Sorry, you need to enable JavaScript to visit this website.

ദര്‍ശന ഹിറ്റാവുമ്പോള്‍ റിയാദിലെ മലയാളികള്‍ക്ക് അഭിമാനിക്കാം: ഇത് ഹിഷാമിന്റെ ഗാനമാണ്

റിയാദ്- വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍  നായകനാവുന്ന 'ഹൃദയം' എന്ന സിനിമയിലെ ദര്‍ശന എന്ന ഗാനം തിങ്കളാഴ്ചയാണ് പുറത്തിറങ്ങിയത്. രണ്ടുദിവസത്തിനുള്ളില്‍ തന്നെ ഗാനം മലയാളികളാകെ നെഞ്ചിലേറ്റി കഴിഞ്ഞു. യൂട്യൂബ് ഹിറ്റ് ചാര്‍ട്ടില്‍ ഗാനം ഒന്നാമതെത്തി. രണ്ടു ദിവസത്തിനുള്ളില്‍ 40 ലക്ഷത്തില്‍ അധികം പേരാണ് ഗാനം കണ്ടത്. ഇതിന് പിന്നാലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് പ്രണവ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ രംഗത്തെത്തി. പാട്ട്് ഹിറ്റ് തരംഗം തീര്‍ക്കുമ്പോള്‍ സൗദിയിലെ പ്രവാസികള്‍ക്കും അഭിമാനിക്കാം. റിയാദിലെ വേദികളില്‍ പാടിത്തിമര്‍ത്ത ഹിഷാം അബ്ദുല്‍ വഹാബാണ് ഈ ഗാനമൊരുക്കിത്. റിയാദിലെ സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്ന  ഷക്കീല വഹാബിന്റെ മകനാണ് ഹിഷാം.
ഹിഷാം അബ്ദുല്‍ വഹാബും ദര്‍ശന രാജേന്ദ്രനുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കോളേജ് പശ്ചാത്തലത്തിലെ പ്രണയഗാനമാണ് ദര്‍ശന. പ്രണവ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിട്ടുള്ളത്.
ഹിഷാം തന്നെയാണ് ഗാനം ചിട്ടപ്പെടുത്തിയതും. മണിക്കൂറുകള്‍ കൊണ്ട് മലയാളികളുടെ മനംകവര്‍ന്ന ഗാനത്തിന്റെ ഉത്ഭവത്തെക്കുറിച്ച് സംവിധായകന്‍ വിനീത് ശ്രീനിവാസന്റെ വാക്കുകള്‍ കേള്‍ക്കാം.

'ഞങ്ങളുടെ ഗാനത്തിന് നിങ്ങള്‍ നല്‍കുന്ന അതിരറ്റ സ്‌നേഹത്തിന് നന്ദി. ഹിഷാം അബ്ദുല്‍ വഹാബിന്റെ വീട്ടിലെ ചെറിയ സ്റ്റുഡിയോ മുറിയില്‍നിന്നു 2019 ജൂലൈ മാസത്തിലാണ് ദര്‍ശന ചിട്ടപ്പെടുത്തിയത്. മൈക്കിന്റെ മുന്നില്‍ നിന്നുകൊണ്ട് ആ ഗാനം ഒറ്റയടിക്ക് അവന്‍ പാടിത്തീര്‍ത്തപ്പോള്‍ അനുഭവിച്ച മാസ്മരികത ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഇത് പുറത്തിറങ്ങാന്‍ ഞങ്ങള്‍ ഏകദേശം രണ്ട് വര്‍ഷവും മൂന്നു മാസങ്ങളും കാത്തിരുന്നു.
ഹൃദയത്തിനു വേണ്ടി ഒട്ടേറെ ടെക്നീഷ്യന്മാരും സംഗീതജ്ഞരും പരിശ്രമിച്ചു. പ്രേക്ഷകര്‍ വിലമതിക്കുന്ന ഒരു അനുഭവം അവര്‍ക്കു സമ്മാനിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഈ സിനിമക്കായി, ഞങ്ങളുടെ ഹൃദയത്തിനായി, സര്‍വവും സമര്‍പ്പിക്കുന്നു.
ഞങ്ങളെ നിങ്ങളുടെ പ്രാര്‍ഥനകളില്‍ കൂട്ടുക. ഈശ്വരാനുഗ്രഹത്താല്‍, ജനുവരി മാസത്തില്‍ ഓഡിയോ കാസറ്റുകള്‍ എത്തും. സിനിമ ജനുവരിയില്‍ പുറത്തിറങ്ങും. അതുവരെ ഞങ്ങളുടെ ഹൃദയം അല്‍പ്പാല്‍പ്പമായി നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും- വിനീത് ശ്രീനിവാസന്റെ പോസ്റ്റില്‍ പറയുന്നു.

പാട്ട് കേള്‍ക്കാം:

Latest News