  ദമാം അപ്പീല്‍ കോടതി ശരി വെച്ചു.

ചെറിയ പെരുന്നാള്‍ ദിവസം പുലര്‍ച്ചെയാണ് വേലാട്ടു കുഴിയില്‍ അഹമ്മദ് കുട്ടി- ഖദീജ ദമ്പതികളുടെ മകനായ സമീറിന്റെ മൃതദേഹം വര്‍ക്ക്ഷോപ്പ് മേഖലയില്‍ പുതപ്പില്‍ മൂടിക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്. മൂന്നു ദിവസം മുമ്പ് കാണാതായ സമീറിനെ കുറിച്ച് പോലീസും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.


ശരീരത്തിലെ മുറിവുകളും സാഹചര്യ തെളിവുകളും അനുസരിച്ച്  കൊലപാതകമാണെന്ന് നിരീക്ഷിച്ച പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. ജുബൈല്‍ പോലീസിലെ ക്രിമിനല്‍ കേസ് മേധാവി മേജര്‍ തുര്‍ക്കി നാസ്സര്‍ അല്‍ മുതൈരി, രഹസ്യാന്വേഷണ വിഭാഗം ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ്, ക്യാപ്റ്റന്‍ ഖാലിദ് അല്‍ ഹംദി, എന്നിവര്‍ നടത്തിയ ഊര്‍ജിതമായ അന്വേഷണമാണ് പ്രതികളെ പെട്ടന്ന് വലയിലാക്കാന്‍ സഹായകമായത്.


അല്‍ കോബാറില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന കൊടുങ്ങല്ലൂര്‍ എരിയാട് സ്വദേശി നൈസാം സാദിഖ് (നിസാമുദ്ദീന്‍), കോഴിക്കോട് കുറ്റിയാടി സ്വദേശി അജ്മല്‍ ഹമീദ് എന്നിവരും  സൗദി പൗരന്മാരായ ഹുസൈന്‍, അസ് വദ്,ഇദ്രീസ് എന്ന അബുറവാന്‍ , അലി എന്നിവരുമാണ് പ്രതികള്‍.  


ഹവാല പണമിടപാട് നടത്തിയിരുന്ന സമീറില്‍നിന്ന് പണം കവരുന്നതിനായി സൗദി യുവാക്കള്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പണം കണ്ടെത്താത്തതിനെ തുടര്‍ന്ന് മൂന്ന് ദിവസം ബന്ദിയാക്കി മര്‍ദിച്ചു. ഇതിനിടയില്‍ മരണം സംഭവിച്ചതായാണ് കോടതി കണ്ടെത്തിയത്. അനധികൃത പണമിടപാട് കേന്ദ്രങ്ങളും മദ്യ വാറ്റ് കേന്ദ്രങ്ങളും കൊള്ളയടിക്കുന്ന സ്വദേശികളും അവരുടെ വിദേശികളായ സഹായികളും  അടങ്ങുന്ന റാക്കറ്റാണ് സമീറിനെ കൊലപ്പെടുത്തിയത്.

അപ്പീല്‍ കോടതിയും വധ ശിക്ഷ ശരി വെച്ചതോടെ പ്രതികള്‍ ദയാഹരജി നല്‍കും. പ്രതികള്‍ക്ക് മാപ്പ് നല്‍കാന്‍ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല. സൗദി ഭരണാധികാരികള്‍ക്ക് ഉള്‍പ്പടെ എംബസി വഴി ദയാഹരജികള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് പ്രതികളുടെ കുടുംബങ്ങള്‍. ഏതായാലും സമീറിന്റെ കുടുംബം മാപ്പ് നല്‍കിയാല്‍ മാത്രമേ ദയാ ഹരജിക്ക് ഫലമുണ്ടാകൂ.

 

 

Latest News