തിരുവനന്തപുരം- മുതിര്‍ന്ന അര്‍ബുദ രോഗ ചികിത്സാവിദഗ്ധന്‍ ഡോ.എം. കൃഷ്ണന്‍ നായര്‍(81) അന്തരിച്ചു. തിരുവനന്തപുരം ആര്‍.സി.സി സ്ഥാപക ഡയറക്ടറാണ്. അര്‍ബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. കേരളത്തിലെ ക്യാന്‍സര്‍ ചികിത്സ രംഗത്ത് നൂതനമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത് ഡോ. എം. കൃഷ്ണന്‍ നായരായിരുന്നു. ലോകാരോഗ്യ സംഘടനയിലെ കാന്‍സര്‍ ഉപദേശകസമിതി അംഗമായി പ്രവര്‍ത്തിച്ചു. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ റിസര്‍ച്ച് പ്രൊഫസറുമാണ്.
പേരൂര്‍ക്കടയിലെ ചിറ്റല്ലൂര്‍ കുടുംബത്തില്‍ മാധവന്‍ നായരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1939ല്‍ ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് 1963ല്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി. ക്ലിനിക്കല്‍ ഓങ്കോളജിയില്‍ എംഡി പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ റേഡിയോളജി വിഭാഗത്തില്‍ ജോലിക്കു ചേര്‍ന്നു. ലണ്ടനിലെ വിദഗ്ധ പഠനത്തിനുശേഷം മടങ്ങിയെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ചികില്‍സയ്ക്കുള്ള ചെറിയവിഭാഗം രൂപീകരിച്ചു. 1981 മുതല്‍ 2003 വരെ ആര്‍സിസി ഡയറക്ടറായിരുന്നു. പിന്നീട് ആര്‍സിസിയുടെ രൂപീകരണത്തില്‍ പങ്കാളിയായി. 'ഞാനും ആര്‍സിസിയും' എന്നപേരില്‍ ക്യാന്‍സര്‍ ചികില്‍സാ രംഗത്തെ അനുഭവങ്ങള്‍ പുസ്തകമായി എഴുതി.
1981ല്‍ ആര്‍സിസിയില്‍ ഡോ. കൃഷ്ണന്‍ നായരുടെ പരിശ്രമ ഫലമായി ഇന്ത്യയിലാദ്യമായി കുട്ടികള്‍ക്കായുള്ള കാന്‍സര്‍ ചികിത്സാ വിഭാഗം തുടങ്ങി. നിര്‍ധനരായ കുട്ടികള്‍ക്ക് മരുന്നുകളും മറ്റു സൗജന്യമായി നല്‍കുകയും ചെയ്തു. കാന്‍സര്‍ നിയന്ത്രണത്തിനായുളള പൊതുജന ബോധവല്‍ക്കരണ പരിപാടികള്‍ ഏകോപിപ്പിച്ച് ഇന്ത്യയില്‍ ആദ്യമായി 1985ല്‍ ഒരു കമ്യൂണിറ്റി ആന്‍ഡ് പ്രിവന്റീവ് ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ആര്‍സിസിയില്‍ ആരംഭിച്ചു.
കാന്‍സര്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട ദേശീയ, സംസ്ഥാന തലത്തിലുളള നിരവധി സംഘടനകളില്‍ അംഗമായ ഇദ്ദേഹത്തിന് ആശുപത്രി നാഥ്വാഹി കാന്‍സര്‍ അവാര്‍ഡ്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ വിമല ഷാ അവാര്‍ഡ്, 1993 ലെ ഭീഷ്മാചാര്യ അവാര്‍ഡ്, ധന്വന്തരി ട്രസ്റ്റിന്റെ ചികില്‍സാരത്‌നം അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. നിരവധി ദേശീയ, രാജ്യാന്തര സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുളള ഇദ്ദേഹം 75ലേറെ ഗവേഷണപദ്ധതികള്‍ രൂപപ്പെടുത്തുകയും 150 ഓളം ശാസ്ത്രപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.