ആലുവ- ചൂണ്ടി ഭാരത് മാത കോളേജില്‍ എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി അഞ്ചുപേര്‍ക്ക് പരിക്ക്. മൂന്ന് കെ.എസ്.യു പ്രവര്‍ത്തകരും രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരുമാണ് ആശുപത്രിയിലായത്.
കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ് ലം, ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ അബി വക്കാസ്, ഫാബിയോ ടോമി എന്നിവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിലും എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് സി.ഐ. ഷെഫിന്‍, ജോയിന്റ് സെക്രട്ടറി ദേവരാജ് സുബ്രഹ്മണ്യന്‍ എന്നിവരെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ക്ലാസ് ആരംഭിച്ച ആര്‍ട്‌സ് കോളേജിന് മുമ്പില്‍ എസ്.എഫ്.ഐ കെട്ടിയ പോസ്റ്റര്‍ കാണുന്നില്ലെന്നാക്ഷേപിച്ച് അനാവശ്യമായി മര്‍ദിക്കുകയായിരുന്നുവെന്ന് കെ.എസ്.യു ആരോപിച്ചു. എടത്തലയില്‍ നിന്നും സി.പി.എം പ്രവര്‍ത്തകര്‍ എത്തിയാണ് ആക്രമിച്ചതെന്ന് കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് അല്‍ അമീന്‍ ആരോപിച്ചു.
ലോ കോളേജിന് മുമ്പില്‍ എസ്.എഫ്.ഐ ബുക്ക് ചെയ്തിരുന്ന ഭാഗം കെ.എസ്.യു കൈയേറിയത് ചോദ്യം ചെയ്തതിന്റെ പേരില്‍ പുറത്തുനിന്നുമെത്തിയ സംഘമാണ് മര്‍ദിച്ചതെന്ന് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എസ്. ഹരികൃഷ്ണന്‍ പറഞ്ഞു. ഇരുവിഭാഗത്തിന്റെയും പരാതിയില്‍ കേസെടുത്തതായി എടത്തല സി.ഐ പി.ജെ. നോബിള്‍ പറഞ്ഞു.
അതിനിടെ, ചൂണ്ടി ഭാരത് മാത ലോ കോളേജും ആര്‍ട്‌സ് കോളേജും കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥി സംഘട്ടനം പതിവായ സാഹചര്യത്തില്‍ പോലീസ് സാന്നിധ്യത്തില്‍ സമാധാന കമ്മിറ്റി രൂപീകരിച്ചു.
എടത്തല പോലീസ് സ്‌റ്റേഷനിലായിരുന്നു ചര്‍ച്ച. ഇരുകോളേജുകളിലെയും പ്രിന്‍സിപ്പല്‍മാര്‍, സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി, എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി സംഘടന പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് സമാധാന കമ്മിറ്റി.