Sorry, you need to enable JavaScript to visit this website.

റെഡ്‌സീ കമ്പനി 2,000 കോടിയുടെ കരാറുകള്‍ ഒപ്പുവെച്ചു - സി.ഇ.ഒ

റിയാദ് - റെഡ്‌സീ ഡെവലപ്‌മെന്റ് കമ്പനി നിരവധി കമ്പനികളുമായി 800 ലേറെ കരാറുകള്‍ ഇതിനകം ഒപ്പുവെച്ചിട്ടുണ്ടെന്ന് കമ്പനി സി.ഇ.ഒ ജോണ്‍ പഗാനൊ പറഞ്ഞു. ആകെ 2,000 കോടിയിലേറെ റിയാലിന്റെ കരാറുകളാണ് കമ്പനി ഒപ്പുവെച്ചത്. കൊറോണ മഹാമാരി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധമായിട്ടില്ല. അടുത്ത വര്‍ഷാവസാനത്തോടെ റെഡ്‌സീ പദ്ധതിയില്‍ സന്ദര്‍ശകരെയും ടൂറിസ്റ്റുകളെയും സ്വീകരിച്ചു തുടങ്ങും. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്നുള്ള സഹായത്തിനു പുറമെ, റെഡ്‌സീ ഡെവലപ്‌മെന്റ് കമ്പനിക്ക് സ്വകാര്യ മേഖലയില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. കമ്പനി ഇതുവരെ പതിനായിരം തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതികളില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് പ്രാദേശിക സമൂഹങ്ങള്‍ക്കും കമ്പനി പിന്തുണ നല്‍കുന്നു.
റെഡ്‌സീ പദ്ധതിയില്‍ ആഢംബര ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സ്, സിക്‌സ് സെന്‍സസ്, ജുമൈറ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സ്, എഡിഷന്‍ ഹോട്ടല്‍സ്, സെന്റ് റെഗിസ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സ്, ഫെയര്‍മോണ്ട് ഹോട്ടല്‍ ആന്റ് റിസോര്‍ട്ട്‌സ്, റാഫിള്‍സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സ്, എസ്.എല്‍.എസ് ഹോട്ടല്‍സ് ആന്റ് റെസിഡന്റ്‌സ്, ഗ്രാന്റ് ഹയാത്ത് എന്നിവയുമായി റെഡ്‌സീ ഡെവലപ്‌മെന്റ് കമ്പനി ഇന്നലെ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിനിടെ കരാറുകള്‍ ഒപ്പുവെച്ചു. ആദ്യ ഘട്ടത്തില്‍ റെഡ്‌സീ പദ്ധതിയില്‍ 16 ഹോട്ടലുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്. ഇവയില്‍ ആകെ 3,000 റൂമുകളുണ്ടാകും. ഇന്നലെ കരാറുകള്‍ ഒപ്പുവെച്ച ഹോട്ടല്‍ ഗ്രൂപ്പുകള്‍ പദ്ധതി പ്രദേശത്ത് 1,700 ലേറെ മുറികള്‍ ലഭ്യമാക്കും. പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കുന്നതോടെ റെഡ്‌സീ പദ്ധതി മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് 2,200 കോടി റിയാല്‍ സംഭാവന ചെയ്യുകയും 70,000 ലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ജോണ്‍ പഗാനൊ പറഞ്ഞു.

 

 

Latest News