തിരുവനന്തപുരം- രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ തിരിച്ചെത്തി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പാർട്ടിയിൽ തിരിച്ചെത്തിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇന്നലെ ഔദ്യോഗികമായി തന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചുവെന്നും ഇന്ന് രാവിലെ രാഷ്ട്രീയ ഗുരു എ.കെ. ആന്റണിയെ കണ്ട് അനുഗ്രഹം തേടിയെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഞാനെന്റെ കുടുംബത്തിലേക്കും തറവാട്ടിലേക്കും മടങ്ങുകയാണ്.
ഇന്ത്യൻ ദേശീയതയുടെ പ്രതീകമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. 600 ൽ പരം നാട്ടുരാജ്യങ്ങളായിരുന്ന ഇന്ത്യയെ ഒരു ചരടിൽ കോർത്തിണക്കി ഐക്യവും അഖണ്ഡതയും നിലനിർത്തി ഒരു രാഷ്ട്രമായി രൂപാന്തരപ്പെടുത്തുന്നതിൽ ഗാന്ധിജിയുടേയും നെഹ്റുവിന്റേയും പങ്കുണ്ട്. ഇന്ത്യൻ ദേശീയത നിലനിർത്തുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്.
രാജ്യസ്നേഹമുള്ള വ്യക്തിയെന്ന നിലയിൽ, കോൺഗ്രസ് തന്നെ വീണ്ടും ഇന്ത്യയുടെ ഭരണത്തിലും രാഷ്ട്രീയമുന്നേറ്റത്തിലും ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹമുള്ളതുകൊണ്ടാണ് ജീവിതത്തിന്റെ സായാഹ്നത്തിൽ വീണ്ടും കോൺഗ്രസിനെ കെട്ടിപ്പടുക്കുവാനുള്ള ചരിത്രപരമായ ദൗത്യത്തിൽ പങ്കുചേരുന്നതെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.