Sorry, you need to enable JavaScript to visit this website.

സൗദിയില്‍നിന്ന് വിദേശികള്‍ നാട്ടിലയക്കുന്ന പണം മൂന്ന് ശതമാനം കുറഞ്ഞു

റിയാദ് - സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ ഈ വര്‍ഷം മൂന്നാം പാദത്തില്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തി. ഒന്നും രണ്ടും പാദങ്ങളില്‍ വിദേശികളുടെ റെമിറ്റന്‍സ് പത്തു ശതമാനം തോതില്‍ വര്‍ധിച്ചിരുന്നു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ വിദേശികള്‍ 3,960 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്.
2019നു ശേഷം ആദ്യമായാണ് ഈ വര്‍ഷം മൂന്നാം പാദത്തില്‍ വിദേശികളുടെ റെമിറ്റന്‍സ് കുറയുന്നതെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. 2019 നാലാം പാദത്തില്‍ റെമിറ്റന്‍സ് 11.2 ശതമാനം തോതില്‍ കുറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വിദേശികളുടെ റെമിറ്റന്‍സില്‍ വര്‍ധന രേഖപ്പെടുത്തി. സെപ്റ്റംബറില്‍ വിദേശികള്‍ 1,335 കോടി റിയാല്‍ (356 കോടി ഡോളര്‍) ആണ്  സ്വദേശങ്ങളിലേക്ക് അയച്ചത്. 2020 സെപ്റ്റംബറില്‍ വിദേശികളുടെ റെമിറ്റന്‍സ് 1,240 കോടി റിയാല്‍ (330 കോടി ഡോളര്‍) ആയിരുന്നു. ഈ വര്‍ഷം ആദ്യത്തെ ഒമ്പതു മാസങ്ങളില്‍ വിദേശികളുടെ റെമിറ്റന്‍സ് 5.5 ശതമാനം തോതില്‍ വര്‍ധിച്ചു. ഒമ്പതു മാസത്തിനിടെ 11,632 കോടി റിയാലാണ് (3,102 കോടി ഡോളര്‍) ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിദേശികളുടെ റെമിറ്റന്‍സ് 11,024 കോടി റിയാല്‍ ആയിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ വിദേശികള്‍ 608 കോടി റിയാല്‍ അധികം അയച്ചു.
സെപ്റ്റംബറില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ച പണം 44 ശതമാനം തോതില്‍ വര്‍ധിച്ചു. സെപ്റ്റംബറില്‍ 579 കോടി റിയാലാണ് സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ചത്. 2020 സെപ്റ്റംബറില്‍ ഇത് 402 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സ്വദേശികള്‍ വിദേശങ്ങളിലേക്ക് 177 കോടി റിയാല്‍ അധികം അയച്ചു.
ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദികളുടെ റെമിറ്റന്‍സ് 38.2 ശതമാനം തോതില്‍ വര്‍ധിച്ചു. മൂന്നാം പാദത്തില്‍ സ്വദേശികള്‍ ആകെ 1,567 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മൂന്നാം പാദത്തില്‍ 433 കോടി റിയാല്‍ അധികം സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ചതായും സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.

 

Latest News