തൊടുപുഴ-ഇടുക്കിയില്‍ നേരിയ തോതില്‍ മാത്രമേ വെള്ളം ഉയരൂവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.ഇടുക്കി ഡാമില്‍ നിലവില്‍ ഭീഷണിയില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ 7.29 ന് തന്നെ തുറന്നെന്നും 534 ഘനയടി വെള്ളം ഒഴുക്കി വിട്ടുവെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകളാണ് ഇന്ന് തുറന്നത്. ഇടുക്കി ഡാമില്‍ ജലനിരപ്പ് റൂള്‍ കര്‍വ് പരിധി പിന്നിട്ടതോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 2398.32 അടിയാണ് നിലവിലെ ജലനിരപ്പ്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 350 കുടുംബങ്ങളിലായി 1079 പേരെ വീടുകളില്‍ നിന്ന് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യുമന്ത്രി കെ രാജന്‍ പറഞ്ഞു. ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണ്. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും കഴിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി.